തിരുവനന്തപുരം: ജീവനക്കാരുടെ സമരം മൂലം എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനം മുടങ്ങിയപ്പോൾ വിമാനത്താവളത്തിന് പുറത്ത് ഏങ്ങികരയുകയായിരുന്നു അമൃത എന്ന യുതി. മസ്‌കത്തിൽ ചികിത്സയിൽ കഴിയുന്ന ഭർത്താവിനെ കാണാൻ പോകാൻ നീറുന്ന ഹൃദയവുമായി എയർപോർട്ടിലെത്തിയതായിരുന്നു ഈ യുവതി. എന്നാൽ വിമാന സർവീസ് റദ്ദായതോടെ അമൃതയുടേയും അമ്മയുടേയും യാത്രയും റദ്ദായി.

ആ സമരം നടന്നില്ലായിരുന്നെങ്കിൽ അമൃതയ്ക്ക് രാജേഷിനെ അവസാനമായൊന്നു കാണാനെങ്കിലും കഴിഞ്ഞേനെ. ഹൃദ്രോഗബാധയെത്തുടർന്ന് ആൻജിയോപ്ലാസ്റ്റി ചികിത്സ നടത്തിയ ശേഷം മസ്‌കത്തിലെ താമസസ്ഥലത്തു വിശ്രമിക്കുമ്പോഴാണ് കരമന നെടുങ്കാട് വാടകയ്ക്ക് താമസിക്കുന്ന മധുര സ്വദേശി നമ്പി രാജേഷ് (40) തിങ്കളാഴ്ച മരണത്തിനു കീഴടങ്ങിയത്. ഭർത്താവിന് വയ്യെന്നറിഞ്ഞ് ഭാര്യ അമൃതയും അമ്മയും എട്ടിനു മസ്‌കത്തിലേക്കു പോകാൻ ടിക്കറ്റെടുത്തെങ്കിലും രണ്ട് ദിവസം തുടർച്ചയായി എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനം റദ്ദാക്കിയതിനാൽ യാത്ര മുടങ്ങിയതോടെയാണ് അമൃതയ്ക്ക് രാജേഷിനെ അവസാനമായി ഒരു നോക്ക് കാണാനുള്ള അവസരം നഷ്ടായത്.

ആദ്യദിവസം പുലർച്ചെ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് ഫ്‌ളൈറ്റ് റദ്ദായ വിവരം അറിയുന്നത്. അവസ്ഥ കരഞ്ഞു പറഞ്ഞതോടെ അടുത്ത ദിവസം ഇതേ ഫ്‌ളൈറ്റിൽ ടിക്കറ്റ് നൽകി. എന്നാൽ, പിറ്റേന്നും സർവീസ് റദ്ദാക്കി. ടിക്കറ്റ് പണം തിരികെ നൽകിയിരുന്നെങ്കിൽ അവർ മറ്റൊരു വിമാനത്തിലെങ്കിലും മസ്‌കത്തിൽ എത്തിയേനെ. സമരം മൂലം യാത്ര മുടങ്ങിയിരുന്നില്ലെങ്കിൽ താമസസ്ഥലത്തു രാജേഷിനൊപ്പം അന്ന് അമൃതയും അമ്മയും ഉണ്ടാകുമായിരുന്നു. 2 ദിവസം വിമാനം മുടങ്ങിയതോടെ ഇനി വരേണ്ടെന്നും 16ന് താൻ നാട്ടിലെത്തുമെന്നും ഫോണിലൂടെ രാജേഷ് പറഞ്ഞിരുന്നു. തിരിച്ചെത്തുമെന്ന ആശ്വാസത്തിലിരിക്കെയാണ് വിയോഗവാർത്തയെത്തിയത്.

മസ്‌കത്തിൽ വാദി കബീർ ഇന്ത്യൻ സ്‌കൂളിൽ ഐടി മാനേജരായ രാജേഷിനെ ഏഴാം തീയതിയാണ് റൂവി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദയധമനികളിലെ ബ്ലോക്ക് നീക്കാൻ ആൻജിയോപ്ലാസ്റ്റി നടത്തിയ ശേഷം താമസസ്ഥലത്തെത്തി. തിങ്കളാഴ്ച സുഹൃത്തുക്കൾ രാജേഷിനു ഭക്ഷണം എത്തിച്ചു നൽകിയെങ്കിലും ഉറങ്ങിക്കിടക്കുന്നതു കണ്ടു മടങ്ങി. എന്നാൽ, ഏറെ നേരത്തിനു ശേഷവും ഫോൺ എടുക്കാതിരിക്കുകയും സന്ദേശങ്ങൾ കാണാതിരിക്കുകയും ചെയ്തതോടെ സുഹൃത്തുക്കൾ വീണ്ടും എത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

കുടുംബത്തിനാകെ താങ്ങായിരുന്ന രാജേഷിന്റെ വേർപാടിന്റെ നടുക്കത്തിലാണ് ഉറ്റവർ. ബിഎസ്സി നഴ്‌സിങ് വിദ്യാർത്ഥിയാണ് അമൃത. അഞ്ചും മൂന്നും വയസ്സുള്ള രണ്ട് കുട്ടികളും ഇവർക്കുണ്ട്. രാജേഷിന്റെ മൃതദേഹം നാളെ രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിക്കും. തുടർന്ന്, നെടുങ്കാട് കഴുക് മാടൻകോവിലിന് എതിർവശത്തെ വീട്ടിൽ (ടിസി 43-2548) കൊണ്ടുവരും. സംസ്‌കാരം തൈക്കാട് ശാന്തി കവാടത്തിൽ.