തിരുവനന്തപുരം: യാത്രയ്ക്കിടെ അപമര്യാദയായി പെരുമാറിയെന്ന തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്റെ പരാതിയിൽ കെഎസ്ആർടിസി ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലീസ്. തമ്പാനൂർ ഡിപ്പോയിലെ ഡ്രൈവർ എൽ എച്ച് യദുവിനെതിരെയാണ് കന്റോൺമെന്റ് പൊലീസ് കേസെടുത്തത്. ഡ്രൈവർ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയിലാണ് പൊലീസിന്റെ നടപടി. അതേസമയം, കാർ ബസിന് കുറുകെയിട്ട് ട്രിപ്പ് മുടക്കിയെന്ന് മേയർക്കെതിരെയുള്ള പരാതിയിൽ കേസെടുത്തിട്ടില്ല.

കെഎസ്ആർടിസി ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്‌നത്തിന് തുടക്കമെന്ന് മേയർ ആര്യ രാജേന്ദ്രൻ ആരോപിച്ചു. സൈഡ് തന്നില്ല എന്നതല്ല പ്രശ്‌നം. ഡ്രൈവറുടെ മോശം പെരുമാറ്റമാണ് ചോദ്യം ചെയ്തത്. മേയർ എന്ന അധികാരം ഒന്നും ഉപയോഗിച്ചില്ലെന്നും ഡൈവർ രാത്രി വിളിച്ച് ക്ഷമ ചോദിച്ചെന്നും ആര്യ രാജേന്ദ്രൻ പ്രതികരിച്ചു. കെഎസ്ആർടിസി ഡ്രൈവർക്കെതിരെ നിയമ നടപടി തുടരുമെന്ന് മേയർ കൂട്ടിച്ചേർത്തു.

അതേസമയം, മേയറും സംഘവുമാണ് മോശമായി പെരുമാറിയതെന്നും ഇടത് വശം ചേർന്ന് ഓവർടേക്ക് ചെയ്തത് മേയർ സഞ്ചരിച്ച കാറാണെന്നും കെഎസ്ആർടിസി ഡ്രൈവർ യദു പറഞ്ഞു. മേയറും എംഎൽഎയുമാണെന്ന് അറിയില്ലായിരുന്നുവെന്നും യദു കൂട്ടിച്ചേർത്തു.

ഡൈവ്രർ എൽ.എച്ച്.യദുവിനെതിരെ ഗതാഗതമന്ത്രി കെ.ബി.ഗണേശ് കുമാറിനു സച്ചിൻദേവ് എംഎൽഎ നാളെ നേരിട്ട് പരാതി നൽകും. സംഭവം നടന്ന പട്ടത്തിനും പാളയത്തിനും ഇടയിലെ മുഴുവൻ സിസിടിവി ദൃശ്യങ്ങളും ലഭ്യമാക്കാൻ ആര്യ രാജേന്ദ്രൻ സ്മാർട്ട് സിറ്റിയോട് ആവശ്യപ്പെട്ടു. ബസ് സൈഡ് കൊടുക്കാത്തതല്ല വിഷയമല്ലെന്നും സ്ത്രീകൾക്കെതിരായ അതിക്രമമാണ് ഡ്രൈവറുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും ആര്യ രാജേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.

"ഇന്നലെ എന്റെ കസിന്റെ കല്യാണമായിരുന്നു. ചടങ്ങുകളിൽ പങ്കെടുത്ത ശേഷം കുടുംബത്തോടൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. കെഎസ്ആർടിസി ബസ് ഞങ്ങൾ സഞ്ചരിച്ച കാറിൽ തട്ടാൻ വന്നു. ഞങ്ങൾ അത് വലിയ കാര്യമാക്കിയില്ല. പിന്നീട് ഞങ്ങളെ ഓവർടേക്ക് ചെയ്യാൻ സമ്മതിക്കാതെ ആയിരുന്നു ഡ്രൈവിങ്. ഒടുവിൽ കാർ ഓവർടേക്ക് ചെയ്യുന്ന സമയത്ത് ഞാനും എന്റെ സഹോദരന്റെ ഭാര്യയും ഡ്രൈവറെ സീറ്റിലേക്ക് നോക്കി. ഞങ്ങളെ നോക്കി ഡ്രൈവർ കണ്ണിറുക്കി കാണിച്ചു. അതിനുശേഷം കൈയും നാവും ഉപയോഗിച്ചുള്ള ഒരു ലൈംഗിക ചേഷ്ട ഇയാൾ ഞങ്ങളോട് കാണിച്ചു. ഒടുവിൽ പാളയം സാഫല്യം കോംപ്ലക്‌സിനു മുന്നിൽ വച്ച് വണ്ടി തടഞ്ഞുനിർത്തി ഞങ്ങൾ ഇതിനെയാണ് ചോദ്യം ചെയ്തത്.

