- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മംഗളം ലേഖകൻ വിശാഖന് ഫോൺ തിരിച്ചു കിട്ടിയത് 10 മാസത്തിന് ശേഷം
കൊച്ചി: മറുനാടൻ എഡിറ്റർ ഷാജൻ സ്‌കറിയയുടെ സുഹൃത്തായതു കൊണ്ട് മാത്രം പിടിച്ചെടുത്ത മാധ്യമ പ്രവർത്തകന്റെ മൊബൈൽ ഫോൺ ഹൈക്കോടതി ഉത്തരവിനെ തുടർന്ന് പൊലീസ് തിരികെ നൽകി. മംഗളം പത്തനംതിട്ട ജില്ലാ ലേഖകൻ ജി. വിശാഖന്റെ ഫോൺ ആണ് 10 മാസത്തിന് ശേഷം തിരികെ നൽകിയിരിക്കുന്നത്. എറണാകുളം സെൻട്രൽഎ സി പി ഓഫീസിൽ നിന്ന് വിശാഖൻ ഫോൺ ഇന്ന് രാവിലെ തിരികെ വാങ്ങി.
നിയമവിരുദ്ധമായി പിടിച്ചെടുത്ത മൊബൈൽ ഫോൺ ഹൈക്കോടതി ഉത്തരവ് മറികടന്ന് ഫോറൻസിക് ലാബിലേക്ക് അയച്ച പൊലീസിന് ഹൈക്കോടതി വിധി തിരിച്ചടിയായിരുന്നു. നാലാഴ്ചയ്ക്കുള്ളിൽ ഫോൺ ഫോറൻസിക് ലാബിൽ നിന്ന് എടുത്ത് ഹർജിക്കാരന് തിരികെ നൽകാൻ ഹൈക്കോടതി എറണാകുളം സെൻട്രൽ അസി. പൊലീസ് കമ്മിഷണർക്ക് നിർദ്ദേശം നൽകിയിരുന്നു. മംഗളം പത്തനംതിട്ട ജില്ലാ ലേഖകൻ ഓമല്ലൂർ ഉജ്ജയിനിയിൽ ജി. വിശാഖൻ അഡ്വ. ഡി. അനിൽകുമാർ മുഖേനെ നൽകിയ ഹർജിയിൽ ജസ്റ്റിസ് ബച്ചു കുര്യൻ തോമസിന്റേതായിരുന്നു ഉത്തരവ്. ഇതോടെ മറുനാടൻ മലയാളിയുമായി ബന്ധപ്പെട്ട ഒരു കേസിൽക്കൂടി പൊലീസിനും സർക്കാരിനും കനത്ത തിരിച്ചടി നേരിട്ടിരുന്നു. ഈ വിധി അനുസരിച്ചാണ് വൈശാഖന് ഇപ്പോൾ ഫോൺ തിരികെ കിട്ടുന്നത്.
പി.വി. ശ്രീനിജൻ എംഎൽഎ നൽകിയ പരാതിയിൽ എളമക്കര പൊലീസ് മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയയ്ക്ക് എതിരേ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിന്റെ സുഹൃത്തായ ജി. വിശാഖന്റെ മൊബൈൽ ഫോൺ എറണാകുളം സെൻട്രൽ അസി. പൊലീസ് കമ്മിഷണറുടെ നിർദ്ദേശ പ്രകാരം പത്തനംതിട്ട എസ്.എച്ച്.ഓ ആയിരുന്ന ജിബു ജോൺ പിടിച്ചെടുത്തത്. കഴിഞ്ഞ വർഷം ജൂലൈ മൂന്നിനാണ് വിശാഖന്റെ വീട്ടിൽ പരിശോധന നടത്തുകയും ഫോൺ നിയമംലംഘിച്ച് പിടിച്ചെടുക്കുകയും ചെയ്ത്.
പൊലീസ് പീഡനം ആരോപിച്ചും പ്രതിയല്ലാത്ത തന്റെ ഫോൺ പിടിച്ചെടുത്തുവെന്ന് കാണിച്ചും വിശാഖൻ ഹൈക്കോടതിയെ സമീപിച്ചു. കേസ് പരിഗണിച്ച ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ കേസിൽ പ്രതിയല്ലാത്തയാളുടെ ഫോൺ പിടിച്ചെടുത്തതിനെ നിശിതമായി വിമർശിക്കുകയും പത്രപ്രവർത്തകന് ഭരണഘടന നൽകിയിട്ടുള്ള അവകാശങ്ങൾ സംബന്ധിച്ച് നിരീക്ഷണം നടത്തുകയും ചെയ്തു.
