തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയും കെഎസ്ആർടിസി ബസ് തടഞ്ഞിട്ട സംഭവത്തിൽ, ബസിലെ സിസിടിവി ക്യാമറയുടെ മെമ്മറി കാർഡ് കാണാതായതിൽ ബസ് ഡ്രൈവർ യദു കസ്റ്റഡിയിൽ. മേയറുടെ പരാതിയിൽ അറസ്റ്റ് ചെയ്തുവിട്ടതിനു പിന്നാലെ യദു ബസിനു സമീപമെത്തിയത് ദുരൂഹമാണെന്നും യദുവിന്റെ മൊഴികളിൽ വൈരുധ്യമുണ്ടെന്നും പൊലീസ് പറയുന്നു.

മേയർ ആര്യ രാജേന്ദ്രനും കെ.എസ്.ആർ.ടി.സി ഡ്രൈവറും തമ്മിൽ തർക്കമുണ്ടായതിനുശേഷം ബസിലെ ക്യാമറയുടെ മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ അന്വേഷണം തുടരുന്നതിനിടെയാണ് ബസ് ഡ്രൈവർ യദുവിനെ കസ്റ്റഡിയിലെടുത്തത്. യദുവിനെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിലെത്തിച്ചു.

തമ്പാനൂർ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. വെള്ളിയാഴ്ച രാവിലെ മുതൽ കേസിൽ നിർണായക ചോദ്യംചെയ്യലുകൾ നടന്നുവരികയായിരുന്നു. വൈകീട്ടോടെയാണ് യദുവിനെ വീട്ടിൽനിന്ന് കസ്റ്റഡിയിൽ എടുത്തത്. സ്റ്റേഷൻ മാസ്റ്ററേയും കണ്ടക്ടറേയും മൊഴിയെടുത്ത് വിട്ടയച്ചതിന് പിന്നാലെയാണിത്.

തർക്കം നടന്നതിന്റെ പിറ്റേദിവസം എ.ടി.ഒയ്ക്ക് മൊഴി നൽകാൻ യദു കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിൽ എത്തിയിരുന്നു. ഈ സമയത്ത് ബസ് അവിടെയുണ്ടായിരുന്നു. ഇവിടെ സി.സി.ടി.വി. ക്യാമറകളില്ല. എന്നാൽ, ബസ് പാർക്ക് ചെയ്ത സ്ഥലത്തേക്ക് യദു പോയതു സംബന്ധിച്ച് ചില തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട് എന്നാണ് സൂചന. ബസിൽ കയറി യദു മെമ്മറി കാർഡ് മോഷ്ടിച്ചിട്ടുണ്ടോയെന്ന സംശയം പൊലീസിനുണ്ട്. ഇത് ദൂരീകരിക്കാനാണ് നീക്കം.

കെ.എസ്.ആർ.ടി.സിയുടെ പരാതിയിൽ തമ്പാനൂർ പൊലീസാണ് കേസെടുത്തത്. പൊലീസിന്റെ ബസ് പരിശോധനയിൽ ക്യാമറയുടെ ഡി.വി.ആർ. ലഭിച്ചു. എന്നാൽ, ഡി.വി.ആറിൽ മെമ്മറി കാർഡ് ഉണ്ടായിരുന്നില്ല.

ബസിൽ മൂന്ന് നിരീക്ഷണ ക്യാമറകളുണ്ടായിരുന്നു. മേയറും ഡ്രൈവറും തമ്മിലുള്ള തർക്കത്തിന് പിന്നാലെ ബസിലെ ക്യാമറകൾ പരിശോധിക്കാത്തതിൽ വിമർശനങ്ങളുമുയർന്നിരുന്നു. മേയർ ആര്യാ രാജേന്ദ്രനുനേരെ ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചെന്ന ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ ബസിലെ ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ആവശ്യം ശക്തമായി ഉയർന്നിരുന്നു.

മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ സ്റ്റേഷൻ മാസ്റ്റർ ലാൽ സജീവിനെയും കണ്ടക്ടറെയും പൊലീസ് ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചതിന് പിന്നാലെയാണ് യദുവിനെ കസ്റ്റഡിയിലെടുത്തത്. കണ്ടക്ടർ സുബിൻ തർക്കത്തിന് ശേഷം ബസിലെ സിസിടിവി ക്യാമറ പരിശോധിക്കുന്നതുമായി ബന്ധപ്പെട്ട ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് സുബിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്.

എന്നാൽ മെമ്മറി കാർഡ് കാണാതായതിൽ തനിക്ക് പങ്കില്ലെന്ന് സുബിൻ ചോദ്യം ചെയ്യലിൽ വ്യക്തമാക്കി. സിസിടിവിയുടെ മോണിറ്റർ നോക്കുക മാത്രമാണ് ചെയ്തതെന്നുമാണ് മൊഴി. അതിനിടെ
ലാൽ സജീവിനെ അനധികൃതമായി കസ്റ്റഡിയിലെടുത്തെന്ന് ആരോപിച്ച് ഭാര്യ ബിന്ദു രംഗത്ത് വന്നു. രാവിലെ മുന്നറിയിപ്പില്ലാതെ വീട്ടിൽ നിന്ന് പത്തോളം പൊലീസുകാർ ലാൽ സജീവിനെ പിടിച്ചുകൊണ്ടുപോയെന്നാണ് ആരോപണം.

വിഴിഞ്ഞം പൊലീസ് സ്റ്റേഷനിൽ നിന്നുള്ള പൊലീസാണെന്ന് പറഞ്ഞാണ് പൊലീസുകാർ വന്നതെന്നും ലാൽ സജീവിനെ വസ്ത്രം മാറാൻ പോലും അനുവദിച്ചില്ലെന്നും ആരോപണമുണ്ട്. മെമ്മറി കാർഡ് കാണാതായതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനാണ് കൊണ്ടുപോകുന്നത് എന്നാണ് പൊലീസ് പറഞ്ഞതെന്നും ബിന്ദു പറയുന്നു. ഹൃദ്രോഗിയായ ലാൽ സജീവ് ആൻജിയോപ്ലാസ്റ്റിക് വിധേയനായ വ്യക്തിയാണ്. ഇദ്ദേഹത്തിന് വേറെയും ആരോഗ്യ പ്രശ്‌നങ്ങളുണ്ട്. ഭർത്താവിനെ കേസിൽപെടുത്താൻ പൊലീസ് ശ്രമിക്കുന്നതായി ബിന്ദു ആരോപിച്ചിരുന്നു.