- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യുവതി കൊലക്കുറ്റത്തിന് അറസ്റ്റിൽ; പീഡിപ്പിച്ച തൃശൂർ സ്വദേശി നിരീക്ഷണത്തിൽ
കൊച്ചി: കൊച്ചിയിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ യുവതിയെ പീഡനത്തിന് ഇരയാക്കിയ തൃശൂർ സ്വദേശിയായ നർത്തകനെതിരെ ബലാത്സംഗത്തിന് കേസെടുക്കാൻ പൊലീസിന് നിയമോപദേശം. തൃശ്ശൂർ സ്വദേശിയായ നർത്തകനിൽ നിന്നാണ് ഗർഭിണിയായതെന്നാണ് യുവതി പൊലീസിന് നൽകിയ മൊഴി. റോഡിലേക്ക് വലിച്ചെറിഞ്ഞ കുഞ്ഞിനെപ്പൊതിഞ്ഞിരുന്ന ആമസോൺ കവർ കേന്ദ്രീകരിച്ച നടത്തിയ അന്വേഷണമാണ് ഒടുവിൽ അഞ്ചാം നിലയിൽ താമസിക്കുന്ന യുവതിയെ കുടുക്കിയത്.
കുഞ്ഞിനെപ്പൊതിഞ്ഞ ആമസോൺ കവറിന്റെ ക്യൂ ആർ കോഡ് സ്‌കാൻ ചെയ്താണ് ഏതു ഫ്‌ളാറ്റാണെന്ന് തിരിച്ചറിഞ്ഞത്. പൊലീസെത്തുമ്പോഴെക്കും ക്ഷീണിതയായിരുന്ന യുവതി മാനസികമായി തളർന്ന നിലയിലായിരുന്നു. ആശുപത്രിയിൽ നിന്ന് യുവതി ഡിസ്ചാർജ് ആയതിന് ശേഷമാകും വിശദമായ മൊഴിയെടുക്കുക. ഫ്‌ളാറ്റിന്റെ മുകളിലുത്തെ നിലയിൽ നിന്നാണ് കുഞ്ഞിന്റെ ശരീരം റോഡിൽപ്പതിച്ചതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് തന്നെ പൊലീസിന് വ്യക്തമായിരുന്നു.
നവജാത ശിശുവിനെ കൊലപ്പെടുത്തിയതിനാണ് 23കാരിയായ യുവതിയെക്കെതിരെ പൊലീസ് കേസെടുത്തത്. എന്നാൽ അവിവാഹിതയായ യുവതി ആരിൽ നിന്ന് ഗർഭിണിയായി എന്നതിലായിരുന്നു പൊലീസിന്റെ തുടർ അന്വേഷണം. ഇൻസ്റ്റാംഗ്രാമിൽ റീലുകൾ ചെയ്തിരുന്ന യുവതി അങ്ങനെയാണ് തൃശൂർ സ്വദേശിയായ നർത്തകനുമായി പരിചയപ്പെട്ടത്. ഇയാളിൽ നിന്ന് ഗർഭിണിയായി എന്നും എന്നാൽ കുറേ മാസങ്ങളായി ഇയാളെക്കുറിച്ച് കാര്യമായ വിവരങ്ങളില്ലെന്നുമാണ് യുവതി പൊലീസിന് മൊഴി നൽകിയത്.
ഇതിനാലാണ് ബലാത്സംഗത്തിന് കേസെടുക്കാൻ പൊലീസിന് നിയമോപദേശം ലഭിച്ചത്. വർഷങ്ങളായി ഫ്‌ളാറ്റിൽ താമസിക്കുന്ന യുവതിയും മാതാപിതാക്കളെയും പുറത്തുകണ്ടിരുന്നെന്നും അസ്വാഭാവികമായി ഒന്നും തോന്നിയില്ലെന്നുമാണ് മറ്റ് താമസക്കാരും ഫ്‌ളാറ്റ് ജീവനക്കാരും പറയുന്നത്.
