കൊച്ചി: ബഹിഷ്‌കരണ തീരുമാനത്തെ തുടർന്നുണ്ടായ തർക്കങ്ങൾക്കും ചർച്ചകൾക്കുമൊടുവിൽ മൾട്ടിപ്ലക്‌സ് തിയറ്റർ ശൃംഖലയായ പിവിആർ ഐനോക്‌സിന്റെ തിയറ്ററുകളിൽ മലയാള സിനിമ പ്രദർശിപ്പിക്കും. ഓൺലൈൻ യോഗത്തിലാണ് തർക്കം പരിഹരിച്ചത്. സിനിമയുടെ പ്രൊജക്ഷൻ ചെയ്യുന്ന കണ്ടന്റ് മാസ്റ്ററിങ് യൂണിറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായുള്ള തർക്കം മൂലമായിരുന്നു പ്രദർശനം നിർത്തിവച്ചത്.

സിനിമ ചിത്രീകരണത്തിൽ ഫിലിമിന്റെ കാലം കഴിഞ്ഞ് ഡിജിറ്റലിലേക്ക് മാറിയതോടെ ക്യൂബ്, യുഎഫ്ഒ, പിഎക്‌സ്ഡി, ടിഎസ്ആർ തുടങ്ങിയ കമ്പനികളാണ് ഇപ്പോൾ തിയറ്ററുകളിൽ ഫിലിം പ്രൊജക്ഷൻ നടത്തുന്നത്. ഇതിനായി വെർച്വൽ പ്രിന്റ് ഫീ (വിപിഎഫ്) കമ്പനികൾ നിർമ്മാതാക്കളിൽ നിന്നും വിതരണക്കാരിൽ നിന്നും വാങ്ങുന്നുണ്ട്. കമ്പനികൾ ഈടാക്കുന്നത് വൻതുകയാണെന്നും കമ്പനികൾ നിർമ്മാതാക്കളെ പിഴിയുകയാണെന്നുമായിരുന്നു നിർമ്മാതാക്കളുടെ പരാതി.

സംവിധായകരുടെയും നിർമ്മാതാക്കളുടെയും പ്രതിനിധികളുമായി നടത്തിയ ഓൺലൈൻ യോഗത്തിലാണ് തർക്കങ്ങൾക്ക് പരിഹാരമായത്. പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

ഏപ്രിൽ 11ന് ആയിരുന്നു പിവിആർ മലയാള സിനിമകൾ പ്രദർശിപ്പിക്കില്ലെന്ന് അറിയിച്ചത്. അന്നേദിവസം റിലീസ് ചെയ്ത ജയ് ഗണേശ്, ആവേശം, വർഷങ്ങൾ ശേഷം തുടങ്ങിയ സിനിമകൾ പ്രദർശിപ്പിക്കില്ലെന്നും ഇവർ അറിയിച്ചിരുന്നു. ഡിജിറ്റൽ കണ്ടന്റ് സംവിധാനം വഴി മലയാളി നിർമ്മാതാക്കൾ മാസ്റ്ററിങ് യൂണിറ്റ് തുടങ്ങിയതാണ് പിവിആറിനെ ചൊടിപ്പിച്ചത്.

അതേസമയം, പിവിആർ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദർശനം നിർത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നൽകാതെ മലയാള സിനിമ പിവിആറിന് നൽകില്ലെന്നും ഫെഫ്ക തീരുമാനം എടുത്തിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്‌ക്രീനുകളിലേക്ക് വ്യാപിപ്പിക്കുമെന്നും പിവിആറിന്റെ നീക്കം പുതിയ സിനിമകൾക്ക് വലിയ തിരിച്ചടി ആയിരിക്കുക ആണെന്നും ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു.

പിവിആറിന്റെ ബഹിഷ്‌കരണ തീരുമാനത്തിൽ വൻ നഷ്ടമാണ് മലയാള സിനിമയ്ക്ക് വിഷു സീസണിൽ ഉണ്ടായിരിക്കുന്നത്. കേരളത്തിന് പുറത്ത് മലയാള സിനിമകൾ ഏറ്റവുമധികം റിലീസ് ചെയ്തിരുന്ന മൾട്ടിപ്ലെക്‌സ് ശൃംഖല ആയിരുന്നു പിവിആർ. സമീപകാലത്ത് ഇതരഭാഷകളിൽ അടക്കം വൻ ഹിറ്റായി മാറിയ മഞ്ഞുമ്മൽ ബോയ്‌സ്, പ്രേമലു തുടങ്ങിയ സിനിമകൾ പ്രദർശിപ്പിച്ചത് ഈ മൾട്ടിപ്ലസ് ശൃംഖലയിൽ ആയിരുന്നു. പിന്നാലെ വന്ന ജയ് ഗണേശ്, ആവേശം, വർഷങ്ങൾ ശേഷം തുടങ്ങിയ സിനിമകൾ മികച്ച പ്രതികരണവും ലഭിച്ചു. എന്നാൽ പിവിആർ ബഹിഷ്‌കരിച്ചതോടെ മലയാള സിനിമകൾക്ക് കനത്ത തിരിച്ചടിയാണ് ഈ രണ്ട് ദിവസത്തിൽ നേരിടേണ്ടി വന്നത്.

