- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അവയവക്കടത്ത്: അന്വേഷണത്തിന് പ്രത്യേക സംഘം, കേസ് എൻഐഎ ഏറ്റെടുത്തേക്കും
കൊച്ചി: രാജ്യാന്തര അവയവക്കടത്ത് കേസ് ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുത്തേക്കും. എൻ ഐ എയും ഐ ബിയും കഴിഞ്ഞ ദിവസം പ്രതിയെ ചോദ്യം ചെയ്തിരുന്നു. കേസിലെ പല പ്രധാന സംഭവങ്ങളും നടന്ന സംസ്ഥാന പൊലീസിന്റെ അന്വേഷണ പരിധിക്കും പുറത്താണ്. സംഭവത്തിന് തീവ്രവാദ ബന്ധമുണ്ടോയെന്നും എൻ ഐ എ പരിശോധിക്കുന്നുണ്ട്. സംസ്ഥാന പൊലീസ് അന്വേഷിക്കുന്ന കേസിന് രാജ്യാന്തര മാനങ്ങളുണ്ട് എന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് എൻഐഎ ഏറ്റെടുക്കാൻ സാധ്യതയേറിയത്.
രാജ്യാന്തര അവയവക്കച്ചവട റാക്കറ്റിൽപ്പെട്ടയാൾ നേരത്തെ മുംബൈയിൽ പിടിയിലായതോടെയാണ് മലയാളിയായ സബിത് നാസർ കേന്ദ്ര ഏജൻസികളുടെ റഡാറിലേക്ക് വരുന്നത്. കൊച്ചി കുവൈറ്റ് ഇറാൻ റൂട്ടിൽ കഴിഞ്ഞ മൂന്ന് വർഷമായി സ്ഥിരമായി യാത്ര ചെയ്തിരുന്ന പ്രതി അവയവക്കച്ചവടത്തിനായി ആളുകളെ കൊണ്ടുപോയെന്ന് വ്യക്തമായി. ഇതോടെയാണ് നെടുമ്പാശ്ശേരിയിൽ വെച്ച് എമിഗ്രേഷൻ തടഞ്ഞ് പിടികൂടിയത്. സംഭവത്തിന് രാജ്യാന്തര മാനങ്ങളുള്ള സാഹചര്യത്തിലാണ് കേസ് ഏറ്റെടുക്കുന്ന കാര്യം കേന്ദ്ര ഏജൻസികൾ ആലോചിക്കുന്നത്. ഇതിനിടെ വിശദമായ അന്വേഷണത്തിനായി പത്തംഗസംഘത്തെ എറണാകുളം റൂറൽ പൊലീസ് നിയോഗിച്ചു. അന്വേഷണ സംഘത്തെ വിപുലമാക്കിയതായി എറണാകുളം റൂറൽ എസ് പി വൈഭവ് സക്‌സേന അറിയിച്ചു.
എറണാകുളം റൂറൽ എസ്‌പിയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് കേസ് അന്വേഷിക്കുക. കേസിൽ അറസ്റ്റിലായ പ്രതി സബിത്ത് നാസർ കുറ്റം സമ്മതിച്ചിരുന്നു. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവക്കടത്തിനായി ഇറാനിലെത്തിച്ചെന്നാണ് റിമാൻഡ് റിപ്പോർട്ട്. സബിത്ത് അവയവക്കച്ചവടം നടത്തിയ ആളുകളെ കണ്ടെത്തി മെഡിക്കൽ ബോർഡ് രൂപീകരിക്കാനാണ് തീരുമാനം. ഏതൊക്കെ അവയവങ്ങൾ നഷ്ടപ്പെട്ടു എന്ന് കണ്ടെത്തുന്നതിനാണ് മെഡിക്കൽ ബോർഡ് രൂപീകരിക്കുന്നത്. വൃക്കയ്ക്ക് പുറമേ കരളിന്റെ ഭാഗവും കച്ചവടം ചെയ്തതായി സംശയമുണ്ട്. അവയവ കച്ചവടത്തിന് പോയ ഇതര സംസ്ഥാന തൊഴിലാളികളിൽ ചിലർ തിരികെ വന്നില്ല. ഇവർക്ക് എന്ത് സംഭവിച്ചു എന്ന് കേന്ദ്ര ഏജൻസികൾ പരിശോധിക്കുകയാണ്.
അവയവ റാക്കറ്റിന്റെ കെണിയിൽപ്പെട്ട് ഇറാനിലേക്ക് പോയ പാലക്കാട് സ്വദേശി ഷമീർ ഇപ്പാൾ ബാങ്കോക്കിൽ ഉണ്ടെന്നാണ് സൂചന. ഇയാളെപ്പറ്റി ഒരു വർഷമായി വിവരമില്ലെന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്. വ്യത്യസ്ഥമായ മൊഴികളാണ് ആദ്യ ഘട്ട ചോദ്യം ചെയ്യലിൽ സബിത് നാസർ പൊലീസിനോട് പറഞ്ഞ്. ഹൈദരാബാദിൽവച്ചാണ് അവയവ മാഫിയയെ പരിചയപ്പെട്ടതെന്നും ഇതര സംസ്ഥാന തൊഴിലാളികളടക്കം ഇരുപതോളം പേരെ അവിടേക്ക് കൊണ്ടുപോയെന്നുമാണ് മൊഴി. കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നതിലൂടെ ഇക്കാര്യങ്ങളിലടക്കം വ്യക്തത ലഭിക്കുമെന്നാണ് പ്രതീക്ഷ.