മരണകാരണം തലയോട്ടിക്കുണ്ടായ പരുക്ക്
നടുറോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നു. തലയോട്ടിക്കുണ്ടായ പരുക്കാണ് മരണകാരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കീഴ്താടിക്കും പരുക്കുണ്ട്. മുറിക്കുള്ളിൽ വച്ചാണോ റോഡിൽ വീണതിനെ തുടർന്നാണോ മരണകാരണമായ പരുക്ക് തലയോട്ടിക്കുണ്ടായതെന്ന് പൊലീസ് പരിശോധിക്കുകയാണ്. കുഞ്ഞിന്റെ ശരീരത്തിൽ സമ്മർദ്ദം ചെലുത്തിയെന്നും പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.
കുഞ്ഞ് ചാപിള്ളയായാണോ ജനിച്ചത്, അതോ ജനിച്ച ശേഷം കൊലപ്പെടുത്തിയതാണോ തുടങ്ങിയ കാര്യങ്ങൾ പോസ്റ്റ്‌മോർട്ടത്തിനു ശേഷമേ വ്യക്തമാകൂ. നഗരത്തിന്റെ ഹൃദയഭാഗത്തുണ്ടായ അസാധാരണ സംഭവത്തിന്റെ നടുക്കത്തിലാണ് കൊച്ചി നിവാസികൾ ഇപ്പോഴും.
കൊലക്കുറ്റം ചുമത്തി കേസെടുത്ത അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്നു രാവിലെ പ്രസവിച്ച യുവതിയെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.യുവതി ബലാത്സംഗത്തിന് ഇരയായതായി പൊലീസ് വ്യക്തമാക്കി. അതിജീവിത ഗർഭിണിയാണെന്നതും പ്രസവിച്ചതും മാതാപിതാക്കൾ അറിഞ്ഞിട്ടില്ല എന്നും പൊലീസ് വ്യക്തമാക്കി. യുവതിയെ പീഡിപ്പിച്ചെന്നു കരുതുന്ന ആളിനെ തിരിച്ചറിഞ്ഞെന്നും ഇയാൾ നിരീക്ഷണത്തിലാണെന്നും പൊലീസ് വൃത്തങ്ങൾ പറഞ്ഞു.
രാവിലെ 8.20 ഓടെയാണ് പനമ്പിള്ളി നഗറിലെ വിദ്യാനഗറിലുള്ള റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടത്. തുടർന്നു നടത്തിയ പരിശോധനയിലാണ് സമീപത്തെ ഫ്‌ളാറ്റിൽനിന്നാണ് മൃതദേഹം വലിച്ചെറിഞ്ഞതെന്ന് കണ്ടെത്തിയത്. പൊലീസ് ഫ്‌ളാറ്റിലെത്തി ചോദ്യം ചെയ്യുന്നതുവരെ തങ്ങളുടെ മകളാണ് ഇതു ചെയ്തത് എന്ന് മാതാപിതാക്കൾ അറിഞ്ഞിരുന്നില്ല. ഒരുമിച്ചിരുത്തിയുള്ള ചോദ്യം ചെയ്യലിലാണു പെൺകുട്ടി കാര്യങ്ങൾ വെളിപ്പെടുത്തിയത്. വല്ലാത്ത നടുക്കത്തിലാണു പെൺകുട്ടിയെന്നും കൂടുതൽ ചോദ്യം ചെയ്യലിനുശേഷമേ പൂർണമായ കാര്യങ്ങൾ വ്യക്തമാകൂ എന്നും പൊലീസ് വ്യക്തമാക്കി.
അന്വേഷണം തൃശൂർ സ്വദേശിയിലേക്ക്
നവജാത ശിശുവിന്റെ മൃതദേഹം റോഡിൽ കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റിലായ യുവതി ലൈംഗിക പീഡനത്തിനിരയായതായി വെളിപ്പെട്ട സാഹചര്യത്തിൽ പൊലീസ് ഈ കേസിലും അന്വേഷണം ഊർജിതമാക്കി. യുവതിയെ പീഡിപ്പിച്ചെന്നു കരുതുന്ന ആളിനെ തിരിച്ചറിഞ്ഞെന്നും ഇയാൾ നിരീക്ഷണത്തിലാണെന്നും പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.