തിയറ്ററുകളിലെ ഡിജിറ്റൽ പ്രൊജക്ഷൻ സംവിധാനവുമായി ബന്ധപ്പെട്ട് ഏറെക്കാലമായി പുകഞ്ഞിരുന്ന അഭിപ്രായവ്യത്യാസമാണ് കഴിഞ്ഞ ദിവസം വലിയ തർക്കത്തിലേക്കും പിവിആറിന്റെ മലയാള സിനിമാ ബഹിഷ്‌കരണത്തിലേക്കും നീങ്ങിയത്. കേരളത്തിന് പുറത്ത് മലയാള സിനിമകൾ ഏറ്റവുമധികം റിലീസ് ചെയ്യപ്പെട്ടിരുന്ന മൾട്ടിപ്ലെക്‌സ് ശൃംഖല പിവിആർ ആണ്. സമീപകാല മലയാളം ഹിറ്റുകളായ മഞ്ഞുമ്മൽ ബോയ്‌സും പ്രേമലുവുമടക്കം ചെന്നൈയിലും ബംഗളൂരുവിലും ഹൈദരാബാദിലുമൊക്കെ ഏറ്റവുമധികം പേർ കണ്ടതും ഈ മൾട്ടിപ്ലെക്‌സിലൂടെത്തന്നെ. ബിസിനസ് ഏറ്റവും സജീവമായ സീസണിൽ ഇത്തരത്തിൽ ഒരു അപ്രതീക്ഷിത ബഹിഷ്‌കരണം വന്നത് മലയാള സിനിമകൾക്ക് കനത്ത തിരിച്ചടിയായിരുന്നു.

കേരളത്തിന് പുറത്ത് മലയാളികൾക്ക് പുറമെ മറുഭാഷാ പ്രേക്ഷകരും മലയാള സിനിമകൾ കാണാനെത്തുന്നത് സമീപകാല ട്രെൻഡ് ആണ്. മഞ്ഞുമ്മൽ ബോയ്‌സും പ്രേമലുവുമാണ് അടുത്തിടെ അതിന് തുടക്കമിട്ടത്. പിന്നാലെയെത്തിയ ആടുജീവിതത്തിനും അത്തരത്തിൽ സ്വീകാര്യത ലഭിച്ചിരുന്നു. വിശേഷിച്ച് തമിഴ്‌നാട്ടിൽ. എന്നാൽ പിവിആറിന്റെ ബഹിഷ്‌കരണം ആടുജീവിതത്തെ ഒട്ടൊന്നുമല്ല ബാധിച്ചത്. ഈദ് ദിവസം ഹൗസ്ഫുൾ ആയി ഓടിയ സ്‌ക്രീനുകളിൽ നിന്ന് 11-ാം തീയതി പൊടുന്നനെ ചിത്രം പിൻവലിക്കപ്പെട്ടു. ദിവസം ഒന്നര കോടിയിലേറെ നഷ്ടം ഇതുകൊണ്ട് സംഭവിച്ചുവെന്നാണ് വിലയിരുത്തൽ.

11-ാം തീയതി എത്തിയ വിഷു റിലീസുകളുടെ ഓപണിങ് കളക്ഷനിലും പിവിആറിന്റെ ബഹിഷ്‌കരണം സ്വാധീനം ചെലുത്തിയിട്ടുണ്ട്. ആവേശം ഹൈദരാബാദിലും ആവേശവും വർഷങ്ങൾക്ക് ശേഷവും ചെന്നൈയിലും ബംഗളൂരുവിലും കാര്യമായി കാണികളെ നേടുന്നുണ്ട്. എന്നാൽ പിവിആർ ബഹിഷ്‌കരിച്ചിരിക്കുന്നതിനാൽ സാധാരണ മലയാളം ചിത്രങ്ങൾക്ക് ലഭിക്കുന്ന സ്‌ക്രീനുകൾ ഇവയ്ക്കില്ല.

ആടുജീവിതം അടക്കം പിൻവലിച്ച സിനിമകൾക്ക് നഷ്ടപരിഹാരം നൽകാതെ ഭാവിയിൽ പിവിആറിൽ മലയാള സിനിമകൾ പ്രദർശനത്തിന് നൽകില്ലെന്ന നിലപാടിലാണ് ഫെഫ്ക. കൊച്ചി മരടിലെ ഫോറം മാളിൽ കഴിഞ്ഞ ദിവസം പിവിആറിന്റെ 9 സ്‌ക്രീനുകൾ അടങ്ങിയ മൾട്ടിപ്ലെക്‌സ് തുറന്നതോടെയാണ് രഹസ്യമായി നീറിപ്പുകഞ്ഞിരുന്ന തർക്കം പരസ്യമായത്. തിയറ്ററുകളിലെ ഡിജിറ്റൽ പ്രൊജക്ഷനായി യുഎഫ്ഒ, ക്യൂബ് അടക്കമുള്ള ഏജൻസികളെയാണ് രാജ്യമെങ്ങും ആശ്രയിക്കുന്നത്.

എന്നാൽ ഇതിനുള്ള ചെലവ് ഏറിയതോടെയാണ് മലയാള സിനിമാ നിർമ്മാതാക്കൾ സ്വന്തം സംവിധാനം തുടങ്ങിയത്. ചെലവ് ഏറെ കുറയും എന്നതായിരുന്നു ആശ്വാസം. എന്നാൽ യുഎഫ്ഒ, ക്യൂബ് വഴിയാണ് ഫോറം മാളിലെ പ്രദർശനമെന്നും നിർമ്മാതാക്കൾ തുടങ്ങിയ പിഡിസി എന്ന കോണ്ടന്റ് മാസ്റ്ററിങ് യൂണിറ്റ് പറ്റില്ലെന്നും പിവിആർ നിലപാടെടുത്തു. ഇതിന് നിർമ്മാതാക്കൾ വഴങ്ങാതെ വന്നതോടെയാണ് രാജ്യത്തെ മുഴുവൻ പിവിആർ സ്‌ക്രീനുകളിൽ നിന്നും മലയാള സിനിമകൾ പിൻവലിച്ചത്.