ലണ്ടൻ: നെറ്റ് ഇമിഗ്രേഷൻ കുറയ്ക്കുന്നതിന്റെ ഭാഗമായി നിയമപരമായ കുടിയേറ്റവും നിയന്ത്രിക്കാൻ യു കെ സർക്കാർ തയ്യാറെടുക്കുമ്പോൾ തിരിച്ചടിയാകുന്നത് ഇന്ത്യയിൽ നിന്നുള്ളവർ ഉൾപ്പടെയുള്ള വിദേശ വിദ്യാർത്ഥികൾക്ക്. വിദേശ വിദ്യാർത്ഥികൾക്കുള്ള വിസ ചട്ടങ്ങൾ സർക്കാർ കർശനമാക്കിയതോടെ എച്ച് എസ് ബി സി, ഡെലോയ്റ്റ് തുടങ്ങി പ്രമുഖ സ്ഥാപനങ്ങൾ യു കെയിലെ വിദേശ ബിരുദധാരികൾക്ക് നൽകിയിരുന്ന തൊഴിൽ ഓഫറുകൾ റദ്ദാക്കി എന്ന് ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സ്‌കിൽഡ് വർക്കർ വിസയ്ക്കുള്ള കുറഞ്ഞ വേതന പരിധി ഉയർത്തിയത്തും ഇതിനൊരു കാരണമായിട്ടുണ്ട്.

സ്‌കിൽഡ് വിസയിൽ യു കെയിൽ എത്തുന്നതിനുള്ള മിനിമം വേതനം 26,200 പൗണ്ടിൽ നിന്നും 38,700 പൗണ്ട് ആക്കി ഉയർത്തിയിരുന്നു. 26 വയസ്സിന് താഴെയുള്ളവർക്ക് ഇത് 30960 പൗണ്ട് ആണ്. ഇതോടെയാണ് എച്ച് എസ് ബി സിയും ഡെലോയ്റ്റും ഉൾപ്പടെയുള്ളവർ ഓഫർ ലെറ്ററുകൾ പിൻവലിച്ചത്. നേരത്തെ കെ പി എം ജിയും സമാനമായ നടപടി സ്വീകരിച്ചിരുന്നു. പഠനം കഴിഞ്ഞാൽ അവിടെ തന്നെ ഒരു ജോലി നെടിയെടുക്കാം എന്നുള്ള പ്രതീക്ഷയാണ് കേരളത്തിൽ നിന്നുള്ളവർ ഉൾപ്പടെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് യു കെയിൽ പഠനം നടത്തുന്നതിന് പ്രേരകമാകുന്നത്.

ആ പ്രതീക്ഷയിൽ തന്നെയാണ് വലിയ തുകകൾ ചെലവഴിച്ച് അവർ യു കെയിലേക്ക് പോകുന്നതും. എന്നാൽ, ഇപ്പോൾ യു കെ സർക്കാർ കർശന നില്ലപാട് സ്വീകരിച്ചതോടെ ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ മോഹങ്ങളാണ് കരിയുന്നത്. ലഭിച്ച ജോലി ഓഫറുകൾ റദ്ദായതോടെ പലരും നാട്ടിലേക്ക് മടങ്ങേണ്ടുന്ന സാഹചര്യത്തിലാണ്. ഡിജിറ്റൽ- ഇന്നോവേഷൻ മേഖലയിലെ വിദ്യാർത്ഥികളെയാണ് എച്ച് എസ് ബി സിയുടെ പിന്മാറ്റം പ്രധാനമായും ബാധിക്കുക.

കഴിഞ്ഞ വർഷം 2,700 ൽ അധികം പേർക്ക് തൊഴിൽ നൽകിയ ഡെലോയ്റ്റ്, ഇത്തവണ വിദേശ വിദ്യാർത്ഥിക്കൾക്ക് നൽകിയ ഓഫറുകളിൽ 35 ശതമാനത്തോളം ഓഫറുകളും പിൻവലിച്ചതായാണ് അറിയാൻ കഴിയുന്നത്. ചില തസ്തികകളിൽ സ്പോൺസർഷിപ്പിന് പുതിയ മാനദണ്ഡങ്ങള്ള് തടസ്സമാകുന്നു എന്നാണ് ഡെലോയ്റ്റ് പറയുന്നത്. കെ. പി, എം ജി കഴിഞ്ഞ മാസം തന്നെ വിദേശ വിദ്യാർത്ഥികൾക്ക് നൽകിയ ഓഫറുകൾ റദ്ദാക്കിയിരുന്നു.

കൂനിന്മേൽ കുരു എന്നതുപോലെ ഗ്രജ്വേറ്റ് വിസ പ്രോഗ്രാം നിർത്തലാക്കുന്നതിന് കുടിയേറ്റ ഉപദേശക സമിതി ശുപാർശ ചെയ്തിട്ടുമുണ്ട്. ബിരുദ പഠനത്തിനായി പോകുന്നവർക്ക്, പഠനം കഴിഞ്ഞാൽ രണ്ടു വർഷം കൂടി ബ്രിട്ടനിൽ താമസിക്കുന്നതിനും തൊഴിലിൽ ഏർപ്പെടുന്നതിനും സൗകര്യം നൽകുന്നതായിരുന്നു ഈ പദ്ധതി. ഇത് നിർത്തലാക്കിയാൽ, പിന്നെ വിദേശ വിദ്യാർത്ഥികൾക്ക് പഠനം പൂർത്തിയായാൽ ഉടൻ സ്വന്തം രാജ്യത്തേക്ക് മടങ്ങേണ്ടതായി വരും.