വിമാനയാത്ര താങ്ങാനാകുന്ന നിലയിലെക്ക് വന്നതോടെ എല്ലാ വിഭാഗത്തിലും പെട്ടവർക്ക് ലോകം ചുറ്റി സഞ്ചരിക്കാൻ എളുപ്പമായി. അതോടൊപ്പം സാങ്കേതിക വിദ്യ കൂടി വളർന്നാതോടെ ലോകത്തിലെ അതി മനോഹര കാഴ്ചകൾ ഏതെല്ലാമെന്ന് കണ്ടെത്തലും കൂടുതൽ എളുപ്പമായി. എന്നാൽ, ലോകത്തിലെ ഓരോ രാജ്യത്തിനും തനത് പ്രകൃതി സൗന്ദര്യവും പൈതൃകവും ഉള്ളതിനാൽ ഏറ്റവും മനോഹരം ഏതെന്ന് തീരുമാനിക്കുക കാഠിന്യമേറിയ ഒരു പ്രവർത്തിയായി. അതീവ ക്ലേശകരമായ ഈ ദൗത്യം ഏറ്റെടുത്തിരിക്കുകയാണ് യാത്രാ ബുക്ക് ആയ റഫ് ഗൈഡ്‌സ്.

തങ്ങളുടെ വായനക്കാർക്കിടയിൽ നടത്തിയ അഭിപ്രായ സർവ്വേയിലൂടെ ലോകത്തെ ഏറ്റവും മനോഹരങ്ങളായ 20 രാജ്യങ്ങളുടെ ലിസ്റ്റാണ് അവർ തയ്യാറാക്കിയിരിക്കുന്നത്. അതിൽ ആറാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ബ്രിട്ടൻ.പതിനാറാം സ്ഥാനത്താണ് ഇന്ത്യയുള്ളത്.. ഇരുപത് അതിമനോഹര രാജ്യങ്ങളുടെ ലിസ്റ്റിൽ ഇരുപതാം സ്ഥാനത്ത് എത്തിയത് സാങ്കേതിക വിദ്യയിൽ ഏറെ മുന്നിലുള്ള, 125 മില്യൻ ജനങ്ങൾ വസിക്കുന്ന ജപ്പാനാണ്.

തൊട്ട് മുകളിലായി ഉള്ളത് ജനസംഖ്യ കുറഞ്ഞ സോൾവേനിയ ആണ്. പകൃതി സൗന്ദര്യത്തിന് പേരു കേട്ട സോൾവേനിയ ലിസ്റ്റിൽ പത്തൊമ്പതാം സ്ഥാനത്താണ് എത്തിയിരിക്കുന്നത്. വർത്തമാനകാല ഫുട്‌ബോൾ ഇതിഹാസമായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ജന്മനാടായ പോർച്ചുഗൽ അതിമനോഹരങ്ങളായ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഉള്ള രാജ്യം കൂടിയാണ്. പോർച്ചുഗൽ ലിസ്റ്റിൽ പതിനെട്ടാം സ്ഥാനത്തുണ്ട്. ഏഷ്യൻ രാജ്യമായ ഇന്തോനേഷ്യയാണ് ലിസ്റ്റിൽ പതിനേഴാമതുള്ളത്. സനൂർ ബീച്ചും നുസ പെനിഡ ദ്വീപുമെല്ലാം ഇന്തോനേഷ്യയ്ക്ക് ഏറെ വോട്ടുകൾ നേടിക്കൊടുത്തു.

അനശ്വര പ്രണയത്തിന്റെ സ്മാരകമായ വെള്ളക്കല്ലിൽ കൊത്തിയെടുത്ത കവിത എന്ന് സൗന്ദര്യാസ്വാദകർ വാഴ്‌ത്തുന്ന താജ്മഹലിന്റെ ഇടമായ ഇന്ത്യ ലിസ്റ്റിൽ പതിനാറാം സ്ഥാനത്താണ്. എന്നാൽ, താജ്മഹലിനൊപ്പമോ അതിനേക്കാൾ ഏറെയോ ആളുകളെ ആകർഷിക്കുന്നത് വൈവിധ്യമാർന്ന ഇന്ത്യൻ ഉത്സവങ്ങളുടെ ആവേശവും സൗന്ദര്യവും തന്നെയാണെന്ന് സർവ്വേ വ്യക്തമാക്കുന്നു. ക്രൊയേഷ്യയും അർജന്റീനയും പതിനഞ്ചും പതിനാലും സ്ഥാനങ്ങൾ കൈയടക്കിയ ലിസ്റ്റിൽ ഐസ്ലാൻഡ്, ചിലി, യു എസ് എ എന്നിവയാണ് പതിമൂന്നും പന്ത്രണ്ടും പതിനൊന്നും സ്ഥാനങ്ങളിൽ ഉള്ളത്.

ആദ്യ പത്തിൽ അവസാനത്തെ സ്ഥാനത്ത് കയറി കൂടിയത് സ്വർണ്ണഖനികളുടെ നാടായ ദക്ഷിണാഫ്രിക്കയാണ്. സോഡ്വാന ഉൾക്കടലും കലാഹരിയിലെ മരുഭൂമി ജീവിതവുമെല്ലാം യാത്രക്കാരെ ഏറെ ആകാർഷിക്കുന്നുണ്ട്. പ്രകൃതി ദത്ത പ്രതിഭാസം എന്നു തന്നെ വിളിക്കാവുന്ന നയാഗ്രാ വെള്ളച്ചാട്ടത്തിന്റെ കരുത്തിൽ കാനഡ ലിസ്റ്റിൽ ഒന്നാം സ്ഥാനം നേടിയപ്പോൾ, വെനീസും, ചരിത്രമുറങ്ങുന്ന റോമുമെല്ലാം ഇറ്റലിക്ക് രണ്ടാം സ്ഥാനം നേടിക്കൊടുത്തു.

ന്യൂസിലാൻഡ് ആണ് മൂന്നാം സ്ഥാനത്ത്. ഫ്രൻസ് അഞ്ചാം സ്ഥാനത്ത് എത്തിയപ്പോൾ ബ്രിട്ടൻ ആറാം സ്ഥാനം കൈയടക്കി.