തിരുവനന്തപുരം: തദ്ദേശവാർഡ് വിഭജനത്തിനായി കമ്മീഷൻ രൂപീകരിക്കാൻ മന്ത്രിസഭാ യോഗ തീരുമാനം. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഒരു വാർഡ് വീതം കൂടും. ഇതിനുള്ള ഓർഡിനൻസ് ഇറക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഓൺലൈനായി ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗമാണ് തീരുമാനം എടുത്തത്. പ്രതിപക്ഷ പ്രതിഷേധം വകവയ്ക്കാതെയാണ് നീക്കം.

ഈ ഓർഡിനൻസ് ഉടൻ രാജ്ഭവനിലേക്ക് അയക്കും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇതിലെടുക്കുന്ന തീരുമാനം നിർണ്ണായകമാകും. പരാതി ഉയരുന്ന ഓർഡിനൻസുകളിൽ അതിവേഗ തീരുമാനം രാജ്ഭവൻ എടുക്കാറില്ല. അതുകൊണ്ടു കൂടിയാണ് ഈ ഓർഡിനൻസിൽ രാജ് ഭവന്റെ തീരുമാനം എന്താകുമെന്ന ചർച്ച ഉയരുന്നത്. ഈ വിഷയത്തിലും പരാതി ഗവർണ്ണറെ പ്രതിപക്ഷം അറിയിക്കാൻ സാധ്യതയുണ്ട്.

ഓരോ തദ്ദേശ സ്ഥാപനത്തിലും ജനസംഖ്യാനുപാതികമായി ഒരു വാർഡ് വീതം ഉയർത്താൻ ലക്ഷ്യമിട്ടുള്ള വാർഡ് പുനർ നിർണയ ഓർഡിനൻസിനാണ് മന്ത്രിസഭ അനുമതി നൽകുന്നത്. ഗ്രാമപഞ്ചായത്തുകളിൽ 1000 പേർക്ക് ഒരു വാർഡ് എന്നാണ് കണക്ക്. എന്നാൽ, ജനസംഖ്യ വർദ്ധിച്ച സാഹചര്യത്തിലാണ് വാർഡ് പുനർ നിർണയം കൊണ്ടുവരുന്നത്. ചെറിയ ഗ്രാമപഞ്ചായത്തുകളിൽ ചുരുങ്ങിയത് 13 വാർഡും വലിയ പഞ്ചായത്തുകളിൽ പരമാവധി 23 വാർഡുമാണ് അനുവദിച്ചിട്ടുള്ളത്. പുനർനിർണയം വരുന്നതോടെ ഇത് 14 മുതൽ 24 വരെയാകും.

സംസ്ഥാനത്തെ 1200 തദ്ദേശ സ്ഥാപനങ്ങളിലായി 21,865 ജനപ്രതിനിധികളാണുള്ളത്. വാർഡ് പുനർവിഭജനം പൂർത്തിയായശേഷം 2025 ഒക്ടോബറിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ 1200 ജനപ്രതിനിധികൾ അധികമായി വരും. സംസ്ഥാനത്തെ 941 ഗ്രാമപ്പഞ്ചായത്തുകളിൽ നിലവിൽ 15,962 വാർഡുകൾ ഉണ്ട്. പുനർവിഭജനത്തിലൂടെ 941 വാർഡുകൾ കൂടും. 87 മുനിസിപ്പാലിറ്റികളിൽ മട്ടന്നൂർ ഒഴികെയുള്ളവയിലായി 3078 വാർഡും 6 കോർപറേഷനുകളിൽ 414 വാർഡുമുണ്ട്.

ഇവയിലും ഓരോ വാർഡ് വീതം കൂടും. മട്ടന്നൂരിലെ വാർഡ് വിഭജനം നേരത്തേ നടന്നിരുന്നു. 152 ബ്ലോക്ക് പഞ്ചായത്തുകളിൽ 2080 വാർഡും 14 ജില്ലാ പഞ്ചായത്തുകളിൽ 331 ഡിവിഷനുകളുമാണുള്ളത്.