രാവിലെ 8.20 ഓടെയാണ് പനമ്പിള്ളി നഗറിലെ വിദ്യാനഗറിലുള്ള റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടത്. സമീപവാസിയായ ജിതിൻ, ഷിപ്യാർഡിലെ സ്‌കൂളിൽ കുട്ടികളെ ഇറക്കിയ ശേഷം തിരികെ വരുമ്പോഴാണ് റോഡിൽ എന്തോ കിടക്കുന്നതു കണ്ടത്. ഒരു വാഹനം അവിടുത്തെ ഫ്‌ളാറ്റിൽനിന്നു പുറത്തേക്ക് പോയെന്നും അത് കടന്നു പോകാൻ തന്റെ വാഹനം ഒതുക്കിയപ്പോഴാണ് റോഡിൽ കുഞ്ഞും കുറിയർ പായ്ക്കറ്റും കിടക്കുന്നതു കണ്ടതെന്നും ജിതിൻ പറയുന്നു.
ഉടൻ പൊലീസിനെ വിളിച്ചു. എട്ടേമുക്കാലോടെ പൊലീസും മാധ്യമ പ്രവർത്തകരും സ്ഥലത്തെത്തി. പ്രഭാത നടപ്പുകാരും അത്യാവശ്യം ഗതാഗതത്തിരക്കുമുള്ള റോഡാണ് ഇത്. എന്നാൽ അവരാരും കുഞ്ഞിനെ കണ്ടിട്ടില്ല എന്നതുകൊണ്ട് എട്ടു മണിയോട് അടുപ്പിച്ചായിരിക്കാം സംഭവമെന്ന് പൊലീസ് കണക്കുകൂട്ടി. ഇതിനിടെ സ്ഥലത്തെ കൗൺസിലർമാരായ അഞ്ജനയും ആന്റണി പൈനുത്തറയും സ്ഥലത്തെത്തി. തുടർന്നാണ് സിസി ടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നത്. ഈ ദൃശ്യം ലഭിച്ചതാണ് കേസിൽ വേഗം തുമ്പുണ്ടാകാൻ കാരണം.
സിസിടിവി ദൃശ്യങ്ങൾ വഴിത്തിരിവായി
സമീപത്തുള്ള അപ്പാർട്ട്‌മെന്റിൽനിന്ന് അവിടെ പടർന്നു നിൽക്കുന്ന ചെടികൾക്കിടയിലൂടെ എന്തോ റോഡിലേക്കു വീഴുന്നതാണ് ദൃശ്യത്തിലുണ്ടായിരുന്നത്. 8.11 നായിരുന്നു ഇത്. ഇതോടെ അപ്പാർട്ട്‌മെന്റിലെ ഏതോ ഫ്‌ളാറ്റിൽ നിന്നാണ് കുഞ്ഞിനെ എറിഞ്ഞത് എന്നു സംശയമുയർന്നു. ഏഴു നിലകളുള്ള അപ്പാർട്ട്‌മെന്റിന്റെ, റോഡിലേക്കു തുറക്കുന്ന ഫ്‌ളാറ്റുകളിൽ പൊലീസ് പരിശോധന നടത്തി. എന്നാൽ കാര്യമായ തെളിവുകളൊന്നും ലഭ്യമായില്ല. ഇതിനിടെ, രാവിലെ അപ്പാർട്ട്‌മെന്റിൽനിന്ന് ഇറങ്ങിപ്പോയ വാഹനത്തെപ്പറ്റിയും അന്വേഷണം തുടങ്ങി. എംഎൽഎമാരായ ടി.ജെ.വിനോദ്, ഉമ തോമസ് തുടങ്ങിയവരും ഇതിനിടെ സ്ഥലത്തെത്തി. ഡിസിപി കെ.സുദർശന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പൊലീസും ഫൊറൻസിക് ടീമും ഇൻക്വസ്റ്റ് നടപടികൾ തുടരവേ. സിറ്റി പൊലീസ് കമ്മിഷണർ എസ്.ശ്യാംസുന്ദറും സ്ഥലത്തെത്തി.
