- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മെഡിക്കൽ കോളേജിൽ വീണ്ടും ചികിൽസാ പിഴവ് വിവാദം; ആരോപണം നിഷേധിച്ച് ഡോക്ടറും
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസാ പിഴവ് പതിവാകുന്നു്. കൈക്ക് പൊട്ടലിനുള്ള ശസ്ത്രക്രിയക്കിടെ കമ്പി മാറിയിട്ടുവെന്ന പരാതിയും ആരോഗ്യ വകുപ്പ് അന്വേഷിക്കും. കോതിപ്പാലം സ്വദേശി അജിത്തിനാണ് ശസ്ത്രക്രിയ മാറിചെയ്തത്. ബൈക്ക് അപകടത്തെത്തുടർന്ന് അജിത്തിന്റെ കൈക്ക് പൊട്ടലേറ്റിരുന്നു. തുടർന്നായിരുന്നു ശസ്ത്രക്രിയ. സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തു.
പരിശോധിച്ച ശേഷം ചികിത്സാപ്പിഴവ് ബോധ്യപ്പെട്ടാൽ നടപടിയുണ്ടാവുമെന്ന് എ.സി.പി. പ്രേമചന്ദ്രൻ അറിയിച്ചു. അജിത്തിനെ പരിശോധിച്ച ഡോക്ടറാണ് സംശയം പ്രകടിപ്പിച്ചത്. എന്നാൽ, മുതിർന്ന ഡോക്ടർമാരുടെ സംഘം പരിശോധിച്ചപ്പോൾ അങ്ങനെയൊരു സാധ്യതയില്ലെന്നാണ് പ്രാഥമികമായി പറയുന്നതെന്നും അസി കമ്മിഷണർ അറിയിച്ചു. കഴിഞ്ഞ ദിവസം കൈവിരലിന് ശസ്ത്രക്രിയ നടത്തേണ്ട കുട്ടിയുടെ നാക്കിൽ ശസ്ത്രക്രിയ നടത്തിയത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പിഴവ്.
കഴിഞ്ഞ ശനിയാഴ്ച കണ്ണഞ്ചേരിയിൽവെച്ച് ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചുള്ള അപകടത്തിലാണ് അജിത്തിന് പരിക്കേറ്റത്. ആദ്യം കോഴിക്കോട് ബീച്ച് ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. ശസ്ത്രക്രിയ നടത്തി കൈയിൽ കമ്പിയിടുകയും ചെയ്തു. പുറത്തുനിന്ന് വാങ്ങി നൽകിയ കമ്പിയാണിട്ടത്. ഇതിന്റെ അളവ് മാറിപ്പോയെന്നാണ് അജിത്തിന്റേയും കുടുംബത്തിന്റേയും പരാതി.
മറ്റൊരു രോഗിയുടെ കമ്പി മാറിയിടുകയായിരുന്നു. ശസ്ത്രക്രിയക്കുശേഷം നടത്തിയ പരിശോധനയിലാണ് കമ്പിയുടെ അളവ് മാറിപ്പോയെന്ന് പരിശോധിച്ച ഡോക്ടർ അറിയിച്ചത്. വീണ്ടും ശസ്ത്രക്രിയ നടത്താമെന്നും അറിയിച്ചു. ഇതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു. വീണ്ടും ശസ്ത്രക്രിയ നടത്തേണ്ടിവരുമെന്ന് ഡോക്ടർമാർ തങ്ങളെ അറിയിച്ചെന്നും കുടുംബം പൊലീസിനെ അറിയിച്ചിട്ടുണ്ട്.
അതേസമയം, ആവശ്യമെങ്കിൽ മെഡിക്കൽ ബോർഡ് രൂപവത്കരിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.എം.ഒയ്ക്ക് എ.സി.പി. കത്തുനൽകും. അതിനിടെ ഈ കേസ് അട്ടിമറിക്കാനുള്ള ആലോചനയും ആരോഗ്യ വകുപ്പിൽ സജീവമാണ്. അതിനിടെ ശസ്ത്രക്രിയയിൽ പൊട്ടിയ കയ്യിൽ ഇടേണ്ട കമ്പി മാറി പോയെന്ന ആരോപണത്തിൽ കഴമ്പില്ലെന്ന് അസ്ഥിരോഗ വിഭാഗം തലവൻ ഡോ. ജേക്കബ് പറഞ്ഞു. ശസ്ത്രക്രിയ നടത്തിയതിൽ പിഴവുണ്ടായിട്ടില്ല. പ്രോട്ടോക്കോൾ പ്രകാരമായിരുന്നു ശസ്ത്രക്രിയ. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തമെന്ന് ആവശ്യപ്പെട്ട് മെഡിക്കൽ കോളജ് സൂപ്രണ്ടിന് ഉടൻ കത്തു നൽകും.
ഇക്കാര്യം അന്വേഷിച്ച് ഉറപ്പ് വരുത്തണമെന്നാവശ്യപ്പെട്ടാണ് സൂപ്രണ്ടിന് കത്ത് നൽകുകയെന്നും ഡോ. ജേക്കബ് പറഞ്ഞു. പൊട്ടിയ കയ്യിൽ ഇടേണ്ട കമ്പി മാറി പോയെന്നാണ് യുവാവിന്റെ പരാതി. കോഴിക്കോട് പയ്യാനക്കൽ സ്വദേശി അജിത്താണ് പരാതിക്കാരൻ. പൊലീസ് അജിത്തിന്റെ മൊഴിയെടുത്തിരുന്നു. ശസ്ത്രക്രിയയ്ക്കു ശേഷം രോഗിയായ അജിത്തിന് വേദന ശക്തമായപ്പോഴാണ് ചികിത്സയിൽ പിഴവുപറ്റിയെന്ന പരാതി ഉന്നയിച്ചത്. രാത്രി വീണ്ടും ശസ്ത്രക്രിയ നടത്താമെന്ന് ഡോക്ടർ പറഞ്ഞു. നിരസിച്ചപ്പോൾ ഡോക്ടർ ദേഷ്യപ്പെട്ടതായും അജിത്ത് പറഞ്ഞു. 24 വയസുകാരനായ അജിത്തിനെ വാഹനാപകടത്തെ തുടർന്നാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയക്കു വേണ്ടി ഒരാഴ്ചയോളമാണ് ആശുപത്രിയിൽ കഴിഞ്ഞത്.
പൊട്ടലുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടും ശസ്ത്രക്രിയ ഒരാഴ്ച നീട്ടുകയായിരുന്നു. മറ്റൊരു രോഗിയുടെ കമ്പിയാണ് ഡോക്ടർ തന്റെ കയ്യിലിട്ടതെന്നും തങ്ങൾ വാങ്ങി കൊടുത്ത കമ്പിയല്ല ഇട്ടതെന്നും അജിത്തിന്റെ അമ്മ പറഞ്ഞു. കൈ വേദന അസഹനീയമായപ്പോൾ അജിത്തിന് അനസ്തേഷ്യ നൽകി. 3000 രൂപയുടെ ശസ്ത്രക്രിയ ഉപകരണങ്ങൾ തങ്ങൾ വാങ്ങി നൽകിയെങ്കിലും അതൊന്നും ഡോക്ടർ ഉപയോഗിച്ചിട്ടില്ലെന്നും അജിത്തിന്റെ അമ്മ ആരോപിച്ചു.