- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'തുള്ളി വെള്ളം പോലും കുടിക്കാൻ കിട്ടിയില്ല; കഴിക്കാൻ ബ്രെഡ് കിട്ടിയത് ഭാഗ്യം'
തിരുവനന്തപുരം: ജീവനക്കാർ മുന്നറിയിപ്പില്ലാതെ കൂട്ട അവധിയെടുത്തതിനെ തുടർന്ന് എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനങ്ങൾ റദ്ദാക്കിയതിനെതിരെ കേരളത്തിലെ വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ പ്രതിഷേധം ശക്തം. തിരുവനന്തപുരത്തുനിന്നു ഷാർജയിലേക്ക് പോകേണ്ട യാത്രക്കാർക്ക് ബോർഡിങ് പാസ് കിട്ടി സെക്യൂരിറ്റി ചെക്കിങ് കഴിഞ്ഞ് ഗേയ്റ്റിനടുത്ത് എത്തിയപ്പോഴാണ് വിമാനം റദ്ദാക്കിയെന്ന അറിയിപ്പ് ലഭിക്കുന്നത്.
ജീവനക്കാരുടെ മിന്നൽ പണിമുടക്കിനെ തുടർന്ന് കരിപ്പൂരിൽ എയർ ഇന്ത്യ എക്സ്‌പ്രസിന്റെ കൂടുതൽ വിമാനങ്ങൾ റദ്ദാക്കിയതോടെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ഇതുവരെ 12 സർവീസുകളാണ് റദ്ദാക്കിയത്. യാത്ര പുനഃക്രമീകരണത്തിനോ പണം മടക്കി വാങ്ങുന്നതിനോ അവസരമുണ്ടെന്നാണ് എയർ ഇന്ത്യയുടെ വിശദീകരണം. റാസൽ ഖൈമ, ദുബായ്, ജിദ്ദ, ദോഹ, ബഹറിൻ, കുവൈറ്റ് എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. തിരുവനന്തപുരത്ത് നിന്നുള്ള മസ്‌കറ്റ്, ദുബായ്, അബുദാബി വിമാനങ്ങളും നെടുമ്പാശ്ശരിയിൽ നിന്നുള്ള ഷാർജ മസ്‌കറ്റ് വിമാനങ്ങളും റദ്ദാക്കിയതിൽപ്പെടുന്നു.
അർധരാത്രി നൂറിലേറെ പേരാണ് വിമാനത്താവളങ്ങളിൽ കുടുങ്ങിയത്. കൊച്ചിയിൽ ഇന്ന് എത്തേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനങ്ങളും റദ്ദാക്കിയവയുടെ കൂട്ടത്തിലുണ്ട്. ഷാർജ, മസ്‌കറ്റ്, ദമാം, ബഹ്‌റൈൻ എന്നിവിടങ്ങളിൽ നിന്നുള്ളവയാണ് റദ്ദാക്കിയത്. മുപ്പതോളം വിമാനങ്ങളാണ് യുഎഇയിൽനിന്ന് ഇന്ത്യയിലേക്ക് സർവീസ് നടത്തുന്നത്. ക്യാബിൻ ക്രൂവിന്റെ സമരം നിയമവിരുദ്ധമെന്നാണ് കമ്പനിയുടെ വിശദീകരണം. യാത്രക്കാർക്ക് റീഫണ്ടോ പകരം യാത്ര സംവിധാനമോ ഏർപ്പെടുത്തിയെന്നും വിമാനക്കമ്പനി വ്യക്തമാക്കി. അലവൻസ് കൂട്ടണമെന്ന് ആവശ്യപ്പെട്ടാണ് ഇരുന്നൂറോളം ജീവനക്കാർ പണിമുടക്കുന്നത്. കൂട്ടത്തോടെ സിക്ക് ലീവെടുത്താണ് പ്രതിഷേധമെന്ന് അധികൃതർ പറയുന്നു.
വ്യാഴാഴ്ച ജോലിയിൽ പ്രവേശിക്കേണ്ടവർ, വീസ റദ്ദാകുന്നവർ അടക്കം ഈ വിമാനത്തിലുണ്ടായിരുന്നു. ചിലർ ടിക്കറ്റ് റദ്ദാക്കി നാൽപതിനായിരത്തോളം രൂപ മുടക്കി ഇൻഡിഗോയുടെ ടിക്കറ്റെടുത്തു. തുള്ളി വെള്ളം പോലും കുടിക്കാൻ ലഭിച്ചില്ലെന്നും കഴിക്കാൻ ബ്രെഡ് തന്നെ കിട്ടിയത് ഭാഗ്യമെന്നുമാണ് ചില യാത്രക്കാർ പറഞ്ഞത്. മണിക്കൂറുകളോളം കാത്തുനിർത്തിച്ചുവെന്നും മോശമായ രീതിയാണിതെന്നും കൊച്ചി വിമാനത്താവളത്തിലെത്തിയ യാത്രക്കാർ പ്രതികരിച്ചു. രണ്ട് മണിക്കൂർ മുൻപു മാത്രമാണ് വിമാനങ്ങൾ റദ്ദായെന്ന അറിയിപ്പുണ്ടായത് എന്നാണ് ജീവനക്കാർ അറിയിച്ചത്. കണ്ണൂരിൽ വ്യാഴാഴ്ച മുതലുള്ള വിമാനങ്ങളിൽ ടിക്കറ്റ് നൽകാമെന്ന ഉറപ്പിലാണ് യാത്രക്കാർ പ്രതിഷേധം അവസാനിപ്പിച്ചത്. മുൻഗണനാ ക്രമത്തിൽ ടിക്കറ്റ് നൽകുമെന്നാണ് അറിയിപ്പ്. എന്നാൽ ഏതെങ്കിലും ഒരുദിവസം ടിക്കറ്റ് നൽകിയിട്ട് കാര്യമില്ലെന്നു യാത്രക്കാർ ചൂണ്ടിക്കാട്ടി.
