തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവർ യദുവുമായുണ്ടായ വാക്കുതർക്കത്തിനു പിന്നാലെ തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെതിരെ ഉയർന്ന അധിക്ഷേപ പരാമർശങ്ങൾ നടത്തിയ എല്ലാ പ്രൊഫൈലുകളും പ്രത്യേകം പരിശോധിച്ച് പരാതി നൽകിയെന്ന് സച്ചിൻ ദേവ് എംഎൽഎ. മറ്റു ചിലതിനെതിരെ ഗൗരവപൂർവ്വം നിയമനടപടി സ്വീകരിക്കാനുള്ള തീരുമാനവും എടുത്തിട്ടുണ്ടെന്നും സച്ചിൻ പറഞ്ഞു.

പതിവിലും വ്യത്യസ്തമായ രീതിയിലാണ് ഇത്തവണ കാര്യങ്ങളെ നോക്കി കണ്ടിട്ടുള്ളത്. ഞങ്ങൾക്കെതിരായി നവമാധ്യമങ്ങളിൽ ഉയർന്നുവരുന്ന ആക്ഷേപങ്ങളെയും അപകീർത്തികരമായ പരാമർശങ്ങളെയും നേരത്തെ ഒന്നും വേണ്ടത്ര മുഖവിലയ്ക്കെടുക്കാറില്ല. രാഷ്ട്രീയ പ്രശ്നങ്ങളിൽ ഉണ്ടാകുന്ന സ്വാഭാവിക വാദപ്രതിവാദങ്ങളുടെ വിവിധ നിലവാരത്തിലുള്ള ചർച്ചകളായി മാത്രമേ അവയെ ഇതുവരെ ഞങ്ങൾ കണ്ടിട്ടുള്ളൂ.

എന്നാൽ ഇത്തവണ, നവമാധ്യമങ്ങളിലൂടെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയ എല്ലാ പ്രൊഫൈലുകളും പ്രത്യേകം തന്നെ പരിശോധിച്ച് ഉന്നതമായ പൊലീസ് തലത്തിൽ തന്നെ പരാതി കൊടുത്തിട്ടുണ്ട്. മറ്റു ചിലതിനെതിരെ ഗൗരവപൂർവ്വം നിയമനടപടി സ്വീകരിക്കാനുള്ള തീരുമാനവും എടുത്തിട്ടുണ്ട്. ആര്യക്കെതിരായി അസഭ്യ സന്ദേശങ്ങളും കമന്റുകളും പരസ്യപ്പെടുത്തിയ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തതായും അറിഞ്ഞുവെന്നും സച്ചിൻ ദേവ് പറഞ്ഞു.

അതേ സമയം കെഎസ്ആർടിസി ഡ്രൈവർ യദുവുമായുണ്ടായ വാക്കുതർക്കത്തിനു പിന്നാലെ താൻ ബസിലെ യാത്രക്കാരോട് ഒരക്ഷരം സംസാരിച്ചിട്ടില്ലെന്ന് സച്ചിൻ ദേവ് വ്യക്തമാക്കി. ബസിന്റെ ഫുട്‌ബോർഡിൽ കയറിനിന്ന് കണ്ടക്ടറോടാണ് സംസാരിച്ചത്. തന്നെയും ആര്യയെയും പറ്റി പ്രചരിക്കുന്ന ചില വാർത്തകൾ വ്യാജമാണെന്നും സച്ചിൻ ദേവ് പറഞ്ഞു. സച്ചിൻ ബസിൽ കയറിയോ ഇല്ലയോ എന്നതു സംബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളിൽ വലിയതോതിലുള്ള ചർച്ചകൾ നടന്നിരുന്നു.

