- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കണ്ണൂരിലേത് അനാസ്ഥയുടെ ജീവനെടുക്കൽ
കണ്ണൂർ: കണ്ണൂർ ജില്ലാ ആശുപത്രിക്ക് പുറത്ത് അതിഥി തൊഴിലാളി കുഴഞ്ഞു വീണു മരിച്ച സംഭവത്തിൽ ആശുപത്രി സൂപ്രണ്ട് നൽകിയ വിശദീകരണ റിപ്പോർട്ട് തൃപ്തികരമല്ലാത്തതിനാൽ ആരോഗ്യവകുപ്പ് വീണ്ടും പുനരന്വേഷണമാരംഭിച്ചു. ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദ്ദേശപ്രകാരമാണ് ആരോഗ്യവകുപ്പ് അധികൃതർ പുനരന്വേഷണം തുടങ്ങിയത്. ഇതിന്റെ ഭാഗമായി ബുധനാഴ്‌ച്ച രാവിലെ ഡെപ്യൂട്ടി ഡി. എം.ഒ രേഖ ജില്ലാ ആശുപത്രിയിലെത്തി അന്വേഷണമാരംഭിച്ചു.
ജീവനക്കാരുടെ വീഴ്‌ച്ച മറച്ചുവെച്ചു ജില്ലാ ആശുപത്രി സൂപ്രണ്ട് നൽകിയ റിപ്പോർട്ട് ആശുപത്രി വികസനസമിതിക്ക് നേതൃത്വം നൽകുന്ന കണ്ണൂർ ജില്ലാ പഞ്ചായത്ത് തള്ളിയിരുന്നു. ഇതു വിവാദമായതിനെ തുടർന്ന് ആരോഗ്യവകുപ്പ് ഡയറക്ടറുടെ നിർദ്ദേശപ്രകാരമാണ് പുതിയ അന്വേഷണമാരംഭിച്ചത്. കടുത്ത മഞ്ഞ പിത്തബാധിതനായ അതിഥി തൊഴിലാളിയെയാണ് മതിയായ ചികിത്സ നൽകുകയോ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജാശുപത്രിയിലേക്ക് മാറ്റുകയോ ചെയ്യാതെ ആശുപത്രി ജീവനക്കാരും സെക്യൂരിറ്റിക്കാരും കൂടി ബലംപ്രയോഗിച്ചു ആശുപത്രി കോംപൗണ്ടിനു പുറത്താക്കിയത്. ഇതിനു ശേഷം വൈകുന്നേരത്തോടെ ഇയാൾ കുഴഞ്ഞുവീണുമരിക്കുകയായിരുന്നു.
മനുഷ്യ മന:സാക്ഷിയെ നടുക്കിയ സംഭവം പുറത്തറിഞ്ഞത് ജില്ലാ ആശുപത്രി പരിസരത്തെ ആംബുലൻസ് ഡ്രൈവർമാർ മാധ്യമങ്ങൾക്ക് വീഡിയോ ദൃശ്യം അയച്ചു കൊടുത്തതിനു ശേഷമാണ്. കണ്ണൂർ പഴയ ബസ്സ്റ്റാൻഡിൽ അവശനിലയിൽകണ്ടെത്തിയ ഹിമാചൽ പ്രദേശ് സ്വദേശിയെ പൊലിസ് വിവരമറിയിച്ചതനുസരിച്ചു ഫയർഫോഴ്സാണ് ജില്ലാ ആശുപത്രിയിലെത്തിച്ചത്. എന്നാൽ കാലിന് പഴുപ്പു ബാധിച്ച യുവാവിനെ മരണം സംഭവിക്കുന്നതിന് മുൻപും ആശുപത്രിയിലെത്തിച്ചതായി പൊലിസ് വ്യക്തമാക്കിയത് ആശുപത്രി അധികൃതരെ വെട്ടിലാക്കിയിട്ടുണ്ട്. മരിക്കുന്നതിന് തലേദിവസം രാത്രിയിൽ ഒ.