- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അമ്മയ്ക്ക് കരൾ പകുത്തു നൽകാനൊരുങ്ങി 18കാരി
അന്നമനട: തന്റെ 18-ാം പിറന്നാളിനായുള്ള കാത്തിരിപ്പിലായിരുന്നു മേലഡൂർ ആനാമ്പലത്ത് ദിനിൽകുമാറിന്റെ മകൾ ദിയ. പതിവു പിറന്നാളുകൾ പോലെ ആഘോഷത്തിനോ സമ്മാനങ്ങൾ ലഭിക്കുന്നതിനോ ആയിരുന്നില്ല ദിയയുട ആ കാത്തിരിപ്പ്. മറിച്ച് തന്റെ എല്ലാ പിറന്നാളും സ്‌നേഹ സമ്മാനം കൊണ്ട് മൂടുന്ന അമ്മ റീനയ്ക്ക് ഒരു വിശിഷ്ട സമ്മാനം തിരികെ നൽകാനായിരുന്നു ദിയ ദിവസങ്ങൾ എണ്ണി കാത്തിരുന്നത്. കരൾ രോഗ ബാധിതയായ അമ്മയ്ക്ക് പുതുജീവിതമേകാൻ സ്വന്തം കരൾ തന്നെ പകുത്തുനൽകാൻ തയ്യാറായി കാത്തിരിക്കുകയാണ് ഇന്ന് 18 തികയുന്ന ഈ പെൺകുട്ടി.
41-കാരിയായ റീനയ്ക്ക് അടുത്തിടെയാണ് കരൾരോഗം സ്ഥിരീകരിച്ചത്. ജീവിത തിരികെ പിടിക്കണമെങ്കിൽ കരൾ മാറ്റിവയ്ക്കൽ അനിവാര്യമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഇതോടെ ഈ കുടുംബം പ്രതിസന്ധിയിലായി. കരൾ മാറ്റിവയ്ക്കുന്നതിനുള്ള ഭാരിച്ച ചിലവും ദാതാവിനെ കണ്ടെത്തുന്നതുമാണ് ഈ കുടുംബത്തെ കുഴപ്പിച്ചത്. ദാതാവിനെ കണ്ടെത്താനുള്ള ശ്രമത്തിനിടെയാണ് അമ്മയ്ക്ക് തന്റെ കരൾ പകുത്തുനൽകാനാകുമോയെന്നറിയാൻ പരിശോധന നടത്തണമെന്ന് ദിയ ആവശ്യപ്പെടുന്നത്. തുടർന്ന് നടത്തിയ പരിശോധനാഫലങ്ങൾ കരൾമാറ്റത്തിന് അനുകുലമാകുകയും ചെയ്തു.
ഇത് കുടുംബത്തിന് ആശ്വാസം പകർന്നെങ്കിലും ദിയയുടെ വയസ്സ് പ്രശ്‌നമായി. 18 വയസ്സ് തികഞ്ഞവർക്കേ അവയവദാനത്തിന് സ്വയം സമ്മതം നൽകാനാകൂ. അന്നു മുതൽ 18 വയസ്സ് തികയാനുള്ള കാത്തിരിപ്പിലായിരുന്നു ദിയ. 18-ാം ജന്മദിനമായ വ്യാഴാഴ്ച മറ്റ് നടപടികൾ പൂർത്തിയായാൽ എറണാകുളത്തെ ലേക്ഷോർ ആശുപത്രിയിലെത്തി കരൾ മാറ്റ ശസ്ത്രക്രിയയ്ക്കുള്ള സമ്മതപത്രം ഒപ്പിട്ട് തുടർകാര്യങ്ങളിലേക്ക് കടക്കാനാകുമെന്നാണ് ദിയയും കുടുംബവും കരുതുന്നത്.
കരൾ ദിയ പകുത്തു നൽകുമെങ്കിലും റീനയുടെ ചികിത്സയ്ക്ക് സുമനസ്സുകളുടെ സഹായവും ആവശ്യമാണ്. ഇലക്ട്രീഷ്യനായി ജോലിനോക്കുന്ന ദിനിലിനും കുടുംബത്തിനും ഇതുവരെയുള്ള ചികത്സച്ചെലവുതന്നെ വലിയ സാമ്പത്തികബാധ്യതയാണ് ഉണ്ടാക്കിയിരിക്കുന്നത്. ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് ചികിത്സാസഹായം സ്വരൂപിക്കാൻ ശ്രമിക്കുന്നുണ്ട്. ഈ വിഷമസന്ധികൾക്കിടയിലും പ്ലസ്ടു പരീക്ഷയിൽ മികച്ച മാർക്ക് ദിയ നേടിയിരുന്നു. കരൾമാറ്റം കഴിഞ്ഞാലും പഠനത്തിരക്കിലേക്ക് മടങ്ങണം. ഐ.ടി. മേഖല സ്വപ്നം കാണുന്ന ദിയയ്ക്കും സഹോദരനും തുടർപഠനത്തിനും വഴി കണ്ടെത്തണം. ഇതിനൊക്കെ ദിനിലിന് കിട്ടുന്ന ചെറിയ വരുമാനം മാത്രമാണ് ആശ്രയം.