കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിൽ കൈവിരലിന്റെ ശസ്ത്രക്രിയക്ക് എത്തിയ നാല് വയസുകാരിക്ക് ശസ്ത്രക്രിയാപ്പിഴവ് സംഭവിച്ചെന്ന പരാതിയിൽ അസോസിയേറ്റ് പ്രൊഫസർ ഡോ. ബിജോൺ ജോൺസണെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. സംഭവത്തെപ്പറ്റി അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. അതേ സമയം തുടർ നടപടികൾ അന്വേഷണത്തിനു ശേഷം മാത്രമേ സ്വീകരിക്കാനാവൂ എന്നും കോഴിക്കോട് മാതൃ ശിശു സംരക്ഷണ കേന്ദ്രം അറിയിച്ചു.

കൈവിരലിന്റെ ശസ്ത്രക്രിയക്ക് എത്തിയ നാലുവയസ്സുകാരിക്കാണ് നാവിൽ ശസ്ത്രക്രിയ നടത്തിയത്. സംഭവത്തിൽ ഡോക്ടർ മാപ്പു പറഞ്ഞിരുന്നു. വിഷയത്തിൽ ആരോഗ്യ - ശിശുസംരക്ഷണ വകുപ്പിന് നേരെ രൂക്ഷ വിമർശനങ്ങൾ ഉയർന്നിരുന്നു. കൂടാതെ, കുട്ടിയുടെ മാതാപിതാക്കൾ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സർക്കാർ ആശുപത്രികളിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ട്ടപ്പെടുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വാർത്താക്കുറിപ്പിൽ പ്രതികരിച്ചിരുന്നു.

തുടർന്ന് വിശദമായ അന്വേഷണം നടത്തി തുടർനടപടി സ്വീകരിക്കാനും ആശുപത്രികൾ പ്രോട്ടോകോളുകൾ കൃത്യമായി പാലിക്കാനും മന്ത്രി കർശന നിർദ്ദേശം നൽകി. നേരത്തേ കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്.

ചെറുവണ്ണൂർ മധുര ബസാർ സ്വദേശിനിയായ നാലു വയസ്സുകാരിക്കാണ് ദുരനുഭവം നേരിട്ടത്. വ്യാഴാഴ്ച രാവിലെയായിരുന്നു കുട്ടിയുടെ കുടുംബം ശസ്ത്രക്രിയയ്ക്കെത്തിയത്. കുട്ടിയുടെ നാവിനും ആരോഗ്യപരമായ പ്രശ്നമുണ്ടായിരുന്നുവെന്നാണ് മെഡിക്കൽ കോളേജ് അധികൃതരുടെ ഭാഷ്യം. പിന്നീട്, മറ്റൊരു ശസ്ത്രക്രിയയിലൂടെ കുട്ടിയുടെ ആറാം വിരൽ നീക്കംചെയ്തു.

കുട്ടി കരഞ്ഞപ്പോഴാണ് നാവിലെ പ്രശ്നം ശ്രദ്ധയിൽപ്പെട്ടതെന്നും അതിനാൽ അത് ശസ്ത്രക്രിയ ചെയ്ത് നീക്കം ചെയ്തുവെന്നുമാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ അമ്മയും കുഞ്ഞും വിഭാഗം സൂപ്രണ്ട് പറഞ്ഞത്. കുട്ടിയുടെ ബന്ധുക്കളോട് വിവരം പറയാൻ സാധിച്ചില്ല. കുട്ടിയുടെ ബന്ധുക്കളുമായി നടത്തിയ ആശയവിനിമയത്തിൽ വന്ന അപാകതയാണ് കാരണമെന്നുമായിരുന്നു സൂപ്രണ്ടിന്റെ വിശദീകരണം.

അതേസമയം, കുട്ടിയുടെ നാവിന് എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾക്കായി ഡോക്ടറെ സമീപിച്ചിരുന്നില്ലെന്ന് കുടുംബം വ്യക്തമാക്കി. നാവുമായി ബന്ധപ്പെട്ട ചികിത്സയും ഇവർ നടത്തിയിരുന്നില്ല. ശസ്ത്രക്രിയ മാറിപ്പോയതിൽ ഡോക്ടർ തങ്ങളോട് മാപ്പുപറഞ്ഞെന്നും കുട്ടിയുടെ കുടുംബം പറഞ്ഞു.

ഇന്ന് രാവിലെ 9 30നാണ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ഗുരുതര ചികിത്സ പിഴവ് സംഭവിച്ചത്. നാലു വയസുകാരിയുടെ കൈപ്പത്തിയിലെ ആറാം വിരൽ നീക്കം ചെയ്യാനായാണ് ചെറുവണ്ണൂർ മധുര ബസാറിലെ കുടുംബം മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ എത്തിയത്. ആറാം വിരൽ മുടിയിൽ തട്ടിയും മറ്റും മുറിയുന്ന സാഹചര്യത്തിൽ ആയിരുന്നു ഇത് നീക്കം ചെയ്യാൻ ഡോക്ടർമാർ നിർദ്ദേശിച്ചതും അതിനനുസരിച്ച് എന്നിവർ ഓപിയിൽ എത്തിയതും. എന്നാൽ അരമണിക്കൂർ വേണ്ട ശസ്ത്രക്രിയയ്ക്ക് ശേഷം കുട്ടി പുറത്തെത്തുമ്പോൾ നാവിൽ പഞ്ഞി വെച്ച നിലയിലായിരുന്നു.

സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് മാതൃശിശു സംരക്ഷണ കേന്ദ്രം സൂപ്രണ്ട് ഡോക്ടർ അരുൺ പ്രീത് പറഞ്ഞിരുന്നു. കുട്ടിയുടെ നാവിന് ചെറിയ തടസ്സം ഉണ്ടായിരുന്നുവെന്നും ഇത് കണ്ടെത്തിയപ്പോൾ നീക്കാൻ തീരുമാനിച്ചതാണെന്നുമാണ് സൂപ്രണ്ടിന്റെ വിശദീകരണം. എങ്കിലും കുറഞ്ഞ സമയത്തിനിടെ കുട്ടിക്ക് രണ്ട് ശസ്ത്രക്രിയകൾ നടത്താൻ ഇടയായത് എന്തുകൊണ്ടെന്ന് പരിശോധിക്കുമെന്നും സൂപ്രണ്ട് വ്യക്തമാക്കി.

കെജിഎംസിടിഎയുടെ പ്രതികരണം

കോഴിക്കോട് മെഡിക്കൽ കോളേജിൽ ആറാം വിരൽ നീക്കം ചെയ്യേണ്ട ശസ്ത്രക്രിയക്ക് എത്തിയ കുട്ടിക്ക് നാക്കിന്നടിയിലായി കെട്ട് ശ്രദ്ധയിൽ പെടുകയായിരുന്നു. നാക്കിനടിയിലെ ചെറിയ വൈകല്യം ആയതിനാൽ ഇത് രക്ഷിതാക്കളുടെ ശ്രദ്ധയിൽ പെടാറില്ല.നാവിലെ കെട്ട് അഴിച്ചു കൊടുക്കാതെ ഇരുന്നാൽ ഇപ്പോൾ പ്രതൃക്ഷപ്രശ്‌നങ്ങൾ ഇല്ലെങ്കിലും ഭാവിയിൽ അത് സംസാര വൈകല്യത്തിന് കാരണമാകാം എന്നുള്ളതിനാലും സംസാരം പൂർണ്ണമായി വികസിച്ചു കഴിഞ്ഞാൽ സംസാര വൈകല്യം ചികിത്സിച്ചു ഭേദമാക്കാൻ ബുദ്ധിമുട്ടായതിനാലും ഇതിന് പ്രഥമ പരിഗണന നൽകി കുട്ടിയെ ആ ശസ്ത്രക്രിയക്ക് പോസ്റ്റ് ചെയ്യുക ആയിരുന്നു.

Tongue tie ഇല്ലാത്ത കുട്ടികളിൽ ഈ ശസ്ത്രക്രിയ സാധ്യമല്ല എന്നുള്ളതും ശ്രദ്ധേയമാണ്. എന്നാൽ ശസ്ത്രക്രിയക്ക് ശേഷം ആറാം വിരലിന്റെ ശസ്ത്രക്രിയ ഇപ്പോൾ തന്നെ ചെയ്യണമെന്ന് മാതാപിതാക്കൾ ആവശ്യപ്പെട്ടതിനാൽ അതും അപ്പോൾ തന്നെ ചെയ്യുകയായിരുന്നു . നാക്കിന്റെ താഴെ പാട പോലെ കാണുന്ന (tongue tie) നാക്കിലെ കെട്ട് ആണ്. ഇതാണ് ശസ്ത്രക്രിയ ചെയ്തു മാറ്റിയത്. ഇത് ശസ്ത്രക്രിയക്ക് ശേഷം കുട്ടിയുടെ മാതാപിതാക്കളെ പറഞ്ഞു മനസ്സിലാക്കുകയും ചെയ്തു. ഇതല്ലാതെ നാക്കിന്റെ അറ്റം മുറിച്ചു എന്ന രീതിയിലുള്ള പ്രചാരണം അടിസ്ഥാന രഹിതമാണ്. വസ്തുതകൾ അന്വേഷിക്കാതെയും കൃത്യമായ അന്വേഷണം നടത്താതെയും ധൃതി പിടിച്ചു നടത്തിയ സസ്‌പെൻഷൻ നിർഭാഗ്യകരമാണ്. പ്രതികൂലമായ സാഹചര്യങ്ങളിലും സ്തുത്യർഹമായ സേവനം നൽകുന്ന മെഡിക്കൽ കോളേജ് ടീചർമാരുടെ ആത്മവീര്യം തകർക്കുന്നതാകരുത് ഇത്തരം നടപടികൾ.ഒരു പാട് നിരാലംബരായ രോഗികളുടെ അത്താണിയായ സ്ഥാപനത്തിന്റെ സത്‌പേരിന് കളങ്കം സൃഷ്ടിക്കുന്ന പ്രചാരണങ്ങളിൽ നിന്നും മാധ്യമങ്ങൾ വിട്ടു നിൽക്കണമെന്ന് KGMCTA അഭ്യർത്ഥിക്കുന്നു.