പിയിലെത്തിച്ച ഇയാളെ വേണ്ട വിധം പരിശോധിച്ചു ആശുപത്രിയിൽ അഡ്‌മിറ്റു ചെയ്യാൻ ഡ്യൂട്ടി ഡോക്ടറോ ജീവനക്കാരോ തയ്യാറായിട്ടില്ലെന്ന ഞെട്ടിക്കുന്ന വിവരമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ഇതരസംസ്ഥാനക്കാരൻ ചികിത്സ കിട്ടാതെ മരിക്കാനിടയായത് ആശുപത്രി അധികൃതരുടെ ഗുരുതര വീഴ്ചയാണെന്നു പൊലിസ് പറയുമ്പോൾ മനുഷ്യത്വ ഹീനമായി പ്രവർത്തിച്ച സഹപ്രവർത്തകരെവെള്ളപൂശുന്ന റിപ്പോർട്ടാണ് ആശുപത്രി സൂപ്രണ്ട് സംഭവം വിവാദമായതിനെ തുടർന്ന് ആരോഗ്യവകുപ്പിന് നൽകിയത്. ആദ്യദിവസം പൊലിസും തൊട്ടടുത്ത ദിവസം ഫയർഫോഴ്സും കൃത്യമായി ആശുപത്രിയിലെത്തിച്ചിട്ടും ചെറുവിരൽ പോലും അനക്കാൻ ജില്ലാ ആശുപത്രി അധികൃതർ തയ്യാറായില്ലെന്ന ആരോപണമാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്.
മാനസിക വിഭ്രാന്തികാണിച്ച യുവാവിനെ പ്രവേശിപ്പിക്കാത്തതിന് മാനസിക രോഗികളെ പ്രവേശിപ്പിക്കാനുള്ള വാർഡില്ലെന്ന തൊടു ന്യായമാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറും ജീവനക്കാരും പറഞ്ഞിരുന്നത്. എന്നാൽ പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജിൽ ഈ സൗകര്യമുള്ളതിനാൽ അങ്ങോട്ടു മാറ്റാൻ റഫർ ചെയ്തുവെങ്കിലും ആംബുലൻസോ കൂടെ പോകാനുള്ള ജീവനക്കാരെയോ ഏർപ്പെടുത്തിയിരുന്നില്ല.കൂടെ ആരുമില്ലാത്ത രോഗികളെ മറ്റു ആശുപത്രികളിലേക്ക് റഫർ ചെയ്യുകയാണെങ്കിൽ ആളില്ലാത്തതിന്റെ പേരിൽ ചികിത്സ നിഷേധിക്കരുതെന്ന ആരോഗ്യമന്ത്രിയുടെ നിർദ്ദേശം നിലനിൽക്കവേയാണ് ഈ അനാസ്ഥ ജീവനക്കാർ കാണിച്ചത്.
ഇത്തരം സാഹചര്യത്തിൽ ആശുപത്രിയിലെ ഏതെങ്കിലും ജീവനക്കാരനെ രോഗിയെ റഫർ ചെയ്ത ആശുപത്രിയിലെത്തിക്കാനുള്ള ഡ്യൂട്ടി നൽകി ചികിത്സ ഉറപ്പുവരുത്താനുള്ള പ്രാഥമിക കടമ പോലും ഇവർ നിർവഹിച്ചില്ലെന്ന ആരോപണം ശക്തമാണ്. ചികിത്സ കിട്ടാതെ ഇതരസംസ്ഥാനക്കാരൻ ആശുപത്രിക്ക് സമീപം മരിച്ചു വീണ സംഭവത്തിൽ കണ്ണൂർ ജില്ലാ ആശുപത്രി ജീവനക്കാർക്ക് ഗുരുതരമായ വീഴ്‌ച്ച സംഭവിച്ചിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം.
