- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തന്നെ ഉപദ്രവിച്ചത് പ്രതാപനും വിൻസെന്റുമെന്ന് പത്മജ
തൃശൂർ: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ തൃശ്ശൂരിൽ വീഴ്ചയുണ്ടായെന്നും ചില നേതാക്കൾക്ക് പണത്തോട് ആർത്തിയാണെന്നും കെപിസിസി യോഗത്തിൽ കെ മുരളീധരൻ തുറന്നടിച്ചതിന് പിന്നാലെ കോൺഗ്രസ് നേതാക്കൾക്കെതിരെ സമാനമായ വിമർശനവുമായി ബിജെപി നേതാവ് പത്മജ വേണുഗോപാൽ.
തൃശൂരിൽ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് തന്നെ ഉപദ്രവിച്ചത് പ്രതാപനും വിൻസെന്റും തന്നെയാണെന്ന് പത്മജ തുറന്നുപറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പത്മജയുടെ പ്രതികരണം. തൃശ്ശൂരിലെ കോൺഗ്രസുകാരിൽ ചിലരുടെ സ്വഭാവം മുമ്പ് തന്നെ പറഞ്ഞിട്ടുള്ളതാണ്. അത് അവിടെ എത്തുമ്പോൾ മുരളിയേട്ടന് മനസ്സിലാകുമെന്നും പറഞ്ഞിരുന്നു. പ്രതാപനും വിൻസെന്റും പിന്നെ അവരുടെ ഒരു കോക്കസും. വേറെ ആര് വന്നാലും തൃശൂരിൽ അവർ സമ്മതിക്കില്ല, ശ്വാസം മുട്ടിച്ചു കളയുമെന്നും പത്മജ കുറ്റപ്പെടുത്തി. ജോസ് വെള്ളൂർ തന്നെ വല്ലാതെ ബുദ്ധിമുട്ടിച്ചിട്ടില്ലെന്നും സഹികെട്ടാണ് കോൺഗ്രസ് വിട്ടതെന്നും പത്മജ കൂട്ടിച്ചേർത്തു.
തൃശ്ശൂരിലെ മുതിർന്ന നേതാക്കളായ മുൻ എംപി ടി എൻ പ്രതാപനെയും ഡിസിസി അധ്യക്ഷൻ ജോസ് വെള്ളൂരിനെയും മുരളീധരൻ പേരെടുത്ത് പറഞ്ഞ് കെ പി സി സി യോഗത്തിൽ വിമർശിച്ചതിന് പിന്നാലെയാണ് പത്മജയും വിമർശനം ഉന്നയിച്ചത്. നേരത്തെ ഇരുവരുടേയും സാന്നിധ്യത്തിലായിരുന്നു കെപിസിസി യോഗത്തിൽ മുരളീധരൻ വിമർശനം ഉന്നയിച്ചത്. തെരഞ്ഞെടുപ്പ് ചെലവ് ഇരട്ടിയായി. ചില നേതാക്കൾക്ക് പണത്തോട് ആർത്തിയാണെന്നും തൃശ്ശൂരിലെ സ്ഥാനാർത്ഥിയായിരുന്ന മുരളീധരൻ കുറ്റപ്പെടുത്തിയിരുന്നു.
ടിഎൻ പ്രതാപനടക്കം തൃശ്ശൂരിൽ മുരളീധരന്റെ പ്രചാരണത്തെ മുന്നിൽ നിന്ന് നയിക്കുന്നതാണ് കണ്ടതെങ്കിലും അങ്ങനെയല്ലെന്നാണ് മുരളീധരന്റെ വിമർശനത്തിൽ നിന്നും വ്യക്തമാകുന്നത്. നേരത്തെ കോൺഗ്രസ് വിട്ട സഹോദരി പത്മജാ വേണുഗോപാൽ, ഉയർത്തിയ വിമർശനമാണ് തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ മുരളീധരനും ചൂണ്ടിക്കാണിക്കുന്നതെന്നത് ശ്രദ്ധേയമാണ്. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, കേരളത്തിന്റെ ചുമതലയുള്ള ദീപാദാസ് മുൻഷി, കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗങ്ങൾ അടക്കം പങ്കെടുത്ത യോഗത്തിലാണ് കെ മുരളീധരൻ വിമർശനമുന്നയിച്ചത്.
