- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഒപി നിർത്തിയത് വിവാദത്തിൽ; തിരുവനന്തപുരം കളക്ടർക്കെതിരെ പരാതി
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ കലക്ടർക്കെതിരെ പരാതിയുമായി സർക്കാർ ഡോക്ടർമാർ രംഗത്ത് എത്തുമ്പോൾ ഉയരുന്നത് ഗുരതര ആരോപണം. ഇക്കാര്യത്തിൽ ഉന്നത തല അന്വേഷണം വേണമെന്നാണ് ആവശ്യം. ജില്ലാ കളക്ടറുടേത് ഔദ്യോഗിക അധികാര പരിധി ലംഘിക്കലാണെന്ന ആരോപണമാണ് ഉയരുന്നത്.
കുഴിനഖ ചികിത്സയ്ക്കായി തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ഡോക്ടറെ കലക്ടർ വീട്ടിലേക്ക് വിളിപ്പിച്ചു എന്നാണ് പരാതി. ജനറൽ ആശുപത്രിയിലെ ഡ്യൂട്ടിക്കിടെയാണ് ഡോക്ടർ കലക്ടറുടെ വീട്ടിലെത്തി ചികിത്സ നൽകിയത്. ഇതു കാരണം ഒപിയിൽ ഡോക്ടർ കുറഞ്ഞു. വേണമെങ്കിൽ കളക്ടർക്ക് ആശുപത്രിയിലേക്ക് വരാമായിരുന്നു. ഇവിടെ അനാവശ്യ കീഴ് വഴക്കം സൃഷ്ടിക്കാനാണ് കളക്ടർ ശ്രമിച്ചതെന്നാണ് ആരോപണം.
കലക്ടർ ജെറോമിക് ജോർജിന്റെ നടപടി അധികാരദുർവിനിയോഗമാണെന്ന് കെജിഎംഒഎ പറഞ്ഞു. ഇക്കാര്യം ആവർത്തിച്ചാൽ സമരം നടത്തുമെന്നും ഡോക്ടർമാരുടെ സംഘടന വ്യക്തമാക്കി. കഴിഞ്ഞദിവസം ജില്ലാകലക്ടർ ഡിഎംഒയെ വിളിച്ച് സ്വകാര്യമായ ആവശ്യത്തിനായി ഒരു ഡോക്ടറെ വിട്ടു തരണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ അത്തരമൊരു കീഴ് വഴക്കം ഇല്ലാത്തതിനാൽ ആദ്യം ഡിഎംഒ ഇതിന് തയ്യാറായില്ല.
തുടർന്നും ജില്ലാ കലക്ടർ വിളിക്കുകയും അധികാരത്തോടെ സംസാരിക്കുകയും ചെയ്തു. തുടർന്നാണ് ഡിഎംഒ ജനറൽ ആശുപത്രി സൂപ്രണ്ടിനെ വിളിച്ച് കലക്ടറുടെ വസതിയിലേക്ക് ഒരു ഡോക്ടറെ അയക്കണമെന്ന് നിർദേശിച്ചു. ഇതേത്തുടർന്ന് ആശുപത്രിയിലെ ജനറൽ സർജറി വിഭാഗത്തിലെ ഒരു ഡോക്ടറെ ഒപിയിലെ പരിശോധന നിർത്തിവെപ്പിച്ച് കലക്ടറുടെ ഔദ്യോഗിക വസതിയിലേക്ക് അയക്കുകയായിരുന്നു.
ഡോക്ടർ വീട്ടിലെത്തുമ്പോൾ കലക്ടർ മീറ്റിങ്ങിലായിരുന്നു. അരമണിക്കൂറോളം കാത്തു നിന്ന ശേഷമാണ് കലക്ടറെ കണ്ടത്. കാലിൽ കുഴിനഖത്തിന്റെ പ്രശ്നമുണ്ടെന്നും നീരുവന്നതിന് ചികിത്സ തേടിയാണ് വിളിച്ചതെന്നും അറിയിച്ചു. തുടർന്ന് ചികിത്സ നൽകിയശേഷം ഡോക്ടർ മടങ്ങുകയായിരുന്നു. മുമ്പും പേരൂർക്കട ആശുപത്രിയിൽ നിന്നും ജില്ലാ കലക്ടർ ഡോക്ടറെ വീട്ടിലേക്ക് വിളിപ്പിച്ച് ചികിത്സ തേടിയിരുന്നതായി ആരോപണമുണ്ട്.
കേരളത്തിലെ ഒരു കളക്ടറും ഇത്തരത്തിൽ ഇടപെടൽ നടത്തിയിട്ടില്ലെന്ന് ഡോക്ടർമാർ പറയുന്നു. ഇത്തരം കീഴ് വഴക്കങ്ങൾ വളർത്താൻ അനുവദിക്കില്ലെന്നാണ് ഡോക്ടർമാരുടെ സംഘടന പറയുന്നത്.