ജീവനക്കാർ മുന്നറിയിപ്പില്ലാതെ കൂട്ട അവധിയെടുത്തതോടെ എയർ ഇന്ത്യ എക്സ്പ്രസിന്റെ 70-ലധികം സർവീസുകളാണ് റദ്ദാക്കിയത്. 300-ലധികം മുതിർന്ന ജീവനക്കാരാണ് യാതൊരു മുന്നറിയിപ്പുംകൂടാതെ അസുഖ അവധിയെടുത്തത്. ഇതേത്തുടർന്ന് 79-ഓളം ആഭ്യന്തര, അന്താരാഷ്ട്ര വിമാന സർവീസുകൾ റദ്ദാക്കിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു.
ജീവനക്കാരുടെ പ്രതിഷേധമാണ് പ്രതിസന്ധിക്ക് ഇടയാക്കിയതെന്നാണ് വിവരം. കൂട്ട അവധിയെടുത്ത ജീവനക്കാരുടെ മൊബൈൽ ഫോണുകൾ ഓഫാക്കിയ നിലയിലാണ്. പ്രശ്നപരിഹാരത്തിനുള്ള ശ്രമം തുടരുകയാണെന്ന് എയർഇന്ത്യ എക്സ്പ്രസ് വൃത്തങ്ങൾ പറയുന്നു. ചൊവ്വാഴ്ച രാത്രി മുതലാണ് ജീവനക്കാർ മുന്നറിയിപ്പില്ലാതെ അവധിയെടുത്തു തുടങ്ങിയത്. ഇതോടെ വിമാനങ്ങൾ വൈകാനും പലതും റദ്ദാക്കാനും തുടങ്ങി. ജീവനക്കാരുമായി ബന്ധപ്പെടാൻ ശ്രമിക്കുകയാണെന്നും യാത്രക്കാർക്ക് നേരിടേണ്ടിവരുന്ന അസൗകര്യങ്ങൾ പരമാവധി ഒഴിവാക്കുകയാണ് ലക്ഷ്യമെന്നും എയർഇന്ത്യ വക്താവ് പറഞ്ഞു.
വിമാനങ്ങൾ റദ്ദാക്കിയതുമൂലം യാത്ര മുടങ്ങിയവർക്ക് ടിക്കറ്റ് തുക മുഴുവൻ തിരികെ നൽകുകയോ ബദൽ യാത്രാ സംവിധാനം ഏർപ്പെടുത്തുകയോ ചെയ്യുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ വിമാനങ്ങൾ അപ്രതീക്ഷിതമായി റദ്ദാക്കിയതിനെത്തുടർന്ന് രോഷവും നിരാശയും നിരവധിപേർ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രകടിപ്പിച്ചിട്ടുണ്ട്.
കരിപ്പൂർ വിമാനത്താവളത്തിൽ രാവിലെ എട്ടിന് ശേഷമുള്ള ആറ് സർവീസുകൾ റദ്ദാക്കി. റാസൽഖൈമ, ദുബായ്, ജിദ്ദ, ദോഹ, ബെഹ്റൈൻ, കുവൈത്ത് വിമാനങ്ങളാണ് റദ്ദാക്കിയത്. തിരുവനന്തപുരം, കണ്ണൂർ, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളിൽ നിന്നും സർവീസുകൾ നേരത്തെ റദ്ദാക്കിയിരുന്നു.
അബുദാബി, ഷാർജ, മസ്‌കറ്റ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് കണ്ണൂരിൽ നിന്നും റദ്ദ് ചെയ്തത്. സമാനമായ രീതിയിൽ തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്കു ചൊവ്വാഴ്ച രാത്രി 11-ന് യാത്രതിരിക്കേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്‌പ്രസും റദ്ദാക്കിയിരുന്നു. തിരുവനന്തപുരത്ത് നിന്നും പകൽ പുറപ്പെടാനുള്ള വിമാന സർവീസുകളും റദ്ദാക്കാൻ സാധ്യതയുണ്ട്.
കരിപ്പൂരിൽ റദ്ദാക്കിയ എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനങ്ങൾ
08.00 AM- റാസൽ ഖൈമ
8-25 AM ദുബൈ
8:50 AM- ജിദ്ദ
09.00 AM - കുവൈത്ത്
9:35 AM- ദോഹ
9-35 AM- ദുബൈ
10-30 AM- ബഹ്റൈൻ
5-45 PM- ദുബൈ
7-25 PM ദോഹ
8-10 PM കുവൈത്ത്
8-40 PM ബഹ്റൈൻ
9-50 PM ജിദ്ദ