അതേ സമയം മുരളി മന്ദിരത്തിൽ തനിക്കും മുരളിയേട്ടനും അവകാശം ഉണ്ടെന്ന് പത്മജ തുറന്നു പറഞ്ഞു. ശരിക്ക് പറഞ്ഞാൽ അച്ഛൻ എനിക്കെന്ന് പറഞ്ഞ വീടാണത്. അവിടെ എന്നെ കാണാൻ ആര് വരണം എന്നു ഞാനല്ലേ പറയേണ്ടത്. ഞാൻ മുരളിയേട്ടനെ ബ്ലോക്ക് ചെയ്തിട്ടില്ല, ആരെയും ബ്ലോക്ക് ചെയ്തിട്ടില്ല.എന്നെ ഏട്ടൻ വിളിച്ചിട്ടില്ല. ബിജെപിയിലേക്ക് പോകുന്ന കാര്യം മുമ്പേ പറഞ്ഞില്ല എന്നത് സത്യമാണ്. ഏട്ടൻ ഡിഐസി പോയതും എൻസിപിയിൽ പോയതും ഒന്നും എന്നോട് ചർച്ച ചെയ്തല്ലല്ലോയെന്നും പത്മജ പറഞ്ഞു.
കഴിഞ്ഞ ദിവസം ഫേസ്‌ബുക്കിലും പത്മജ വിമർശനമുന്നയിച്ചിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടായെന്ന തൃശ്ശൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന കെ മുരളീധരന്റെ വിമർശനത്തിന് പിന്നാലെയാണ് ജില്ലയിലെ കോൺഗ്രസ് നേതാക്കൾക്കെതിരെ പത്മജ രംഗത്തെത്തിയത്. തൃശ്ശൂരിലെ കോൺഗ്രസ് നേതാക്കൾ കൂടെ നടന്ന് ചതിക്കുന്നവരാണെന്നാണ് പത്മജ ഫേസ്‌ബുക്കിൽ കുറിച്ചത്. ടിഎൻ പ്രതാപൻ, എംപി വിൻസന്റ് എന്നിവരുടെ പേര് പറഞ്ഞാണ് വിമർശനം.
"ഞാൻ പറഞ്ഞത് എങ്ങനെ ഇരിക്കുന്നു, കൂടെ നടന്ന് ചതിക്കുന്നവരാണ് തൃശ്ശൂരിലെ കോൺഗ്രസ് നേതാക്കളായ ടിഎൻ പ്രതാപൻ, എംപി വിൻസെന്റ് തുടങ്ങിയവർ. കാരണം ഇവർ സയാമീസ് ഇരട്ടകൾ ആണ്. ഇത്തരം ചതിയന്മാർക്കെതിരെ പാർട്ടിയിൽ പരാതി കൊടുത്താലോ? ആ പരാതി എന്തെന്ന് പോലും വായിക്കാതെ ചവിറ്റ് കൊട്ടയിൽ എറിയും. രമേശ് ചെന്നിത്തലയുടെ നോമിനി ആയി ഡൽഹിയിൽ പോയ, രമേശ് ചെന്നിത്തലയെ ചതിച്ച് കേരള മുഖ്യമന്ത്രിയാകാൻ കരുക്കൾ നീക്കുന്ന കേരളത്തിൽ നിന്നുള്ള അഖിലേന്ത്യ കോൺഗ്രസ് ഗ്രൂപ്പ് നേതാവിന്റെ(എന്റെ അച്ഛൻ ഏറ്റവും കൂടുതൽ സ്‌നേഹിച്ചതും, എന്റെ അച്ഛനെ ഏറ്റവും കൂടുതൽ ദ്രോഹിച്ചതും ആയ ആൾ) പിൻബലത്തിൽ ഇത്തരം ചതിയന്മാർക്ക് കൂടുതൽ സ്ഥാനങ്ങളും പാർട്ടിയിൽ ലഭിക്കും. അതാണ് കോൺഗ്രസ്"-പത്മജ ഫേസ്‌ബുക്കിൽ തുറന്നടിച്ചു.