ഹർജിക്കാരൻ കേസിൽ പ്രതിയല്ലെന്നും അദ്ദേഹത്തെ ചോദ്യം ചെയ്യേണ്ട കാര്യമില്ലെന്നും ഫോൺ ആവശ്യമില്ലെന്നും ഹൈക്കോടതിയിൽ സർക്കാർ അഭിഭാഷകൻ അറിയിച്ചതിനെ തുടർന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിച്ച് ഫോൺ തിരികെ എടുക്കാമെന്ന് ഹൈക്കോടതി നവംബർ എട്ടിന് ഉത്തരവിട്ടു. ഇതനുസരിച്ച് ഡിസംബർ 22 ന് വിശാഖൻ സെഷൻസ് കോടതിയിൽ ഫോൺ തിരികെ കിട്ടാനാവശ്യപ്പെട്ട് ഹർജി നൽകി. എന്നാൽ, ഫോൺ ഫോറൻസിക് ലാബിലേക്ക് അയച്ചുവെന്ന് കാട്ടി ഡിസംബർ 30 ന് ഹർജി തീർപ്പാക്കി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഹൈക്കോടതി വിധി നവംബർ എട്ടിന് വന്നതിന് പിന്നാലെ ഒമ്പതാം തീയതി തിരക്കിട്ട് ഫോൺ ഫോറൻസിക് ലാബിലേക്ക് അയയക്കാൻ അപേക്ഷ നൽകിയെന്നും നവംബർ 16 ന് കോടതി അനുമതിയോടെ അത് അയച്ചുവെന്നും വ്യക്തമായി.
ഇത് ഹൈക്കോടതി വിധിയുടെ ലംഘനമാണെന്നും അന്വേഷണ ഉദ്യോഗസ്ഥനായ സെൻട്രൽ എ.സി.പിയുടെ അധികാര ദുർവിനിയോഗമാണെന്നും കാട്ടിയാണ് വിശാഖൻ വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. എളമക്കര പൊലീസ് സ്റ്റേഷനിലെ കേസുമായി ഈ ഫോണിന് യാതൊരു ബന്ധവുമില്ലാത്തതിനാൽ തന്നെ അതിന്മേൽ ഒരു ഫോറൻസിക് പരിശോധനയുടെയും ആവശ്യമില്ലെന്ന് കോടതി പറഞ്ഞു. അതു കൊണ്ട് അന്വേഷണ ഉദ്യോഗസ്ഥൻ ഈ ഫോൺ ഫോറൻസിക് ലാബിൽ നിന്ന് കാലതാമസം കൂടാതെ തിരികെയെടുത്ത് ഹർജിക്കാരന് കൈമാറാൻ ബാധ്യസ്ഥനാണ്. നാലാഴ്ചയ്ക്കകം ഫോൺ തിരികെ എടുത്ത് ഹർജിക്കാരന് കൈമാറണമെന്നും കോടതി വിധി ന്യായത്തിൽ പറഞ്ഞിരുന്നു.
ഈ കോടതി വിധി പത്രപ്രവർത്തക സമൂഹത്തിന് വേണ്ടിയുള്ളതാണെന്ന് ഹർജിക്കാരനായ ജി. വിശാഖൻ പ്രതികരിച്ചു. ഭരണകൂടത്തിന്റെ ഫാസിസ്റ്റ് നയങ്ങൾ മാധ്യമങ്ങൾക്കും മാധ്യമപ്രവർത്തകർക്കും മേൽ അടിച്ചേൽപ്പിക്കാനുള്ള ശ്രമം തടയേണ്ടതുണ്ട്. ഏതെങ്കിലും ഒരു കേസിൽ സംശയിക്കപ്പെടുന്നുവെന്ന് വരുത്തി തീർത്ത് മാധ്യമപ്രവർത്തകന്റെ ഫോൺ പിടിച്ചെടുക്കുകയും കാൾ വിവരങ്ങൾ എടുക്കുകയും അതിലൂടെ സോഴ്‌സ് കണ്ടെത്താൻ ശ്രമിക്കുകയുമാണ് സർക്കാരും പൊലീസും ചെയ്യുന്നത്. ഇത്തരമൊരു നടപടി ഏറെ നാളായി ഈ സമൂഹത്തിൽ കണ്ടു വരികയാണ്.
ഇതോടെ മാധ്യമപ്രവർത്തകന് ഭരണ ഘടന അനുവദിച്ചിട്ടുള്ള അവകാശങ്ങൾ ലംഘിക്കപ്പെടുന്നു. ഒരാളെങ്കിലും ഇത് ചോദ്യം ചെയ്തില്ലെങ്കിൽ വരും നാളുകളിൽ എല്ലാവർക്കും ഭരണകൂട ഭീകരതയ്ക്ക് ഇരയാകേണ്ടി വരും. നിയമം ലംഘിച്ച് വീട് റെയ്ഡ് ചെയ്തവർക്കും അതിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥർക്കും എതിരേയുുള്ള നിയമ നടപടി തുടരുമെന്നും വിശാഖൻ പറഞ്ഞു.