- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സജനയുടെ ചേതനയറ്റ ശരീരം കണ്ട് തേങ്ങിക്കരഞ്ഞ് അശോകന്റെ ഹൃദയം
കണ്ണൂർ: സജനയുടെ ചിതയ്ക്ക് തീ കൊളുത്തുമ്പോൾ അശോകന്റെ ഹൃദയം വല്ലാതെ തേങ്ങുന്നുണ്ടായിരുന്നു. സ്വന്തം അമ്മ മരിച്ചു പോയതിന്റെ വിഷമം ആയിരുന്നു ആ നെഞ്ച് മുഴുവനും. പത്തനംതിട്ട സ്വദേശി അശോകന്റെ 'ഹൃദയത്തിലിരുന്നാണ്' വിഷ്ണുവിന്റെ ഹൃദയമിടിച്ചത്. ആ ഹൃദയം അശോകിന്റെ കൈകളിലെ തീനാളത്തോടു പറഞ്ഞിട്ടുണ്ടാവും; എന്റെ അമ്മ പോയി എന്ന്... മകന്റെ ഹൃദയം സ്വീകരിച്ചയാൾ അമ്മയുടെ ചിതയ്ക്കു തീകൊളുത്തിയ ആ നിമിഷം കണ്ടുനിന്നവരുടെയും ഉള്ളൊന്നുലഞ്ഞു.
ബൈക്ക് അപാകത്തിൽ മരിച്ച സജനയുടെ ഒരേ ഒരു മകൻ വിഷ്ണുവിന്റെ ഹൃദയമാണ് അശോകിന്റെയുള്ളിൽ മിടിക്കുന്നത്. കഴിഞ്ഞവർഷം കോഴിക്കോട്ട് ഉണ്ടായ ബൈക്കപകടത്തിലാണ് പരുക്കേറ്റ് ചികിത്സയിലിരുന്ന വിഷ്ണു മരിച്ചത്. വിഷ്ണുവിനായി നാട്ടുകാർ ചികിത്സാസഹായ സമിതി രൂപീകരിച്ച സമയത്താണു മസ്തിഷ്‌കമരണം സ്ഥിരീകരിക്കുന്നത്. ആ സമയത്താണ് ആശുപത്രി അധികൃതർ അവയവ ദാനത്തെ കുറിച്ച് വിഷ്ണുവിന്റെ വീട്ടുകാരെ അറിയിക്കുന്നത്.
അതോടെ മകന്റെ അവയവങ്ങൾ ദാനം ചെയ്യാൻ അച്ഛൻ കണ്ണൂർ പൂപ്പറമ്പ് പൂവേൻവീട്ടിൽ ഷാജിയും അമ്മ സജനയും സഹോദരി നന്ദനയും തീരുമാനിച്ചു. വേദനയുടെയും വേർപാടിന്റെയും വിങ്ങൽ കാൻസർ രോഗിയായ സജനയ്ക്ക് നന്നായി അറിയാമായിരുന്നു. അവയവങ്ങൾ സ്വീകരിക്കുന്നവരിലൂടെ മകനെ കാണാമല്ലോ എന്നവർ ആശ്വസിച്ചു. സർക്കാരിന്റെ മൃതസഞ്ജീവനി പദ്ധതി വഴി, സൗജന്യമായി വിഷ്ണുവിന്റെ വൃക്കകളും ഹൃദയവും കരളും ദാനം ചെയ്തു. ഒരൊറ്റ നിബന്ധന മാത്രം വച്ചു സ്വീകർത്താക്കളെ നേരിൽ കാണണം.
വിഷ്ണുവിന്റെ ഹൃദയം സ്വീകരിച്ച പത്തനംതിട്ട കുറുങ്ങഴ ചാലുങ്കാൽ വീട്ടിൽ അശോക് വി.നായർ (44) അന്നാണ് സജനയെ (48) ആദ്യമായി കാണുന്നത്. പിന്നീട് അശോക് ഇടയ്ക്കിടെ സജനയെ കാണാനെത്തി; വേദനകളിൽ കൂട്ടിരുന്നു. വിഷ്ണുവിന്റെ കഥകൾ കേട്ടു. അങ്ങനെ, ഹൃദയംകൊണ്ട് അശോക് സജനയുടെ മകനായി. കാൻസർ ചികിത്സയ്ക്കിടെ കഴിഞ്ഞ ദിവസം സജനയുടെ ഹൃദയമിടിപ്പു നിലച്ചപ്പോൾ അശോക് ഓടിയെത്തി. ഷാജിയുടെ അഭ്യർത്ഥനപ്രകാരം അന്ത്യകർമം ചെയ്തു.