എന്നാൽ വളരെ മോശമായാണ് എന്റെ സഹോദരനോട് ഉൾപ്പെടെ ഡ്രൈവർ സംസാരിച്ചത്. അവിടെ കൂടിയവരോട് ചോദിച്ചാൽ കാര്യങ്ങളറിയാം. ഡ്രൈവറോട് ഇങ്ങനെ തട്ടിക്കയറാതെ സംസാരിക്കൂവെന്ന് അവർ പലതവണ പറയുന്നുണ്ടായിരുന്നു. ഇയാൾ വീണ്ടും അപമര്യാദയായി പെരുമാറുന്നത് കണ്ട് ഞാൻ ഗതാഗത മന്ത്രിയെ വിളിച്ചു. അദ്ദേഹത്തിന്റെ നിർദേശപ്രകാരം വിജിലൻസ് ടീം സംഭവസ്ഥലത്തെത്തി. കന്റോൺമെന്റ് പൊലീസും അവിടെയെത്തി. രാത്രിയോടെ ഇയാൾ എന്നെ വിളിച്ച് തന്റെ ഭാഗത്തുണ്ടായ തെറ്റാണെന്നും ക്ഷമ ചോദിക്കുന്നുവെന്നും പറഞ്ഞു. ആ ക്ഷമ സ്വീകരിക്കാൻ എനിക്കാകില്ല സഹോദരാ എന്നു ഞാൻ പറഞ്ഞു. ഞങ്ങൾ കേസുമായി മുന്നോട്ടുപോകുമെന്നും അയാളോട് പറഞ്ഞു. എല്ലാ സ്ത്രീകൾക്കും വേണ്ടിയാണ് ഞാൻ കേസുമായി മുന്നോട്ടുപോകുന്നത്. ഞാനും എന്റെ സഹോദരന്റെ ഭാര്യയും അത്രയ്ക്ക് അപമാനം നേരിട്ടു." ആര്യ രാജേന്ദ്രൻ പറഞ്ഞു.

അതേസമയം, സംഭവത്തിൽ വിശദീകരണവുമായി കെഎസ്ആർടിസി ഡ്രൈവർ യദു രംഗത്തെത്തി. മേയറും സംഘവുമാണ് മോശമായി പെരുമാറിയത്. ഇടതുവശം ചേർന്ന് ഓവർടേക്ക് ചെയ്തത് മേയർ സഞ്ചരിച്ച കാറാണ്. മേയറും എംഎൽഎയുമാണെന്ന് അറിയാതെയാണ് താൻ സംസാരിച്ചത്. സർവീസ് തടസപ്പെടുത്തിയതിനും മോശമായി പെരുമാറിയതിനും പരാതി കൊടുത്തിട്ടുണ്ട്. പരാതിയുമായി മുന്നോട്ട് പോകുമെന്നും യദു പ്രതികരിച്ചു.

