ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിന് എതിരായതുൾപ്പെടെ എസ്എൻസി ലാവ്‌ലിൻ കേസുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണക്കുന്നത് നീളും. കേസ് ഇന്നലെയും പരിഗണിച്ചില്ല. ജഡ്ജിമാരായ സൂര്യകാന്ത്, കെ.വി.വിശ്വനാഥൻ എന്നിവരുടെ ബെഞ്ചിൽ 111ാം കേസായി ലിസ്റ്റ് ചെയ്തിരുന്നെങ്കിലും മറ്റു കേസുകളിലെ വാദം നീണ്ടതിനാൽ പരിഗണിക്കപ്പെട്ടില്ല. ഏതാനു ദിവസങ്ങളായി ഇത് തുടരുകയാണ്. കേസ് അനിശ്ചിതമായി നീളാനുള്ള സാഹചര്യമാണ് ഇതൊരുക്കുന്നത്.

സിബിഐ നൽകിയ അപ്പീലിൽ ഇന്നലെയും അന്തിമവാദം നടന്നില്ല. 41-ാം തവണയാണു കേസ് സുപ്രീംകോടതി ലിസ്റ്റ് ചെയ്യുന്നത്. അന്തിമവാദത്തിനായി ഇന്നലെ 111-ാമത്തെ കേസായി പട്ടികയിലുണ്ടായിരുന്നു. എന്നാൽ, മറ്റു കേസുകളുടെ വാദം നീണ്ടുപോയതിനാൽ കേസ് പരിഗണിച്ചില്ല. ബുധനാഴ്ച ലിസ്റ്റ് ചെയ്തിരുന്നെങ്കിലും ഇതേ കാരണത്താൽ പരിഗണനയ്ക്ക് എത്തിയില്ല. അന്തിമ വാദംകേൾക്കൽ മെയ്‌ ഒന്ന്, രണ്ട് തീയതികളിലായി നടക്കുമെന്ന് നേരത്തേ കോടതി വ്യക്തമാക്കിയിരുന്നെങ്കിലും മാറ്റിവയ്ക്കുകയായിരുന്നു. കേസ് പരിഗണിക്കണമെന്ന് സിബിഐയും ആവശ്യപ്പെട്ടില്ല

ഈ മാസം 17ന് മധ്യവേനൽ അവധിക്കായി അടയ്ക്കുന്ന സുപ്രീംകോടതി ജൂലൈ എട്ടിനാണ് വീണ്ടും തുറക്കുന്നത്. അതിനാൽ അന്തിമതീർപ്പ് ഇനിയും വൈകും. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിരായ സിബിഐ അപ്പീലും വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിക്കെതിരെയുള്ള മറ്റ് പ്രതികളുടെ ഹരജികളുമാണ് സുപ്രിംകോടതി പരിഗണിക്കുന്നത്. പിണറായി വിജയൻ ഉൾപ്പെടെ മൂന്നു പേരെ വീണ്ടും പ്രതികളാക്കണമെന്നു ആവശ്യപ്പെട്ട് 2017 ഡിസംബറിലാണ് സിബിഐ സുപ്രിംകോടതിയെ സമീപിക്കുന്നത്.

2018 ജനുവരി ഒന്നിന് നോട്ടീസ് അയച്ചു. കൂടുതൽ രേഖകൾ സമർപ്പിക്കാനുണ്ടെന്ന കാരണം പറഞ്ഞ് കക്ഷികൾ കേസ് മാറ്റിവയ്ക്കാൻ അപേക്ഷ നൽകാൻ തുടങ്ങിയതെയോടെ വാദം കേൾക്കൽ അനന്തമായി നീണ്ടുപോകുകയായിരുന്നു.