പാലക്കാട് തിരുനെല്ലായി സ്വദേശി ഷമീറിനെ ഇറാനിലെത്തിച്ചുവെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചിരുന്നു. ഇരകളായവർക്ക് നൽകിയത് ആറു ലക്ഷം രൂപ വരെയാണ്. ഹൈദരാബാദ്, ബംഗളൂരു നഗരങ്ങളിലെ യുവാക്കളെ ഇറാനിലേക്ക് അവയവ കൈമാറ്റത്തിനായി കടത്തിയെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. സാമ്പത്തിക പ്രശ്നങ്ങൾ മൂലം അവയവദാനത്തിന് ഇറങ്ങി പിന്നീട് ഏജന്റായി മാറിയെന്നാണ് സാബിത്ത് പൊലീസിന് നൽകിയ മൊഴി. അവയവദാനത്തിനായി ഇറാനിലേക്ക് കൊണ്ടുപോയ ഏതാനും പേർ അവിടെ വെച്ച് മരിച്ചതായുമാണ് വിവരം.
ഞായറാഴ്ച നെടുമ്പാശേരി വിമാനത്താവളത്തിൽ വച്ചാണ് സബിത്ത് നാസർ പിടിയിലായത്. ഇന്ത്യയിൽ നിന്നും ആളുകളെ കുവൈറ്റിൽ എത്തിച്ച് അവിടെ നിന്ന് ഇറാനിലേക്ക് എത്തിച്ചാണ് ഇയാൾ അവയവ കച്ചവടം നടത്തുന്നത്. ഇറാനിലെ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തുന്നതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. വിദേശത്ത് നിന്നും മടങ്ങി വരുന്ന വഴി വിമാനത്താവളത്തിൽ വച്ച് നെടുമ്പാശേരി പൊലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
അവയവക്കടത്തിനായി 20 പേരെ ഇറാനിലെത്തിച്ചെന്ന് ഇയാൾ എൻഐഎ സംഘത്തിന് മൊഴി നൽകി. ഇങ്ങനെ കടത്തിയവരിൽ ചിലർ മരിച്ചെന്നും സൂചനയുണ്ട്. സബിത്തിന് പാസ്‌പോർട്ട് ലഭിച്ചത് 10 ദിവസം മാത്രം വാടകയ്ക്ക് താമസിച്ച വീടിന്റെ അഡ്രസ്സിലാണ്. അവയവ കച്ചവടം നടത്തിയ പലരും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്നവരാണ്. പണം വീതം വയ്ക്കുന്നതുമായി ബന്ധപ്പെട്ട മാഫിയയ്ക്കിടയിൽ നിന്ന തർക്കമാണ് വിവരങ്ങൾ പുറത്തുവരാൻ ഇടയാക്കിയത് എന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. കേസിൽ രണ്ടുപേരെ കൂടി പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.
അൻപതു ലക്ഷം മുതൽ കോടികൾ വരെയാണ്, അവയവക്കച്ചവടത്തിൽ വില ഉറപ്പിക്കുന്നതെന്നാണ് വിവരം. എന്നാൽ അവയവം ദാനം ചെയ്യുന്നവർക്ക് അഞ്ചു മുതൽ പത്തു ലക്ഷം രൂപ വരെ മാത്രമാണ് ലഭിക്കുന്നതെന്ന്, അവയവക്കടത്ത് അന്വേഷിക്കുന്ന പൊലീസ് സംഘം പറയുന്നു.
റിക്രൂട്ട് ചെയ്ത യുവാക്കളെ ഇറാനിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അവിടെ അവർ അനുയോജ്യരായ സ്വീകർത്താക്കൾക്ക് വൃക്കകൾ ദാനം ചെയ്തു. തുടർന്ന് ഇവർ മൂന്ന് ദിവസം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തുടർന്ന്, ദാതാക്കൾക്ക് ഒരു ഫ്ലാറ്റിൽ 20 ദിവസത്തെ താമസം നൽകുകയും തുടർന്ന് ഇന്ത്യയിലേക്ക് തിരിച്ച് പോകുകയും ചെയ്തുവെന്ന് റിപ്പോർട്ട് പറയുന്നു.
വൃക്ക ദാനം ചെയ്യുന്നവർക്ക് 6 ലക്ഷം രൂപ വരെയാണ് നൽകുന്നത്. പാലക്കാട് തിരുനെല്ലായി സ്വദേശിയായ ഷമീർ എന്ന യുവാവ് ആറുമാസം മുമ്പ് ഈ രീതിയിൽ വൃക്ക ദാനം ചെയ്തിരുന്നതായി സബിത്തിന്റെ മൊഴിയിലുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന ഷമീർ കടം വീട്ടാൻ വൃക്ക ദാനം ചെയ്തതാകാമെന്നും റിപ്പോർട്ടിൽ പറയുന്നു.
സബിത്തിനെ സഹായിച്ച വലപ്പാട് സ്വദേശിയായ മറ്റൊരു യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഇയാൾ കൊച്ചിയിൽ സബിത്തിന്റെ റും മേറ്റായിരുന്നു. കേസിലെ അന്താരാഷ്ട്ര ബന്ധങ്ങൾ കണക്കിലെടുത്ത് സബിത്തിന്റെ കേരളത്തിലെ സാമ്പത്തിക ഇടപാടുകളും ബന്ധങ്ങളും വിശദമായി അന്വേഷിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
വ്യാജ ആധാറും മറ്റ് തിരിച്ചറിയൽ കാർഡുകളും ഉപയോഗിച്ച് കേരളത്തിലെത്തുന്ന ചില കുടിയേറ്റ തൊഴിലാളികളെ അവയവ ഇടപാടിനായി സബിത്ത് ഇറാനിലേക്ക് റിക്രൂട്ട് ചെയ്തതായും പൊലീസ് സംശയിക്കുന്നുണ്ട്.