- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എയർ ഇന്ത്യ എക്സ്‌പ്രസിൽ തീ; അടിയന്തരമായി നിലത്തിറക്കി
ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് പറന്ന എയർ ഇന്ത്യ എക്സ്‌പ്രസിൽ തീ പടർന്നു. യാത്രക്കാരിയായ സ്ത്രീ ബഹളം വെച്ചതോടെയാണ് വിമാനത്തിന തീ പിടിച്ചത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ വിമാനം തിരിച്ചിറക്കി യാത്രക്കാരെ പുറത്തെത്തിച്ചതോടെ വൻ ദുരന്തം ഒഴിവായി. ശനിയാഴ്ച രാത്രി 179 യാത്രക്കാരും ആറു ജീവനക്കാരുമായി പറന്ന എയർ ഇന്ത്യാ എക്സ്‌പ്രസിന്റെ ഐഎക്‌സ് 1132 വിമാനത്തിലാണ് സംഭവം.
എയർ ഇന്ത്യാ വിമാനം ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് പറന്ന ഉടനെയായിരുന്നു തീപിടിച്ചതായി ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ വിമാനം തിരിച്ചിറക്കുകയും തീ അണക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും സുരക്ഷിതരാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. വിമാനം അടിയന്തരമായി ലാൻഡ് ചെയ്തതിന് പിന്നാലെ എമർജൻസി വാതിലുകൾ തുറന്ന് യാത്രക്കാർ തിടുക്കപ്പെട്ട് ഇറങ്ങി. ഈ സമയം ചിലർക്ക് നിസാര പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. അഗ്‌നിരക്ഷാ സേനയെത്തി തീ അണച്ചു.
പൂണെയിൽ നിന്നാണ് വിമാനം ബെംഗളൂരുവിലെത്തിയത്. ഇവിടെ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടുമ്പോഴാണ് തീ പിടിച്ചത്. ബെംഗളൂരുവിൽ നിന്ന് രാത്രി 9.40ന് കൊച്ചിയിലേക്ക് പറന്നുയരേണ്ട വിമാനം വൈകി രാത്രി 11 മണിയോടെയായിരുന്നു പറന്നുയർന്നത്. എന്നാൽ തീ ശ്രദ്ധയിൽപ്പെട്ടതോടെ പെട്ടെന്ന് തന്നെ വിമാനം തിരിച്ചിറക്കി. തൊട്ടടുത്തിരുന്ന സ്ത്രീ തീ.. തീ എന്ന് അലറി വിളിക്കുന്നത് കണ്ട് കാബിൻ ക്രൂ എത്തുകയും എന്നാൽ പേടിക്കേണ്ടതില്ല എന്ന് പറഞ്ഞ് ആശ്വസിപ്പിക്കുകയും ചെയ്തു'- വിമാനത്തിൽ ഉണ്ടായിരുന്ന കേരള ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനായ രാജഹംസൻ പറയുന്നു.
പുറത്തേക്കുള്ള എല്ലാ എമർജൻസി വാതിലുകളും തുറന്നിരുന്നു. വിമാനത്താവളത്തിന് ഏറെ ദൂരത്തായിട്ടാണ് വിമാനം ലാൻഡ് ചെയ്തത്. ലാൻഡ് ചെയ്ത ഉടൻ തന്നെ ചാടിയിറങ്ങാൻ കാബിൻ ക്രൂ നിർദ്ദേശം തന്നു. പുറത്തേക്ക് ചാടുന്ന സമയത്ത് ചില യാത്രക്കാർക്ക് സാരമായ പരിക്കേറ്റു. ഇറങ്ങിക്കഴിഞ്ഞ ഉടൻ തന്നെ ദൂരേക്ക് ഓടിപ്പോകാനും കാബിൻക്രൂ നിർദ്ദേശം നൽകി. ഞങ്ങൾ എല്ലാവരും ഇറങ്ങിയ ഉടൻ ദൂരേക്ക് ഓടി. തുടർന്ന് ഫയർ എഞ്ചിനുകളെത്തി തീ അണക്കുകയായിരുന്നു. ഈ സമയം ആംബുലൻസകൾ സ്ഥലത്തെത്തി പ്രായമായവരേയും പരിഭ്രാന്തരായ യാത്രക്കാരെയും കൊണ്ടു പോയി- അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്നലെ മറ്റൊരു എയർ ഇന്ത്യ വിമാനവും, സാങ്കേതികത്തകരാറിനെത്തുടർന്ന് അടിയന്തരമായി തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ ഇറക്കിയിരുന്നു. തിരുവനന്തപുരം-ബെംഗളൂരു വിമാനമാണ് തിരിച്ചിറക്കിയത്. ശനിയാഴ്ച രാവിലെ 8.40-ന് തിരുവനന്തപുരത്തുനിന്ന് യാത്രതിരിച്ച എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിലെ എയർ കംപ്രസറിൽ സാങ്കേതികത്തകരാർ സംഭവിക്കുകയായിരുന്നു. ഇതുമൂലം യാത്രക്കാരിൽ ചിലർക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടു. തുടർന്നാണ് തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയത്. വിമാനത്തിൽ 137 യാത്രക്കാരാണ് ഉണ്ടായിരുന്നത്.