- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സമസ്ത മുഖപത്രത്തിന്റെ ഗൾഫ് എഡിഷൻ ഉദ്ഘാടനത്തിന് മുസ്ലിം ലീഗുകാർ പോകുന്നില്ല
കോഴിക്കോട്: സമസ്ത മുഖപത്രമായ സുപ്രഭാതത്തിന്റെ ഗൾഫ് എഡിഷന്റെ ഉദ്ഘാടനം മുസ്ലിംലീഗ് ബഹിഷ്‌കരിച്ചതോ? പാണക്കാട് സാദിഖലി തങ്ങൾ, പികെ കുഞ്ഞാലിക്കുട്ടി എന്നിവർ ക്ഷണിതാക്കളാണെങ്കിലും മുസ്ലിം ലീഗ് പാർട്ടിയുടെ യോഗമുള്ളതിനാൽ പങ്കെടുക്കില്ല. മുസ്ലിം ലീഗ് സംസ്ഥാന സമിതി ഇന്ന് കോഴിക്കോട് ചേരുന്ന സാഹചര്യത്തിലാണ് ഇത്.
അതിനിടെ ലീഗ് നേതൃത്വം സുപ്രഭാതം പത്രത്തിന്റെ പ്രധാന ചടങ്ങ് ബഹിഷ്‌ക്കരിച്ചെന്ന വിമർശനം സമസ്തക്കുള്ളിൽ ശക്തമാണ്. മുസ്ലിം ലീഗ് യോഗത്തിൽ ഇടഞ്ഞു നിൽക്കുന്ന സമസ്തയിലെ ഒരു വിഭാഗത്തോട് സ്വീകരിക്കേണ്ട നിലപാടും ചർച്ച ചെയ്യും. ഇന്ന് ദുബായിൽ വെച്ച് നടക്കുന്ന സുന്നി മുഖപത്രത്തിന്റെ ഗൾഫ് എഡിഷൻ ഉദ്ഘാടന ചടങ്ങ് നേരത്തെ തന്നെ നിശ്ചയിച്ചതാണ്. പാണക്കാട് സാദിഖലി തങ്ങളടക്കമുള്ളവരെ ഇതിനായി ക്ഷണിച്ചിരുന്നു. എന്നിട്ടും ദുബായ് യാത്ര ഒഴിവാക്കി. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനൊപ്പം കേരളത്തിലേക്കുള്ള മടക്കയാത്ര റിയാസ് നീട്ടിയത് ഈ യോഗത്തിൽ പങ്കെടുക്കാൻ വേണ്ടിയാണ്.
ഇതിനൊപ്പമാണ് മുസ്ലിം ലീഗ് നേതാക്കൾ സുപ്രഭാതത്തിന്റെ ചടങ്ങിൽ എത്താത്തത് ചർച്ചയാകുന്നത്. ക്ഷണം കിട്ടിയതിന് ശേഷം തെരഞ്ഞെടുപ്പ് വിലയിരുത്താനെന്ന പേരിൽ സംസ്ഥാന സമിതി യോഗം നിശ്ചയിക്കുകയായിരുന്നു. പ്രമുഖ ലീഗ് നേതാക്കളൊന്നും സുപ്രഭാതം പരിപാടിയിൽ പങ്കെടുക്കില്ല. ലീഗ് പക്ഷക്കാരായ മുഷാവറ അംഗം ഉൾപ്പടെയുള്ള പ്രമുഖ സമസ്ത നേതാക്കളും വിട്ടു നിൽക്കുമെന്നാണ് സൂചന. ഇതോടെ മറുവിഭാഗം ടീം സമസ്ത എന്ന പേരിൽ ലഘുലേഖയിലിറക്കി പ്രചാരണം തുടങ്ങിയിട്ടുണ്ട്.
സുന്നി പ്രവർത്തകരുടെ ബൂത്ത് കമ്മറ്റികളടക്കം രൂപീകരിച്ച് ബദൽ ഒരുക്കാനാണ് തീരുമാനം. തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥികൾക്കെതിരെ സമസ്ത നേതാക്കളുടെ അറിവോടെ നീക്കം നടത്തുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ലീഗിന്റെ ബഹിഷ്‌കരണം. കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ സുപ്രഭാതത്തിന്റെ ഗൾഫ് എഡിഷന്റെ ഉദ്ഘാടന ചടങ്ങിന് ക്ഷണിച്ചിരുന്നെങ്കിലും യുപിയിലെ പ്രചാരണ പരിപാടി കാരണം എത്താനാകില്ല എന്നാണ് അറിയിച്ചത്. കെ മുരളീധരൻ പരിപാടിയിൽ പങ്കെടുക്കാൻ ദുബായിൽ എത്തിയിട്ടുണ്ട്.
ഇതോടെ റിയാസാണ് ചടങ്ങിൽ രാഷ്ട്രീയ രംഗത്ത് നിന്ന് പങ്കെടുക്കുന്ന പ്രമുഖനായ അതിഥി. സമസ്തയുമായി ഒത്തുതീർപ്പ് നീക്കങ്ങളില്ലെന്നാണ് മുസ്ലിം ലീഗ് നേതൃത്വത്തിന്റെ നിലപാട്. അതേസമയം തർക്കം മൂർച്ഛിക്കുന്ന സാഹചര്യത്തിൽ സമസ്തയുടെ ബഹാവുദ്ദിൻ നദ്വി അടക്കമുള്ള മുഷാവറാ അംഗങ്ങളെ കൂടെ നിർത്താനും ലീഗ് നീക്കം നടത്തുന്നുണ്ട്.