- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കളക്ടറുടെ കുഴിനഖ ചികിൽസാ വിവാദത്തിൽ അനുനയ നീക്കത്തിൽ ആരോഗ്യ വകുപ്പ്
തിരുവനന്തപുരം : കളക്ടർ കുഴിനഖ ചികിത്സയ്ക്കായി ഡോക്ടറെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ സംഭവത്തിൽ ഡോക്ടർമാരുടെ സംഘടനകൾ പരാതി പിൻവലിച്ചേക്കും. വിവാദം അവസാനിപ്പിക്കാൻ ആരോഗ്യവകുപ്പിന്റെ അനുനയനീക്കം നടന്നത് സർക്കാർ നിർദ്ദേശ പ്രകാരമാണെന്നാണ് സൂചന. ആരോഗ്യവകുപ്പ് സെക്രട്ടറി കളക്ടറുമായും ഡോക്ടർമാരുടെ സംഘടനയുമായും ഐഐഎസ് അസോസിയേഷനുമായും ചർച്ച നടത്തി. പ്രശ്‌നം പരിഹരിക്കപ്പെടുമെന്നാണ് സൂചന.
വിവാദത്തിൽ തുടർനീക്കങ്ങളും പ്രതികരണങ്ങളും ഒഴിവാക്കാൻ ലക്ഷ്യമിട്ടാണ് അനുനയശ്രമം. കളക്ടറുടെ രോഗവിവരം പരസ്യപ്പെടുത്തിയതിനും വിവാദമുണ്ടാക്കിയതിനും ഡോക്ടർമാർക്കെതിരെ നടപടി വേണമെന്ന് ഐഎഎസ് അസോസിയേഷൻ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് ആരോഗ്യവകുപ്പിന്റെ ഇടപെടൽ. സംഭവത്തിൽ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ആരോഗ്യവകുപ്പ് ഡയറക്ടറോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. ഐഎഎസ് അസോസിയേഷൻ നിലപാട് കടുപ്പിച്ചതോടെയാണ് ഇടപെടലുകൾ തുടങ്ങിയത്.
സംഭവത്തിൽ വ്യക്തതവേണമെന്നും ചീഫ്‌സെക്രട്ടറിയും നിർദ്ദേശിച്ചു. സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എ.യുടെ പരാതിയുടെയും മാധ്യമവാർത്തകളുടെയും അടിസ്ഥാനത്തിലാണ് നടപടി. കുഴിനഖത്തിന്റെ ചികിത്സയ്ക്കായി കളക്ടർ ജെറോമിക് ജോർജ് ഡോക്ടറെ വസതിയിലേക്ക് വിളിപ്പിച്ചതാണ് വിവാദമായത്. കഴിഞ്ഞ ശനിയാഴ്ചയാണ് കളക്ടർ ചികിത്സയ്ക്കായി ഡോക്ടറെ വേണമെന്ന് ഡി.എം.ഒ.യോട് ആവശ്യപ്പെട്ടത്. ആദ്യം ആവശ്യം നിരസിച്ച ഡി.എം.ഒ. പിന്നീട് കളക്ടറുടെ നിർബന്ധത്തിന് വഴങ്ങുകയായിരുന്നു.
ഒ.പി. നടക്കുന്നതിനിടെ 11 മണിയോടെ ഡോക്ടറും ജീവനക്കാരും ആംബുലൻസിൽ കളക്ടറുടെ വസതിയിലേക്കുപോയി. ഈ സമയം മുന്നൂറോളം രോഗികൾ ഒ.പി.യിൽ കാത്തുനിൽക്കുന്നുണ്ടായിരുന്നു. കളക്ടർ യോഗത്തിൽ പങ്കെടുക്കുകയായിരുന്നതിനാൽ ഡോക്ടർ ഉൾപ്പെട്ട സംഘത്തിന് ഒരു മണിക്കൂറോളം കാത്തുനിൽക്കേണ്ടി വന്നെന്നും ആരോപണമുണ്ട്. കളക്ടർക്ക് നഖത്തിലെ പഴുപ്പ് വൃത്തിയാക്കിക്കൊടുത്തശേഷം ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ഡോക്ടർ തിരികെയെത്തിയത്.
സംഭവത്തിൽ ഡോക്ടർമാർ പ്രതിഷേധിച്ചു. വിഷയം ആരോഗ്യമന്ത്രിയുടെയും വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെയും ശ്രദ്ധയിൽപ്പെടുത്തി. തിരക്കേറിയ ഒ.പിയിൽ രോഗികളെ പരിശോധിച്ചുകൊണ്ടിരുന്ന ഡോക്ടറെ അധികാര ദുർവിനിയോഗം ചെയ്താണ് കളക്ടർ സ്വകാര്യ ആവശ്യത്തിന് വിളിച്ചുവരുത്തിയതെന്ന് കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ (കെ.ജി.എം.ഒ.എ) കുറ്റപ്പെടുത്തിയിരുന്നു.
ഇതുകാരണം രോഗികൾക്ക് ബുദ്ധിമുട്ടുണ്ടായി. ഡോക്ടർമാരോട് മാന്യമായ ഇടപെടൽ ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധത്തിലേക്ക് നീങ്ങുമെന്ന് ജില്ലാ ഭാരവാഹികൾ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് അനുനയ ചർച്ചകൾ.