തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ഡ്രൈവറുമായുള്ള തർക്കത്തിൽ മേയർ ആര്യാ രാജേന്ദ്രനും സച്ചിൻദേവ് എംഎ‍ൽഎയ്ക്കുമെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തുവെങ്കിലും തൽകാലം അറസ്റ്റ് ചെയ്യില്ല. കെ.എസ്.ആർ.ടി.സി ഡ്രൈവർ യദുവിന്റെ ഹർജിയിൽ കോടതി നിർദേശപ്രകാരമാണ് കേസെടുത്തത്. മേയർ അടക്കം അഞ്ച് പേർക്കെതിരേയാണ് കന്റോൺമെന്റ് പൊലീസ് കേസെടുത്തത്. ഈ സാഹചര്യത്തിൽ പ്രതികൾ മുൻകൂർ ജാമ്യം തേടിയേക്കും.

കോടതിയിൽ യദുവിന്റെ പരാതിയിൽ സൂചിപ്പിച്ചിട്ടുള്ള അതേ കാര്യങ്ങൾ തന്നെയാണ് എഫ്‌ഐആറിലുമുള്ളത്. ബസിലെ സിസിടിവി ക്യാമറയുടെ മെമ്മറി കാർഡ് പ്രതികൾ സ്വാധീനമുപയോഗിച്ച് നശിപ്പിച്ചുവെന്നും, സച്ചിൻ ദേവ് എംഎൽഎ ബസിൽ അതിക്രമിച്ച് കയറിയെന്നും എഫ്‌ഐആറിലുണ്ട്. എംഎൽഎ അസഭ്യവാക്കുകളുപയോഗിച്ചതായി എഫ്‌ഐആറിലുണ്ട്. കോടതിയിൽ നിന്ന് ലഭിച്ച പരാതിയിലെ ആരോപണങ്ങൾ അങ്ങനെ തന്നെ എഫ്‌ഐആറിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്. കോടതി നിർദ്ദേശ പ്രകാരമാണ് ഇത്.

തിങ്കളാഴ്ച യദുവിന്റെ ഹർജി പരിഗണിച്ച തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസെടുക്കാൻ കന്റോൺമെന്റ് പൊലീസിന് നിർദ്ദേശം നൽകിയത്. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി, അനധികൃതമായി തടങ്കലിൽവെച്ചു തുടങ്ങിയ ആരോപണങ്ങളാണ് ഡ്രൈവർ ഹർജിയിൽ ഉന്നയിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി നിർദേശപ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ മേയറേയും ഭർത്താവിനേയും പൊലീസിന് അറസ്റ്റു ചെയ്യേണ്ട സാഹചര്യമുണ്ട്.

നേരത്തേ ഗതാഗതം തടസ്സപ്പെടുത്തിയതിന് അഭിഭാഷകന്റെ ഹർജിയിൽ ജാമ്യംലഭിക്കുന്ന വകുപ്പ് ചുമത്തി മേയറും എംഎൽഎയും അടക്കമുള്ളവർക്കെതിരേ കേസെടുത്തിരുന്നു. അഭിഭാഷകൻ ബൈജു നോയൽ സമർപ്പിച്ച ഹർജിയിൽ കോടതിനിർദേശപ്രകാരം കന്റോൺമെന്റ് പൊലീസാണ് കേസെടുത്തത്. ബൈജുവിന്റെ മൊഴി കന്റോൺമെന്റ് പൊലീസ് രേഖപ്പെടുത്തും. കൂടുതൽ സാക്ഷികളെ കണ്ടെത്തി മൊഴിയെടുക്കാനും പൊലീസ് ശ്രമംതുടങ്ങി. സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച് സംഭവസ്ഥലത്തുണ്ടായിരുന്നവരെ കണ്ടെത്തിയും സാക്ഷിമൊഴി രേഖപ്പെടുത്തും.

അതേസമയം, മേയർ ആര്യാ രാജേന്ദ്രനുമായി തർക്കമുണ്ടായ ദിവസം കെ.എസ്.ആർ.ടി.സി. ഡ്രൈവർ യദു ഡ്രൈവിങ്ങിനിടയിൽ ഒരുമണിക്കൂറോളം മൊബൈലിൽ സംസാരിച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തൃശ്ശൂരിൽനിന്ന് സംഭവംനടന്ന പാളയത്ത് എത്തുന്നതുവരെ യദു പലപ്പോഴായി ഒരു മണിക്കൂറോളം ഫോൺ ഉപയോഗിച്ചിട്ടുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സിറ്റി പൊലീസ് കെ.എസ്.ആർ.ടി.സി.ക്ക് റിപ്പോർട്ട് നൽകി.

ഈ റിപ്പോർട്ട് പരിഗണിച്ച് യദുവിനെ സർവ്വീസിൽ നിന്നും പിരിച്ചു വിടും. ലൈസൻസ് റദ്ദാക്കാനും സാധ്യത ഏറെയാണ്.