തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് റെഡ് അലർട്ട്. കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും ശനിയാഴ്ച രാവിലെ 2.30 മുതൽ ഞായറാഴ്ച രാത്രി 11.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ച സാഹചര്യത്തിലാണ് ഇത്. ഗുരുതര സാഹചര്യം ഉണ്ടായേക്കാമെന്നാണ് മുന്നറിയിപ്പ്.

കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കണം. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.

സമീപദിവസങ്ങളിലായി കേരളം തീരം ഭീതിയോടെ കേൾക്കുന്ന പേരാണ് കള്ളക്കടൽ പ്രതിഭാസം. അടുത്തിടെ ആലപ്പുഴ, തൃശൂർ, തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉണ്ടായ കലാക്രമണത്തിനെല്ലാം കാരണം കള്ളക്കടൽ പ്രതിഭാസമായിരുന്നു. സമുദ്രത്തിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഒരു വേലിയേറ്റമാണ് കള്ളക്കടൽ പ്രതിഭാസം. അപ്രതീക്ഷിതമെന്നുകൊണ്ട് ഉദ്ദേശിക്കുന്നത് സാധാരണ വേലിയേറ്റത്തിന് കാരണമാകുന്ന പ്രതിഭാസങ്ങൾ അല്ലാതെ മറ്റുചില കാരണങ്ങൾ കൊണ്ടുണ്ടാകുന്നത് എന്നാണ്. സാധാരണ വേലിയേറ്റമുണ്ടാകുന്നത് കാറ്റിന് അനുസരിച്ചോ സൂര്യന്റെയും ചന്ദ്രന്റെയും ഗുരുത്വാകർഷണ ഫലമായോ ആണ്. അങ്ങനെ അല്ലാതെ ഉണ്ടാകുന്ന വേലിയേറ്റമാണ് കള്ളക്കടൽ പ്രതിഭാസം.

അവിചാരിതമായോ അപ്രതീക്ഷിതമായോ ഉണ്ടാകുന്ന ഈ തിരമാലകൾ സാധാരണ വേലിയേറ്റത്തെക്കാൾ നാശനഷ്ടങ്ങൾ സൃഷ്ടിച്ചേക്കാം. ലക്ഷണങ്ങൾ ഒന്നുമില്ലാതെയാണ് ഇത്തരം തിരമാലകൾ ആഞ്ഞടിക്കുന്നത്. സുനാമിയുമായി ഏറെ സാമ്യം ഉണ്ട് കള്ളക്കടൽ പ്രതിഭാസത്തിന്. സമുദ്രോപരിതലത്തിലെ കാലാവസ്ഥാ മാറ്റങ്ങളെ തുടർന്നാണ് ശക്തമായ തിരമാലകളുണ്ടാവുന്നത്. സുനാമിയുടെ സമയത്ത് ഉണ്ടാകുന്നതുപോലെ തന്നെ സമുദ്രം ഉള്ളിലേക്ക് വലിഞ്ഞ ശേഷം പിന്നീട് തീരത്തേക്ക് ആഞ്ഞടിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടാണ് കരുതൽ എടുക്കണമെന്ന് അധികാരികൾ നിർദ്ദേശിക്കുന്നത്.

കള്ളക്കടൽ പ്രതിഭാസത്തിൽ മഴയോ കാറ്റോ ഒന്നും ഇല്ലാതെ തന്നെ തിരകൾ ഉയർന്നുപൊങ്ങും. അപ്രതീക്ഷിതമായി തിരകൾ അടിച്ചുകയറി തീരത്തെ കവർന്നെടുക്കുന്നതിനാലാണ് തീരദേശവാസികൾ ഈ പ്രതിഭാസത്തെ കള്ളക്കടൽ എന്നുവിളിക്കുന്നത്. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ കഴിഞ്ഞ വർഷങ്ങളിലും കേരള തീരദേശത്തു കള്ളക്കടൽ പ്രതിഭാസം രൂപപ്പെട്ടിരുന്നു. സമുദ്രത്തിൽ ഉണ്ടാകുന്ന വിവിധ കാലാവസ്ഥ മാറ്റങ്ങളാണ് കള്ളക്കടൽ പ്രതിഭാസത്തിന് കാരണമായി പറയുന്നത്.