ന്യൂഡൽഹി: രാജ്യസഭാ എംപി സ്വാതി മാലിവാളിനെ ആക്രമിച്ച കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ പഴ്‌സനൽ സെക്രട്ടറി ബിഭവ് കുമാറിനെ കോടതി അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടത് ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ. പെൻഡ്രൈവിൽ നൽകിയ ദൃശ്യങ്ങളിൽ, പരാതിക്ക് ആധാരമായ സംഭവ സമയത്തെ ദൃശ്യങ്ങൾ ഉണ്ടായിരുന്നില്ല. ഇരു കക്ഷികളും സമർപ്പിച്ച രേഖകളും തെളിവുകളും പരിഗണിക്കുമ്പോൾ, പൊലീസ് കസ്റ്റഡി അനിവാര്യമാണ് എന്ന് വിലയിരുത്തിയാണ് കോടതി കസ്റ്റഡി അനുവദിച്ചത്.

ബിഭവ് കുമാറിന്റെ ഫോൺ ഫോർമാറ്റ് ചെയ്തതും അന്വേഷണ സംഘത്തിനു കൈമാറിയ പെൻഡ്രൈവിൽനിന്ന് വിഡിയോ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തതും ശക്തമായ തെളിവുകളാണെന്ന് കോടതി നിരീക്ഷിച്ചു. ഇത് ബിഭവ് കുമാറിനെതിരായ ആദ്യ ക്രിമിനൽ കേസ് അല്ല എന്നും റിമാൻഡ് അപേക്ഷ പരിഗണിക്കവേ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് ഗൗരവ് ഗോയൽ ചൂണ്ടിക്കാട്ടി.

റിമാൻഡ് കാലയളവിൽ ദിവസവും വൈകിട്ട് ആറിനും ഏഴിനും ഇടയിൽ അര മണിക്കൂർ വീതം അഭിഭാഷകരെ കാണാൻ ബിഭവ് കുമാറിന് കോടതി അനുമതി നൽകി. ദിവസവും ഭാര്യയെ കാണാനും അനുമതിയുണ്ട്. ഈ മാസം 23-ന് ഇയാളെ കോടതിയിൽ ഹാജരാക്കും.

മുഖ്യമന്ത്രിയുടെ വസതിയിൽനിന്നാണ് ബിഭവ് കുമാറിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിനെതിരെ ബിജെപി ആസ്ഥാനത്തേക്ക് എഎപിയുടെ നേതൃത്വത്തിൽ 'ജയിലിൽ അടയ്ക്കൂ' പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ കേജ്രിവാളിനെ കാണാൻ വസതിയിലെത്തിയപ്പോൾ ബിഭവ് കുമാർ കയ്യേറ്റം ചെയ്തുവെന്നാണു സ്വാതിയുടെ പരാതി.

മാലിവാളിന്റെ പരാതിയെ തുടർന്നും മർദ്ദനമേറ്റന്ന മെഡിക്കൽ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാണ് ബിഭവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മാലിവാളിന് നേരെ ആക്രമണം നടന്നുവെന്ന് സ്ഥിരീകരിക്കുന്ന മെഡിക്കൽ റിപ്പോർട്ട് പുറത്തുവന്നിരുന്നു. റിപ്പോർട്ട് പ്രകാരം മാലിവാളിന്റെ ഇടത് കാലിനും വലത് കവിളിലും മർദ്ദനമേറ്റിട്ടുണ്ട്.

സംഭവ ദിവസമായ ഈ മാസം 13-ന് മാലിവാൾ അരവിന്ദ് കെജ്രിവാളിന്റെ വസതിയിൽ നിന്ന് ഇറങ്ങിപ്പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ എഎപി പുറത്തുവിട്ടിരുന്നു. കെജ്രിവാളിന്റെ സിവിൽ ലൈൻസ് വസതിയിൽ എത്തിയപ്പോഴാണ് സ്വാതി മാലിവാളിന് ക്രൂര മർദ്ദനമേറ്റത്. മുഖ്യമന്ത്രിയെ കാണാനെത്തിയ തന്നെ ബിഭവ് കാരണമില്ലാതെ അധിക്ഷേപിക്കുകയും മർദ്ദിക്കുകയുമായിരുന്നെന്ന് മാലിവാളിന്റെ പരാതിയിൽ പറഞ്ഞിരുന്നു.

അതേ സമയം അരവിന്ദ് കെജ്രിവാളിന്റെ പിഎ മർദ്ദിച്ച സംഭവത്തിൽ ഗുരുതര ആരേപണവുമായി സ്വാതി മാലിവാൾ രംഗത്തെത്തി. എഎപി പുറത്തുവിട്ട സിസിടിവി ദൃശ്യത്തിൽ കൃത്രിമത്വം കാണിച്ചുവെന്നും തന്നെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ നശിപ്പിച്ചുവെന്നും സ്വാതി മാലിവാൾ പറഞ്ഞു

സംഭവ സമയത്ത് ബൈഭവ് കുമാർ തന്നെ മർദ്ദിച്ച വിവരം സെക്യൂരിറ്റി ജീവനക്കാരെ അറിയിച്ചിരുന്നു. എന്നാൽ അവർ പ്രതികരിച്ചിരുന്നില്ല. എഡിറ്റ് ചെയ്ത ദൃശ്യങ്ങളാണ് അവർ പുറത്തുവിട്ടതെന്നും സ്വാതി മാലിവാൾ വിമർശിച്ചു. 50 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ മാത്രമാണ് പ്രചരിപ്പിക്കുന്നത്. ബാക്കി മുഴുവൻ അവർ നശിപ്പിച്ചുവെന്നും ഗൂഢാലോചന നടന്നിട്ടുണ്ടെന്നും മാലിവാൾ എക്സിൽ കുറിച്ചു.