- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മദ്യപന്റെ അക്രമം; യുവതിയെ സ്കൂട്ടറിൽനിന്ന് വലിച്ച് താഴെയിട്ടു; കൈകാര്യംചെയ്ത് ബന്ധുക്കൾ
പത്തനംതിട്ട: തിരുവല്ലയിൽ ഇരുചക്രവാഹനത്തിൽ സഞ്ചരിച്ച യുവതിക്കുനേരേ മദ്യപന്റെ ആക്രമണം. 25-കാരിയൊണ് മദ്യലഹരിയിലായിരുന്ന യുവാവ് വാഹനത്തിൽനിന്ന് വലിച്ചുതാഴെയിട്ടത്. വീഴ്ചയിൽ യുവതിയുടെ താടിയെല്ലിനും തോളെല്ലിനും പൊട്ടലുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയ തിരുവല്ല സ്വദേശി ജോജോയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
തിരുവല്ല പൊലീസ് സ്റ്റേഷന് സമീപം ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. മദ്യലഹരിയിൽ പൊലീസ് സ്റ്റേഷനിലെത്തി ബഹളംവെച്ച ജോജോ, ഇവിടെനിന്ന് മടങ്ങുന്നതിനിടെയാണ് സ്‌കൂട്ടർ യാത്രക്കാരിയെ മുടിയിൽ പിടിച്ച് വലിച്ച് താഴെയിട്ടത്. യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു ആക്രമണം. സ്‌കൂട്ടറിൽനിന്നുള്ള വീഴ്ചയിൽ യുവതിക്ക് പരിക്കേറ്റു. സംഭവം കണ്ടയുടൻ ഓടിയെത്തിയ നാട്ടുകാരും പൊലീസുമാണ് യുവതിയെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രതിയായ ജോജോയെയും ഉടൻതന്നെ പിടികൂടി.
അതേസമയം, ആശുപത്രിയിൽ വൈദ്യപരിശോധന നടത്തി തിരികെകൊണ്ടുപോകുന്നതിനിടെ പ്രതിക്ക് നേരേയും ആക്രമണമുണ്ടായി. പരിക്കേറ്റ 25-കാരിയുടെ ബന്ധുക്കളാണ് പൊലീസ് കസ്റ്റഡിയിലായിരുന്ന പ്രതിയെ മർദിച്ചത്. പൊലീസ് ജീപ്പിനുള്ളിലായിരുന്ന ജോജോയെ വാഹനത്തിന്റെ വാതിൽതുറന്ന് മർദിക്കുകയായിരുന്നു. പ്രതിക്കുനേരേ യുവതികൾ ചെരിപ്പ് വലിച്ചെറിയുകയുംചെയ്തു. തുടർന്ന് പൊലീസ് ബലംപ്രയോഗിച്ചാണ് ഇവരെ മാറ്റിയത്.
യുവതിയെ ആക്രമിക്കുന്നതിന് തൊട്ടുമുൻപ് ജോജോ തിരുവല്ല പൊലീസ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയിരുന്നതായാണ് വിവരം. ഏതാനുംദിവസങ്ങൾക്ക് മുമ്പ് ജോജോയുടെ വീട്ടിൽ മോഷണംനടന്നിരുന്നു. എന്നാൽ, ഈ കേസിൽ ഇതുവരെ പ്രതികളെ പിടികൂടാനായിരുന്നില്ല. ഇത് ചോദ്യംചെയ്യാനായാണ് ജോജോ മദ്യലഹരിയിൽ പൊലീസ് സ്റ്റേഷനിലെത്തിയത്. തുടർന്ന് ബഹളംവെച്ച ജോജോയെ പൊലീസുകാർ മടക്കി അയച്ചതിന് പിന്നാലെയാണ് ഇയാൾ സ്‌കൂട്ടർ യാത്രക്കാരിയെ ആക്രമിച്ചത്.
വേങ്ങൽ സ്വദേശിനിയായ യുവതിയുടെ കൈയ്ക്കും താടിക്കും പരുക്കുണ്ടെന്നു പൊലീസ് പറഞ്ഞു. സഹോദരിയെ റെയിൽവേ സ്റ്റേഷനിലാക്കി മടങ്ങി വരുന്ന സമയത്താണ് തന്നെ ആക്രമിച്ചതെന്ന് തിരുവല്ലയിൽ ആക്രമണത്തിനിരയായ യുവതി പ്രതികരിച്ചു. അപ്രതീക്ഷിതമായിട്ടായിരുന്ന ഇയാളുടെ ആക്രമണം. തടഞ്ഞു നിർത്തി സ്‌കൂട്ടറിന്റെ താക്കോൽ എടുത്തുകൊണ്ടുപോയി. ഇത് തടഞ്ഞപ്പോൾ കൈ പിടിച്ചു തിരിച്ചു. താക്കോൽ പിടിച്ചു വാങ്ങാൻ ശ്രമിക്കുന്നതിനിടെ കൈക്ക് മുറിവ് പറ്റിയെന്നും രക്തം വന്നതിനെ തുടർന്ന് തലകറങ്ങുന്നതായി അനുഭവപ്പെട്ടെന്നും യുവതി പറഞ്ഞു.
യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിലെ പ്രതി ജോജോയെ പൊലീസ് വൈദ്യപരിശോധനക്കായി ഹാജരാക്കിയിരുന്നു. ആശുപത്രിയിലെത്തിയ യുവതിയുടെ ബന്ധുക്കൾ ജോജോയെ പൊലീസിന്റെ വാഹനത്തിനുള്ളിൽ വെച്ച് കൈയേറ്റം ചെയ്യുകയും ചെയ്തിരുന്നു. പൊലീസ് ഏറെ പണിപ്പെട്ടാണ് ഇയാളെ തിരികെ സ്റ്റേഷനിലെത്തിച്ചത്. ജോജോക്കെതിരെ ഗുരുതര വകുപ്പുകൾ ചുമത്തുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.