അപകടം വരുത്തിവയ്ക്കുന്ന രീതിയിൽ അതിവേഗത്തിലാണ് കെഎസ്ആർടിസി ബസിന്റെ ഡ്രൈവർ വാഹനം ഓടിച്ചിരുന്നത്. പിന്നെ ആര്യയ്ക്കും സഹോദരന്റെ ഭാര്യയ്ക്കുമെതിരെ അശ്ലീല ചേഷ്ടയും കാണിച്ചു. എന്നാൽ ഈ രണ്ട് വിഷയങ്ങളെയും അപ്പാടെ തമസ്‌കരിച്ചാണ് മാധ്യമങ്ങൾ വാർത്ത നൽകുന്നത്.

നിയമപരമായിത്തന്നെ നേരിടും. എന്നാൽ ചില മാധ്യമങ്ങൾ സാങ്കൽപിക കഥകൾ മെനയുന്നതിന്റെ തിരക്കിലാണ്. സത്യസന്ധമായ വാർത്തകൾ കാണാൻ കഴിയുന്നില്ല. വിശ്വാസ്യത തകർക്കുന്ന രീതിയാലണ് ഭൂരിപക്ഷം മാധ്യമങ്ങളും വാർത്തകൾ നൽകിക്കൊണ്ടിരിക്കുന്നത്.

ബസിന്റെ മുന്നിലത്തെ വാതിലിന്റെ ഭാഗത്തുള്ള ഫുട്‌ബോർഡിലാണ് താൻ കയറിയത്. അങ്ങനെയെങ്കിൽ ബസിൽ കയറിയെന്ന് പറയാം. അവിടെനിന്ന് താൻ കണ്ടക്ടറോട് സംസാരിക്കുകയായിരുന്നു. ആളുകളെ താൻ ഇറക്കിവിട്ടിട്ടില്ല. ഇറങ്ങിപ്പോകണമെന്ന് പറഞ്ഞിട്ടുമില്ല.

പാർട്ടിയിലൂടെ വളർന്നുവന്ന ഒരാളാണ് താൻ. മനുഷ്യസഹജമായി പ്രതികരിക്കാൻ എനിക്കറിയാം. എന്റെ അമ്മ, സഹോദരി, ഭാര്യ എന്നിവരോട് തനിക്ക് വൈകാരികമായ അടുപ്പമുണ്ട്. യാത്രക്കാരോട് താൻ മോശമായി സംസാരിച്ചിട്ടില്ല. ആത്മാഭിമാനം ഇല്ലാതാക്കി അധികാരത്തിനു വേണ്ടി പായുന്ന ഒരാളല്ല താൻ.

ആര്യയ്‌ക്കെതിരെ സംഘടിത ആക്രമണമാണ് നടക്കുന്നത്. ആര്യ ഭാഗമല്ലാത്ത വിഷയങ്ങളിലേക്ക് പോലും വലിച്ചിഴക്കുകയാണ്. വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലാണ് പല മാധ്യമങ്ങളും വാർത്തകൾ നൽകുന്നത്.

വ്യക്തിപരമായ വിഷമമല്ല വലുത്. പൊതുസമൂഹം ഈ ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കില്ല. സ്ത്രീകളെ മോശപ്പെടുത്തുന്നവരെ നാട് അംഗീകരിക്കില്ല. ചെറിയ കാലം മുതൽ ആര്യയും താനുമൊക്കെ വളർന്നതു പാർട്ടി വഴിയാണ്. ഒരുപാട് ആക്രമണങ്ങൾ ഇതിനിടെ നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഈ ആക്രമണങ്ങളിലൊന്നും എനിക്കോ ആര്യയ്‌ക്കോ ആവലാതിയില്ല.

തന്നെക്കാളും ആക്രമണങ്ങൾ നേരിടുന്നത് ആര്യയാണ്. ഞാൻ വളർന്നുവന്ന സാമൂഹിക പശ്ചാത്തലവുമായി ബന്ധപ്പെട്ട് ചില കേന്ദ്രങ്ങൾ ആക്ഷേപം നടത്താറുണ്ട്. ഒരു പ്രയാസവുമില്ല. ഒരടി പിന്നോട്ടു പോകില്ല. ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകുമെന്നും സച്ചിൻ ദേവ് പറഞ്ഞു.