വൈകാതെ ഒരു ഫ്‌ളാറ്റിലെ കുളിമുറിയിൽ രക്തത്തിന്റെ അവശിഷ്ടങ്ങൾ കണ്ടതായി വിവരം ലഭിച്ചു. പൊലീസ് കേസിൽ പ്രതിയെ കണ്ടെത്തിയെന്ന് ഇതോടെ വ്യക്തമായി. ഇതിനിടെ, യുവതിയുടെ ആരോഗ്യ നിലയിൽ ഉമ തോമസ് ആശങ്ക പ്രകടിപ്പിക്കുകയും വൈദ്യശുശ്രൂഷ നൽകുന്ന കാര്യം പൊലീസുമായി സംസാരിക്കുകയും ചെയ്തു. ഉച്ചയ്ക്ക് 12.50ന് കമ്മിഷണർ പുറത്തു വന്ന്, റോഡിൽ കുഞ്ഞ് വന്നു വീണ സ്ഥലം പരിശോധിച്ചു. ശേഷം മാധ്യമങ്ങളോട് കേസിനെക്കുറിച്ച് വ്യക്തമാക്കി.
23 വയസ്സുള്ള യുവതി പ്രസവിച്ച കുട്ടിയാണ് എന്നും പരിഭ്രാന്തിയും പേടിയും നടുക്കവും വിട്ടുമാറാത്ത അവർ തന്നെ കുഞ്ഞിനെ താഴേക്ക് എറിഞ്ഞെന്നു സമ്മതിച്ചെന്നും കമ്മിഷണർ പറഞ്ഞു. രാവിലെ അഞ്ചു മണിയോടെയാണ് പ്രസവിച്ചത്. മൂന്നു മണിക്കൂറോളം കഴിഞ്ഞാണ് കുഞ്ഞിനെ താഴേക്ക് എറിഞ്ഞത്. ഒപ്പം, ഈ കേസിലെ നിർണായകമായ ഒരു വിവരം കൂടി അദ്ദേഹം പങ്കുവച്ചു. യുവതി ലൈംഗികപീഡനത്തിന് ഇരയായിട്ടുണ്ട് എന്നാണ് പ്രാഥമിക നിഗമനമെന്നും അതിനാൽ അതിജീവിതയെക്കുറിച്ചുള്ള വിവരങ്ങൾ മാധ്യമങ്ങൾ പുറത്തു വിടരുത് എന്നും ഈ കേസിൽ അന്വേഷണം തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
അതിജീവിതയുടെ മാതാപിതാക്കൾക്ക് മകളുടെ അവസ്ഥയെക്കുറിച്ച് അറിവില്ലായിരുന്നു എന്നും കമ്മിഷണർ പറഞ്ഞു. കുട്ടി ചാപിള്ളയായാണോ ജനിച്ചത്, അതോ കൊലപ്പെടുത്തിയതാണോ തുടങ്ങിയ കാര്യങ്ങൾ പോസ്റ്റ്‌മോർട്ടത്തിനു ശേഷമേ വ്യക്തമാകൂ എന്നും അദ്ദേഹം പറഞ്ഞു. യുവതിയെ പിന്നീട് ജനറൽ ആശുപത്രിയിൽ എത്തിച്ച് പരിശോധനകൾ നടത്തി.
ആമസോൺ കുറിയറിന്റെ ഒരു പായ്ക്കറ്റിൽ പൊതിഞ്ഞാണ് കുഞ്ഞിനെ താഴേക്ക് എറിഞ്ഞത്. ഈ പായ്ക്കറ്റ് രക്തത്തിൽ മുങ്ങിയ അവസ്ഥയിലായിരുന്നു എങ്കിലും ഇതിലെ ബാർ കോഡ് സ്‌കാൻ ചെയ്‌തെടുക്കാൻ പൊലീസിന് സാധിച്ചതാണ് കേസിൽ വേഗം തുമ്പുണ്ടാക്കാൻ കഴിഞ്ഞത്. ഇതോടെ വീട്ടു വിലാസം കിട്ടിയ പൊലീസ് അവിടെ എത്തി. തുടർന്ന് നടന്ന ചോദ്യം ചെയ്യലിൽ അതിജീവിത കുറ്റം സമ്മതിക്കുകയായിരുന്നു. ഒരുമിച്ചിരുത്തിയുള്ള സംസാരത്തിലാണ് മാതാപിതാക്കളും ഇക്കാര്യം അറിഞ്ഞത് എന്ന് പൊലീസ് പറയുന്നു. അങ്ങേയറ്റം പരിഭ്രാന്തിയിലും പേടിയിലുമാണ് കുഞ്ഞിനെ പുറത്തേക്ക് എറിഞ്ഞത് എന്നും പൊലീസ് പറയുന്നു.