തിരുവനന്തപുരം: മഴ എത്തുമെന്ന പ്രതീക്ഷയിൽ കെ എസ് ഇ ബി കടുത്ത നിയന്ത്രണം ഒഴിവാക്കുന്നു. എന്നാൽ നിരക്ക് കൂടിക്കൊണ്ടിരിക്കും. സർചാർജ് തുടരും. എന്നാൽ വൈദ്യുതി പ്രതിസന്ധി നിയന്ത്രണ വിധേയമായതിനാൽ ലോഡ് ഷെഡിങ് നടപ്പാക്കേണ്ടതില്ലെന്നു മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ കൂടിയ അവലോകന യോഗം തീരുമാനിക്കുകയും ചെയ്തു. വൈകുന്നേരം ഉപഭോഗം കൂടിയ (പീക്ക്) സമയത്തെ വൈദ്യുതി ഉപയോഗത്തിൽ ഏകദേശം 117 മെഗാവാട്ടിന്റെ കുറവ് വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രാദേശിക നിയന്ത്രണവും കുറയും.

വേനൽ മഴ ഇനിയും ശ്ക്തമാകം. ഇതിനൊപ്പം കാലവർഷവും ഉടനെത്തി. ഇതെല്ലാം കെ എസ് ഇ ബിക്ക് പ്രതീക്ഷയാണ്. വേനൽ മഴയെത്തുടർന്നു വൈദ്യുതി ആവശ്യത്തിൽ കുറവുണ്ടായി. ബുധനാഴ്ച പരമാവധി ആവശ്യം 5251 മെഗാവാട്ടായി കുറഞ്ഞു. ചൊവ്വാഴ്ചത്തെക്കാൾ 493 മെഗാവാട്ട് കുറവ്. പ്രതിദിന ആകെ വൈദ്യുതി ഉപയോഗം ചൊവ്വാഴ്ച 11.002 കോടി ആയിരുന്നതു ബുധനാഴ്ച അൽപം കുറഞ്ഞ് 10.914 കോടി യൂണിറ്റായി. ഉപയോഗം കുറയ്ക്കണമെന്ന അഭ്യർത്ഥനയോടു ജനങ്ങൾ സഹകരിക്കുന്നുണ്ട് എന്നും യോഗം വിലയിരുത്തി. പ്രതിസന്ധി വിലയിരുത്താൻ മന്ത്രിയുടെ അധ്യക്ഷതയിൽ ചൊവ്വാഴ്ച വീണ്ടും യോഗം ചേരും. എന്തായാലും ലോഡ് ഷെഡിങ് ഉണ്ടാകില്ല.

മഴ അതിശക്തമാകുമെന്നാണ് മുന്നറയിപ്പ്. ഇതും പ്രതീക്ഷയോടെ കെ എസ് ഇ ബി കാണുന്നുണ്ട്. പുറത്തു നിന്ന് വൈദ്യുതി വാങ്ങാൻ കഴിയും. അതുകൊണ്ട് തന്നെ എത്ര വിലയായാലും വാങ്ങാനാണ് തീരുമാനം. ഈ സാഹചര്യത്തിൽ കൂടിയാണ് ലോഡ് ഷെഡിങ് വേണ്ടെന്ന് വച്ചത്. ഈ വില കൂടുതൽ ഉപഭോക്താക്കളിൽ നിന്നും ഈടാക്കുകയും ചെയ്യും.

വൻകിട വൈദ്യുതി ഉപയോക്താക്കൾ, ജല അഥോറിറ്റി, ലിഫ്റ്റ് ഇറിഗേഷൻ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവ പീക്ക് ലോഡ് സമയത്തെ വൈദ്യുതി ഉപയോഗത്തിൽ ഏകദേശം 117 മെഗാവാട്ടിന്റെ കുറവ് വരുത്തിയതും തുണയായി. സ്വകാര്യ സ്ഥാപനങ്ങൾ പീക്ക് സമയത്തെ ഷിഫ്റ്റ് ഡ്യൂട്ടി ഒഴിവാക്കി. ട്രാൻസ്‌ഫോമറിന്റെയും മറ്റു സാമഗ്രികളുടെയും ക്ഷാമം ഉണ്ടെന്ന യൂണിയൻ നേതാക്കളുടെ പരാതി പരിഹരിക്കും. കേരള ഇലക്ട്രിക്കൽസ് ലിമിറ്റഡിൽ (കെൽ) നിന്നു ട്രാൻസ്‌ഫോമർ ലഭ്യമാകാത്ത സാഹചര്യത്തിൽ മറ്റു സ്ഥാപനങ്ങളിൽനിന്നു വാങ്ങും.

കേടായ മീറ്ററുകൾക്കു പകരം മീറ്റർ ലഭ്യമാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട് അടിയന്തര ആവശ്യത്തിനു പ്രാദേശികമായി സാധനസാമഗ്രികൾ വാങ്ങുന്നതിനുണ്ടായിരുന്ന നിയന്ത്രണം മാറ്റുകയും ചെയ്തു. വോൾട്ടേജ് പ്രശ്‌നവും വൈദ്യുതി മുടക്കവുമുള്ള മേഖലകളിൽ പ്രശ്‌നപരിഹാരത്തിനു നടപടി സ്വീകരിക്കാനും തീരുമാനം ഉണ്ടാകും.