- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യോഹന്നാന്റെ പിൻഗാമിക്കായി ചർച്ച തുടങ്ങുമ്പോൾ
തിരുവല്ല. പുതിയ സഭാ അധ്യക്ഷനെ കണ്ടെത്താൻ ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ചിൽ അനൗദ്യോഗിക ചർച്ചകൾ തുടങ്ങി. സഭയുടെ പുതിയ അധ്യക്ഷനെയും മെത്രാപ്പൊലീത്തയെയും മൂന്നാഴ്ചക്കുള്ളിൽ തിരഞ്ഞെടുത്തേക്കും. നിലവിൽ ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ചിൽ 17 ബിഷപ്പുമാർക്കാണ് വോട്ടവകാശമുള്ളത്. സഭാ സിനഡ് ചേർന്ന് വോട്ടെട്ടുപ്പിലൂടെയായിരിക്കും പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുക.
വാഹനാപകടത്തിൽ മരിച്ച സഭാധ്യക്ഷൻ മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്തയുടെ കബറടക്ക ശുശ്രൂഷ 21ന് തിരുവല്ലയിലെ സഭാ ആസ്ഥാനത്തെ സെന്റ് തോമസ് കത്തീഡ്രലിലാണ് നടക്കുക. ഇതിനായി സഭയിലെ എല്ലാ ബിഷപ്പുമാരും എത്തിച്ചേരും. ഇവരുടെ സൗകര്യം കൂടി കണക്കിലെടുത്ത് കബറടക്കത്തിനു ശേഷം 2 ആഴ്ചക്കുള്ളിൽ പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കും.
സഭാ സിനഡിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കുന്നയാളായിരിക്കും അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുക. വോട്ടെടുപ്പ് രണ്ടു തവണ നടത്തിയിട്ടും മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാതെ വന്നാൽ മൂന്നാം തവണ വോട്ടിട്ട് ഇതിൽ കൂടുതൽ വോട്ടു ലഭിക്കുന്നയാളെ സഭാ അധ്യക്ഷനാക്കും. രഹസ്യ ബാലറ്റിലാകും വോട്ടെടുപ്പ്. അതുകൊണ്ട് തന്നെ എല്ലാം സുതാര്യമായിരിക്കുമെന്നാണ് സഭാ നേതൃത്വം പറയുന്നത്. സഭയുടെ സീനിയർ ബിഷപ് സാമുവൽ മാർ തെയോഫിലോസിന്റെ നേതൃത്വത്തിലുള്ള 9 അംഗ സമിതിയാണ് ഇപ്പോൾ സഭാ ചുമതലകൾ നിർവഹിക്കുന്നത്.
ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ മോറാൻ മോർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്ത (കെപി യോഹന്നാൻ) യുടെ ഭൗതികശരീരം തിരുവല്ല സെന്റ് തോമസ് നഗറിലെ ബിലീവേഴ്സ് കൺവൻഷൻ സെന്ററിൽ 20ന് പൊതുദർശനത്തിന് വെക്കും. 21ന് കബറടക്ക ശ്രുശ്രൂഷകൾ സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് കത്തീഡ്രൽ ചർച്ചിൽ നടക്കും. സമയക്രമങ്ങളും മറ്റ് വിശദവിവരങ്ങളും പിന്നീട് അറിയിക്കുമെന്ന് സഭാ ഭാരവാഹികൾ അറിയിച്ചു.
അമേരിക്കയിലെ ഡാളസിൽ അപകടത്തിൽ മരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമന്റെ ഭൗതികശരീരം സഭാ ആസ്ഥാനമായ കുറ്റപ്പുഴയിലെത്തിച്ച് ശുശ്രൂഷകൾ നടത്താൻ എപ്പിസ്‌കോപ്പൽ കൗൺസിൽ തീരുമാനിച്ചിരുന്നു. മെത്രാപ്പൊലീത്തയുടെ ഭൗതികശരീരം നിയമപ്രകാരമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലെത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സഭാ വക്താവ് ഫാ. സിജോ പന്തപ്പള്ളിൽ അറിയിച്ചു.
അമേരിക്കയിൽ മൃതദേഹം വിട്ടുകിട്ടുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനുള്ള കാലതാമസമാണ് ഉണ്ടായത്.