കണ്ണൂർ : എയർ ഇന്ത്യാ എക്സ്‌പ്രസ് ജീവനക്കാരുടെ സമരം കാരണം പ്രവാസികളുടെ യാത്രാ ദുരിതം തുടരുന്നു. ജീവനക്കാരുടെ സമരം ഒത്തുതീർപ്പായതോടെ എയർ ഇന്ത്യ എക്സ്‌പ്രസ് ജീവനക്കാർ തിരികെ ജോലിയിൽ പ്രവേശിച്ച് തുടങ്ങിയെങ്കിലും കണ്ണൂർ, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസുകൾ വെള്ളിയാഴ്‌ച്ചയുംമുടങ്ങിയത് തിരിച്ചടിയായി മാറി.

കണ്ണൂർ അന്താരാഷ്ട്ര വിമാന താവളത്തിൽ നിന്നും വെള്ളിയാഴ്‌ച്ച പുലർച്ചെ മുതലുള്ള അഞ്ച് സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. ഷാർജ, ദമാം, ദുബായ്, റിയാദ്, അബുദാബി വിമാനങ്ങളാണ് റദ്ദാക്കിയത്. നെടുമ്പാശ്ശേരിയിൽ രണ്ട് എയർ ഇന്ത്യാ എക്സ്‌പ്രസ് വിമാനങ്ങൾ റദ്ദാക്കി. വെള്ളിയാഴ്‌ച്ചരാവിലെ 8.35 ന് പുറപ്പെടേണ്ട ദമാം, 8.50 ന് പുറപ്പെടേണ്ട മസ്‌കറ്റ് വിമാനങ്ങളാണ് റദ്ദാക്കിയത്.

എന്നാൽ കരിപ്പൂരിലും തിരുവനന്തപുരത്തും എയർ ഇന്ത്യ എക്സ്‌പ്രസ്സ് സർവീസുകൾ പുനരാരംഭിച്ചു. കരിപ്പൂരിൽ നിന്നുള്ള ദമാം, മസ്‌കറ്റ് സർവീസുകൾ പുറപ്പെട്ടു. തിരുവനന്തപുരത്ത് നിന്ന് പുലർച്ചെ 1.10നുള്ള അബുദാബി വിമാനവും സർവീസ് നടത്തി. എയർ ഇന്ത്യ എക്സ്‌പ്രസിലെ സമരം പ്രവാസികൾക്ക് അടക്കം വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. മാനേജമെന്റും ജീവനക്കാരുടെ സംഘടനയും തമ്മിൽ ന്യൂഡൽഹിയിൽ നടന്ന ചർച്ചയിലാണ് ഒത്തുതീർപ്പുണ്ടായത്.

25 ജീവനക്കാരെ പിരിച്ചുവിട്ട തീരുമാനം പിൻവലിക്കുമെന്നടക്കം മാനേജ്‌മെന്റ് ഉറപ്പ് നൽകിയതോടെ ജീവനക്കാർ സമരം പിൻവലിച്ചത്. കൂട്ടമായി മെഡിക്കൽ അവധിയെടുത്ത ജീവനക്കാർ ഫിറ്റിനസ് സർട്ടിഫിക്കറ്റുമായി ജോലിക്ക് കയറി തുടങ്ങിയതോടെ സർവീസുകളുടെ ക്രമീകരണങ്ങൾ തുടങ്ങിയെങ്കിലും സർവീസ് പഴയരീതിയിലേക്ക് എത്തിയിട്ടില്ല. രണ്ട് ദിവസത്തിനുള്ളിൽസർവീസുകൾ സാധാരണ നിലയിലേക്ക് എത്തുമെന്നാണ് യാത്രക്കാർ പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് രണ്ടായിരത്തോളം പ്രവാസി യാത്രക്കാരാണ് സംസ്ഥാനത്തെ വിവിധ വിമാന താവളങ്ങളിൽ വേനൽ അവധിക്ക് നാട്ടിൽ വന്നതിന് ശേഷം വിദേശ രാജ്യങ്ങളിലേക്ക് മടങ്ങി പോകാനെത്തിയത്. പലരും വിമാന താവളത്തിലെത്തിയപ്പോഴാണ് പണി മുടക്ക് വിവരം അറിയുന്നത്. ഇതോടെ വിസാ കാലാവധി കഴിഞ്ഞവരും തൊഴിൽ നഷ്ടപ്പെടുമെന്ന സാഹചര്യമുള്ളവരും കടുത്ത പ്രതിസന്ധിയിലായിട്ടുണ്ട്.