- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സിദ്ധാർഥന്റെ മരണകാരണത്തിൽ വ്യക്തത വരുത്താൻ എയിംസിനെ സമീപിച്ച് സിബിഐ
തിരുവനന്തപുരം: അതിക്രൂരമായ റാഗിംഗിനിരയായി പൂക്കോട് വെറ്ററിനറി കോളേജിന്റെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണ കാരണത്തിൽ വ്യക്തത വരുത്താൻ സിബിഐ. ഡൽഹി എയിംസിൽ നിന്ന് സിബിഐ വിദഗ്‌ധോപദേശം തേടി. മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സിദ്ധാർത്ഥന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്, ഫോറൻസിക് സർജന്റെ റിപ്പോർട്ട്, ഡെമ്മി പരീക്ഷണം നടത്തിയ റിപ്പോർട്ട് എന്നിവ എയിംസിലേക്ക് അയച്ചിട്ടുണ്ട്.
ഡൽഹി എയിംസിൽ നിന്നും സിബിഐ ഉദ്യോഗസ്ഥർ വിദഗ്‌ധോപദേശം തേടിയാണ് പോസ്റ്റ് മോർട്ടം, ഫോറൻസിക് റിപ്പോർട്ടുകൾ അധികൃതർ എയിംസിലേക്ക് അയച്ചത്. ആത്മഹത്യയാണോ കൊലപാതകമാണോ വിദ്യാർത്ഥിയുടെ മരണകാരണമെന്നതിൽ വ്യക്തത വരുത്തുന്നതിനാണ് സിബിഐ. എയിംസിനെ സമീപിച്ചിരിക്കുന്നത്. ഒരു മെഡിക്കൽ ബോർഡ് രൂപവത്കരിച്ച് വിദഗ്‌ധോപദേശം നൽകണമെന്നാണ് സിബിഐയുടെ ആവശ്യം.
കേസിലെ പ്രാഥമിക കുറ്റപത്രം സിബിഐ നേരത്തെ ഹൈക്കോടതിയിൽ ഹാജരാക്കിയിരുന്നു. സിദ്ധാർഥൻ നേരിട്ടത് ക്രൂരമായ ആക്രമണമാണെന്നും പ്രതികൾക്കെതിരേയുള്ള ആരോപണങ്ങൾ ഗുരുതരമാണെന്നും സിബിഐ. കോടതിയെ അറിയിച്ചിരുന്നു.
കേസിലെ പ്രതികളുടെ ജാമ്യഹർജി കോടതി വെള്ളിയാഴ്ച പരിഗണിക്കും. പ്രതികളായ അരുൺ കേലോത്ത്, എൻ. ആസിഫ് ഖാൻ, എ. അൽത്താഫ്, റെയ്ഹാൻ ബിനോയ്, എസ്.ഡി. ആകാശ്, എസ്. അഭിഷേക്, ഡോൺസ് ഡായ്, ബിൽഗേറ്റ് ജോഷ്വ തണ്ണിക്കോട്, വി. നഫീസ് തുടങ്ങിയവരുടെ ജാമ്യഹർജിയാണ് കോടതി പരിഗണിക്കുന്നത്. റാഗിങ്, ആത്മഹത്യാപ്രേരണ, മർദനം, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരേ ചുമത്തിയത്.
ഫെബ്രുവരി 18-നാണ് കോളേജ് ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ സിദ്ധാർഥനെ കണ്ടെത്തിയത്. 16 -ാം തീയതി മുതൽ സഹപാഠികൾ അടക്കമുള്ളവർ നിരന്തരമായി മർദിച്ചതിനെ തുടർന്ന് സിദ്ധാർഥൻ ജീവനൊടുക്കിയെന്നാണ് നിഗമനം. കോളേജിലെ എസ്.എഫ്.ഐ. നേതാക്കളടക്കമുള്ളവരാണ് കേസിലെ പ്രതികൾ.
സിദ്ധാർത്ഥന്റെ ആത്മഹത്യ നടന്ന കുളിമുറിയുടെ വാതിൽ പൊട്ടിയ നിലയിലും പൂട്ട് ഇളകിയ നിലയിലുമെന്ന് സിബിഐ വ്യക്തമാക്കി. സിദ്ധാർത്ഥനെ പ്രതികൾ ആൾക്കൂട്ട വിചാരണ നടത്തിയെന്ന് സിബിഐ കുറ്റപത്രത്തിൽ ചൂണ്ടിക്കാണിക്കുന്നു. രണ്ട് ദിവസം നഗ്‌നനാക്കി മർദ്ദിച്ചു. കുറ്റം സമ്മതിക്കാൻ നിർബന്ധിച്ചായിരുന്നു മർദ്ദനം. സിദ്ധാർത്ഥിന് അടിയന്തര വൈദ്യ സഹായം നൽകിയില്ലെന്ന് സിബിഐ കുറ്റപത്രത്തിൽ വിശദമാക്കുന്നു.