പത്തനംതിട്ട: തെക്കൻ കേരളത്തിൽ മഴക്കെടുതി രൂക്ഷം. സ്മാർട്ട് സിറ്റിക്കായി നഗരം കുഴിച്ചിട്ടതിനിടെ മഴ എത്തിയത് തിരുവനന്തപുരത്തെ ദുരിതം കൂട്ടി. കടലാക്രമണ സാദ്ധ്യതയുള്ളതിനാൽ കേരള തീരത്ത് മത്സ്യബന്ധനം പാടില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇന്നും നാളെയും പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ 24 മണിക്കൂറിൽ 204.4 മില്ലീമീറ്ററിൽ കൂടുതൽ മഴ ലഭിക്കും.

പത്തനംതിട്ടയിലും ദുരിതം രൂക്ഷമാണ്. കനത്ത മഴയെ തുടർന്ന് പള്ളി സെമിത്തേരിയുടെ കല്ലറ പൊളിഞ്ഞ് മൃതദേഹം പെട്ടിയോടെ പുറത്തുവന്നു. പുറമറ്റം കവുങ്ങും പ്രയാർ മാർത്തോമ പള്ളിയുടെ സെമിത്തേരി മതിലാണ് തകർന്നത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം. ശവപ്പെട്ടി പിന്നീട് മറ്റൊരിടത്തേക്ക് മാറ്റി. മതിൽ തകർന്നതിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നു.

കല്ലറ തകർന്നെന്ന് സമ്മതിച്ച പള്ളി അധികൃതർ ശവപ്പെട്ടി പുറത്തുവന്നെന്ന വിവരം നിഷേധിക്കുകയായിരുന്നു.അതേസമയം, ജില്ലയിൽ അതിശക്തമായ മഴയിൽ ഗവി മൂഴിയാറിന് സമീപം മണ്ണിടിഞ്ഞു. കുമളിയിൽ നിന്ന് പത്തനംതിട്ടയ്ക്ക് പോയ കെഎസ്ആർടിസി ബസ് വഴിയിൽ കുടുങ്ങി. രാവിലെ എട്ട് മണിയോടെയാണ് മൂഴിയാറിൽ മണ്ണിടിഞ്ഞത്. വലിയ തോതിലുള്ള മണ്ണിടിച്ചിലല്ലെങ്കിലും വാഹനങ്ങൾ കടന്നുപോകുന്നതിന് തടസം ഉണ്ടായിട്ടുണ്ട്. പത്തനംതിട്ടയിൽ റെഡ് അലർട്ടാണ്. ഇടുക്കിയിലും കോട്ടയത്തും റെഡ് അലർട്ടുണ്ട്. ഇന്നും മഴ തുടർന്നാൽ പ്രതിസന്ധി രൂക്ഷമാകും.

പത്തനംതിട്ട ജില്ലയിൽ അതിശക്തമായ മഴ ലഭിക്കുമെന്നും ജാഗ്രത വേണമെന്നുമാണ് നിർദ്ദേശം. റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പത്തനംതിട്ടയിൽ വിപുലമായ മുന്നൊരുക്കങ്ങളാണ് നടത്തി വരുന്നത്. ആവശ്യമെങ്കിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കാനുള്ള സ്ഥലങ്ങൾ കണ്ടെത്തി മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാദ്ധ്യതയുള്ള മേഖലയിലെ ആളുകളെ ആവശ്യമെങ്കിൽ മാറ്റിപ്പാർപ്പിക്കും. 44 ഇടങ്ങളിൽ പ്രകൃതിദുരന്ത സാദ്ധ്യതയെന്നാണ് വിലയിരുത്തൽ.

കഴിഞ്ഞ ദിവസം രാത്രി പെയ്ത ശക്തമായ മഴ തിരുവനന്തപുരം നഗരത്തിലെ പലയിടങ്ങളെയും വെള്ളത്തിനടിയിലാക്കി. അട്ടക്കുളങ്ങര, മുക്കോലയ്ക്കൽ, ഉള്ളൂർ, ചാക്ക തുടങ്ങിയ വിവിധയിടങ്ങളിലാണ് വെള്ളം കയറിയത്. സ്മാർട്ട് റോഡ് നിർമ്മാണത്തിനായി റോഡുകൾ കുഴിച്ചതാണ് വെള്ളക്കെട്ട് രൂക്ഷമാക്കിയത്. ചാക്ക ജംഗ്ഷനിലെ വെള്ളക്കെട്ട് വിമാനത്താവളത്തിലേക്ക് വന്ന യാത്രക്കാരെയും പ്രതിസന്ധിയിലാക്കി. ഇന്നും മഴ തുടർന്നാൽ താഴ്ന്ന പ്രദേശമെല്ലാം വെള്ളത്തിലാകും.

അട്ടക്കുളങ്ങരയിൽ വ്യാപാര സ്ഥാപനങ്ങളിലേക്ക് വെള്ളം കയറി. ജില്ലയിൽ പലയിടങ്ങളിലും മഴ ഇപ്പോഴും തുടരുകയാണ്. ശക്തമായ മഴ കാരണം പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചിട്ടുണ്ട്.