പാളയത്തുവെച്ച് മേയർ കാർ കുറുകെ കൊണ്ടിട്ടു. അവർതന്നെ വന്ന് ഡോർ വലിച്ച് തുറന്നു വളരെ മോശമായാണ് പ്രതികരിച്ചത്. ഇതിനിടെ, സച്ചിൻ ദേവ് എംഎ‍ൽഎ ബസ്സിനുള്ളിൽ കയറി വാഹനം എടുക്കാനാകില്ലെന്ന് പറഞ്ഞു. ബസ് മുന്നോട്ടെടുത്താൽ അത് വേറെ വിഷയമാകുമെന്ന് പറഞ്ഞു. ഡ്യൂട്ടി സമയത്താണ് തന്റെയടുത്ത് മോശമായി സംസാരിച്ചത്. മേയറാണെന്ന് അറിയാതെയാണ് ആര്യയുമായി തർക്കിച്ചത്. അവർ ഇടതുവശത്തുകൂടെ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചു. സ്ഥലം ഇല്ലാത്തതുകൊണ്ടാണ് കടത്തി വിടാതിരുന്നത്. പി.എം.ജിയിലെ വൺവേയിൽ അവർക്ക് ഓർടേക്ക് ചെയ്യാൻ സ്ഥലം നൽകാൻ സാധിക്കില്ലായിരുന്നു. സുപ്പർഫാസ്റ്റ് ബസ്സായതിനാൽ വേഗത്തിൽ തന്നെയായിരുന്നു. എന്നാൽ, അവരെ ഇടിച്ചുതെറിപ്പിച്ച പോലെയാണ് ഇവർ പറയുന്നത്. താൻ പരാതി നൽകിയിട്ടുണ്ടെങ്കിലും നിയമനടപടിയൊന്നുമെടുത്തില്ല. രസീത് പോലും നൽകിയില്ല. പരാതിയുമായി മുന്നോട്ട് പോകാൻതന്നെയാണ് തീരുമാനമെന്നും യദു കൂട്ടിച്ചേർത്തു.

യദു പറയുന്നത് ഇങ്ങനെ "തൃശൂർ - ആലപ്പുഴ - തിരുവനന്തപുരം ബസാണ്. പട്ടം എത്തിയപ്പോഴായിരുന്നു സംഭവങ്ങളുടെ തുടക്കം. രണ്ട് വാഹനങ്ങൾക്ക് ഓവർടേക്ക് ചെയ്തുപോകാൻ സ്ഥലം കൊടുത്ത ശേഷം മൂന്നാമതായിരുന്നു മേയർ സഞ്ചരിച്ച വാഹനമെത്തിയത്. പ്ലാമൂടിനും പിഎംജിക്കും ഇടയിൽ വൺവേയിൽ വച്ചായിരുന്നു മേയറുടെ വാഹനം ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചത്. അവിടെ ബസ് ഒതുങ്ങി കൊടുക്കാൻ സ്ഥലമില്ല. എന്നിട്ടും ഇടതുവശത്തു കൂടി വാഹനം ഓവർടേക്ക് ചെയ്ത് മുന്നിൽകയറി. തുടർന്ന് പാളയം സാഫല്യം കോംപ്ക്ലസിന് സമീപത്ത് വച്ച് കാർ കുറുകെയിട്ടാണ് ബസ് തടഞ്ഞുനിർത്തിയത്.

ഉടനെ കാറിൽ നിന്നും ഒരു യുവാവ് ചാടിയിറങ്ങി. തന്റെ അച്ഛന്റെ വകയാണോ റോഡെന്ന് ചോദിച്ചുകൊണ്ട് ആക്രോശിച്ചു. മോശമായി സംസാരിച്ചപ്പോഴാണ് ഞാനും തിരിച്ചുപറഞ്ഞത്. അപ്പോഴും മേയറാണെന്ന് അറിയില്ലായിരുന്നു. മേയറോട് ഒന്നും പറഞ്ഞില്ല. നിനക്ക് എന്നെ അറിയില്ലേ കൊച്ചുകുട്ടികൾക്ക് വരെ എന്നെ അറിയാമല്ലോ എന്നാണ് മേയർ ചോദിച്ചത്. എല്ലാ സിസിടിവി ദൃശ്യങ്ങളും എടുത്ത് പരിശോധിക്കട്ടെ. എന്റെ ഭാഗത്ത് തെറ്റുണ്ടെന്ന് കണ്ടെത്തിയാൽ നടപടിയെടുക്കട്ടെ. അല്ലാതെ ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. ഏതറ്റം വരെയും പോകും. അധികകാലം ജോലി ചെയ്യില്ലെന്നും നിനക്കുള്ള പണി തരുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. ഇനി നാളെയാണ് ഡ്യൂട്ടിയിൽ കയറേണ്ടത്. ജോലി ഇനി ഉണ്ടാകുമോയെന്ന് യാതൊരു ഉറപ്പുമില്ല." യദു പറയുന്നു.