കോഴിക്കോട് : കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 10 പേർക്ക് വെസ്റ്റ്നൈൽ ഫീവർ സ്ഥിരീകരിക്കുമ്പോൾ ജാഗ്രത ശക്തമാക്കാൻ ആരോഗ്യ വകുപ്പ്. ഇതിൽ 4 പേർ കോഴിക്കോട് ജില്ലക്കാരാണ്. 2 പേർ സ്വകാര്യ ആശുപത്രിയിൽ മരിച്ചിട്ടുണ്ട്. ക്യൂലക്‌സ് കൊതുകുകളാണ് രോഗം പരത്തുന്നത്. മനുഷ്യനിൽ നിന്ന് മനുഷ്യരിലേക്കു രോഗം പകരില്ല. ഇത് ഏറെ ആശ്വാസമാണ്. ഈ സാഹചര്യത്തിൽ കൊതുകു നശീകരണം അടക്കം സജീവമാക്കാനാണ് ആരോഗ്യ വകുപ്പ് തീരുമാനം. മഴക്കാലം വരും മുമ്പ് തന്നെ രോഗത്തെ പിടിച്ചു കെട്ടാനാണ് നീക്കം.

വൃക്ക മാറ്റിവച്ച ശേഷം തുടർ ചികിത്സയിൽ കഴിയുന്ന ഒരാളുടെ മരണം ഈ രോഗം മൂലമാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. രോഗം ബാധിച്ച് കോഴിക്കോട് ജില്ലക്കാരനായ ഒരാൾ ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുണ്ട്. രോഗ ലക്ഷണങ്ങൾ കാണപ്പെട്ടവരുടെ രക്തം, നട്ടെല്ലിൽ നിന്ന് കുത്തിയെടുത്ത നീര് എന്നിവ മെഡിക്കൽ കോളജ് മൈക്രോബയോളജി വിഭാഗത്തിലെ വൈറസ് റിസർച് ആൻഡ് ഡയഗ്‌നോസ്റ്റിക് ലബോറട്ടറിയിൽ (വിആർഡിഎൽ) പരിശോധന നടത്തിയപ്പോഴാണ് രോഗം വെസ്റ്റ്നൈൽ ഫീവറാണെന്നു കണ്ടെത്തിയത്. പിന്നീട് സ്രവങ്ങൾ പുണെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ച് സ്ഥിരീകരിച്ചു.

പനി, തലവേദന, അപസ്മാരം, പെരുമാറ്റത്തിലെ വ്യത്യാസം, ബോധക്ഷയം, കൈകാൽ തളർച്ച തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ. ഇതിനു സമാനമാണ് മസ്തിഷ്‌കജ്വരത്തിന്റെയും ലക്ഷണങ്ങൾ. രോഗ ബാധയുണ്ടായ ചിലർക്ക് മസ്തിഷ്‌കജ്വരമാണെന്ന നിഗമനത്തിലാണ് ആദ്യം ചികിൽസ നൽകിയത്. ഇതും രോഗം മൂർച്ഛിക്കാൻ കാരണമായി. മെഡിക്കൽ കോളജിലെ വിആർഡിഎൽ ലാബിലെ പരിശോധനയിലെ സ്ഥിരീകരണത്തിനു ശേഷമാണ് തുടർനടപടികളുണ്ടായത്.

രോഗം പിടിപെടുന്നവരിൽ ഒരു ശതമാനത്തിൽ താഴെ ആളുകൾക്കു മാത്രം മസ്തിഷ്‌കജ്വരം വരാം. അങ്ങനെയുള്ളവർക്കു മരണം സംഭവിക്കാനുള്ള സാധ്യത പത്തു ശതമാനം മാത്രമാണ്. വൈറസാണു രോഗകാരണം. ഈ രോഗം പിടിപെട്ട പക്ഷികളിൽനിന്നു കൊതുകിലേക്കും കൊതുകിൽനിന്നു മനുഷ്യരിലേക്കും പകരും. കൊതുകു കടിയേൽക്കുന്നതിലൂടെ മാത്രമേ രോഗം പകരൂ. രോഗത്തിനു പ്രതിരോധ വാക്‌സിനില്ല. കൊതുകു കടിയേൽക്കാതെ നോക്കുക എന്നതു മാത്രമാണു പോംവഴി.

പിടിപെട്ടു കഴിഞ്ഞാൽ സാധാരണ വൈറൽപ്പനി മാറുന്നതുപോലെ ഭേദമാകും. ചിലരിൽ രോഗം വിട്ടുപോകാൻ മാസങ്ങളോളം സമയം വേണ്ടിവന്നേക്കാം. യുഗാണ്ടയിലെ വെസ്റ്റ് നൈൽ ജില്ലയിൽ ജില്ലയിൽ ആദ്യമായി കണ്ടെത്തിയതിനാലാണു പനിക്ക് ഈ പേരുവന്നത്. കൊതുകുകളെ ഇല്ലായ്മ ചെയ്യുകയാണ് ഈ രോഗത്തെ നേരിടാൻ പ്രധാനമായും വേണ്ടത്. അതുകൊണ്ട് തന്നെ പരിസര ശുചീകരണം അനിവാര്യതയാണ്.