ന്യൂഡൽഹി: അമേരിക്കൻ പൗരത്വവും, ഒ സി ഐ കാർഡുമുള്ള മാതാപിതാക്കൾക്ക് ഇന്ത്യയിൽ ജനിച്ച് ഇവിടെത്തന്നെ വളർന്ന മകൾക്ക് ഇന്ത്യൻ പൗരത്വം നൽകാൻ കേന്ദ്ര സർക്കാരിനോട് ഡൽഹി ഹൈക്കോടതി ആവശ്യപ്പെട്ടു. ഏറെ നിർണ്ണായകമായ വിധിയാണ് ഡൽഹി ഹൈക്കോടതിയുടേത്.

കുഞ്ഞ് ജനിക്കുന്ന സമയത്തും മാതാപിതാക്കൾക്ക് അമേരിക്കൻ പൗരത്വവും ഒ സി ഐ കാർഡും ഉണ്ടായിരുന്നു. കുടുംബത്തോടൊപ്പം ഇന്ത്യയിൽ ജീവിച്ച്, വിദ്യാഭ്യാസം നേടിയ കുട്ടിക്ക് പക്ഷെ പാസ് പോർട്ട് ലഭിച്ചില്ല. ഈ സാഹചര്യത്തിൽ കുട്ടിക്ക് ഒരിടത്തും പൗരത്വമില്ലാത്ത അവസ്ഥ വന്നു. ഇതിനാണ് ഡൽഹി ഹൈക്കോടതി വിധിയിലൂടെ പരിഹാരമുണ്ടാകുന്നത്. ഭാവിയിലും ഈ വിധി പലർക്കും ഗുണകരമായി മാറും.

1955 ലെ പൗരത്വ നിയമവും 1967 - ലെ പാസ് പോർട്ട് നിയമവും പരാമർശിച്ചു കൊണ്ട് ജസ്റ്റിസ് പ്രതിഭ എം സിങ് പറഞ്ഞത് ഇത് സെക്ഷൻ 5 (4) ന് കീഴിൽ പ്രതിപാദിച്ചിരിക്കുന്ന പ്രത്യേക സാഹചര്യമായി കണക്കാക്കാം എന്നാണ്. പാസ് പോർട്ട് നൽകാൻ അധികൃതർ വിസമ്മാതിച്ചതിനെ തുടർന്നായിരുന്നു രചിത ഫ്രാൻസിസ് സേവ്യർ എന്ന യുവതി കോടതിയെ സമീപിച്ചത്. 2005 ൽ അമേരിക്കൻ പരത്വം എടുക്കുന്നതിന് മുൻപ് തന്റെ മാതാപിതാക്കൾ ഇന്ത്യൻ പൗരന്മാര അയിരുന്നു എന്ന് പരാതിക്കാരി കോടതിയെ ബോധിപ്പിച്ചു.

താൻ ജനിച്ച സമയത്ത് ഇരുവരും ഇന്ത്യൻ പൗരന്മാർ ആയിരുന്നില്ല. എന്നാൽ, താൻ അനധികൃതമായി കുടിയേറിയ വ്യക്തിയല്ലെന്നും, ഇന്ത്യൻ വംശജ എന്ന നിലയിൽ റജിസ്‌ട്രേഷൻ വഴി ഇന്ത്യൻ പൗരത്വം ലഭിക്കാൻ ആർഹതയുണ്ടെന്നും രചിത കോടതിയിൽ പറഞ്ഞു. പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയ കോടതി, രചിതയുടേത് പ്രത്യേക സാഹചര്യമായി കണക്കാക്കാം എന്ന നിഗമനത്തിൽ എത്തുകയായിരുന്നു.

നിയമപരമായി തന്നെ ഒ സി ഐ കാർഡ് ഉള്ളവർക്ക് ഇന്ത്യയിൽ തുടരാനും അവരുടെ കുടുംബത്തെ പരിപാലിക്കാനും അവകാശമുണ്ട് എന്ന് കോടതി ചൂണ്ടിക്കാണിച്ചു. ഒ സി ഐ കാർഡ് ഉടമകളായ മാതാപിതാക്കൾ ഇന്ത്യയിൽ താമസിക്കുന്ന സമയത്താണ് രചിത ജനിച്ചതെന്നും അതിനു ശേഷം ഇന്ത്യയിൽ തന്നെയായിരുന്നു വിദ്യാഭ്യാസമെന്നും കോടതി എടുത്തു പറഞ്ഞു.

അതുകൊണ്ടു തന്നെ പൗരത്വ നിയമം സെക്ഷൻ 5 പ്രകരം പാസ് പോർട്ടിന് അപേക്ഷിക്കാൻ യുവതിക്ക് അർഹതയുണ്ടെന്നും കോടതി വിധിയിൽ പറയുന്നു.