ഇതരസംസ്ഥാന തൊഴിലാളിയുടെ മരണം വിവാദമായപ്പോൾ ആശുപത്രി സൂപ്രണ്ട് കണ്ണൂർ ജില്ലാ പഞ്ചായത്തിന് വിശദീകരണ റിപ്പോർട്ട് നൽകിയിരുന്നു. ഇതിൽ ആശുപത്രിജീവനക്കാർക്ക് വീഴ്ചപറ്റിയിട്ടില്ലെന്നാണ് സൂചിപ്പിച്ചിരുന്നത്. എന്നാൽ ഇതുതള്ളിക്കളഞ്ഞു കൊണ്ടു ജില്ലാാപഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ ആരോഗ്യവകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽ ഇതു കൊണ്ടുവരികയായിരുന്നു. കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്ത രോഗിയെകൊയു പോകാത്തകാര്യം മേലധികാരികളെ അറിയിക്കാത്ത കാര്യവും റിപ്പോർട്ടിലുണ്ടായിരുന്നില്ല.
ഇതിനിടെ ജില്ലാ ആശുപത്രിയിലെത്തിച്ച ഇതരസംസ്ഥാന തൊഴിലാളിയെ ആശുപത്രിക്ക് പുറത്തു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന്റെ അന്വേഷണം ലോക്കൽ പൊലിസിൽ നിന്നും മാറ്റി മറ്റേതെങ്കിലും കുറ്റാന്വേഷണ ഏജൻസിയെ ഏൽപ്പിക്കണമെന്ന് മനുഷ്യാവകാശ കൂട്ടായ്മ ആവശ്യപ്പെട്ടു. മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്ത രോഗിയെ ആശുപത്രിക്ക് പുറത്ത് മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹതയുണ്ട്. മാനസിക വിഭ്രാന്തി കാ്ണിച്ച ഇയാൾ ആശുപത്രിക്ക് പുറത്തിറങ്ങിയ ശേഷം പിന്നീട് ആശുപത്രിയിലേക്ക് പോയപ്പോൾ പൊലിസുകാരും സെക്യൂരിറ്റിക്കാരും ഓടിക്കുകയായിരുന്നുവെന്ന് സമീപത്തുണ്ടായിരുന്ന ദൃക്സാക്ഷികളായ സ്വകാര്യ ആംബുലൻസ് ഡ്രൈവർമാർ വ്യക്തമാക്കിയിട്ടുണ്ട്. യുവാവിന്റെ മരണത്തിന് ഉത്തരവാദികളായവരെ ജോലിയിൽ നിന്നും മാറ്റി നിർത്തുകയാണ് വേണ്ടതെന്നു കണ്ണൂരിൽ ചേർന്ന മനുഷ്യാവകാശ കൂട്ടായ്മയുടെ യോഗം ആവശ്യപ്പെട്ടു.
ആശുപത്രി രക്ഷയ്ക്കെന്ന പേരിൽ സംസ്ഥാനസർക്കാർ കൊണ്ടുവന്ന രോഗീദ്രോഹ നിയമത്തിന്റെ പേരിലാണ് ഇത്തരം ഗുണ്ടായിസം അരങ്ങേറുന്നത്. ജില്ലാആശുപത്രി കാഷ്വാലിറ്റി വാർഡിനുള്ളിൽ ഒ.പി റൂമിനോട് ചേർന്ന് സ്ഥിരമായി പൊലിസിനെ നിയമിച്ചിരിക്കുകയാണ്. അതിനുപുറമേയാണ് സെക്യൂരിറ്റിക്കാരുടെ വിളയാട്ടം. രോഗികളെ സഹായിക്കുന്നതിനു പകരം അവരെ തരംതിരിക്കുകയും തടയുകയും രോഗികളെആശുപത്രികളിൽ നിന്നും ആട്ടിയോടിക്കുകയുമാണ് ഇവർ ചെയ്യുന്നതെന്ന് മനുഷ്യാവകാശ കൂട്ടായ്മ ചെയർമാൻ ജോർജ് പറഞ്ഞു.
ജില്ലാ ആശുപത്രി വാർഡിനുള്ളിൽ നിന്ന് പൊലിസിനെ പുറത്താക്കണമെന്നും കാഷ്വാലിറ്റിയിലെത്തുന്ന രോഗികളെ ആദ്യം സെക്യൂരിറ്റിക്കാർ പരിശോധിക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.