- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രണ്ടു വീട്ടുകാരെയും വിളിച്ച് കമിതാക്കളെ അവർക്കൊപ്പം വിട്ടു; രഹസ്യ കല്യാണം മുടങ്ങിയപ്പോൾ
പത്തനംതിട്ട: ഒരുമിച്ച് ജീവിക്കുന്നതിന് വേണ്ടി നാടുവിടാൻ കാമുകിയെയും കൂട്ടി ബസ് സ്റ്റേഷനിൽ എത്തിയ യുവാവ് മാതാവ് വിളിച്ചു വിരട്ടിയപ്പോൾ മുങ്ങി. ഇപ്പോൾ വരാമെന്ന് പറഞ്ഞ് പോയ കാമുകനെ കാണാതെ കണ്ണീരൊഴുക്കിയ യുവതിയെ കെഎസ്ആർടിസി അധികൃതർ അറിയിച്ചതിൻ പ്രകാരം വനിതാ പൊലീസെത്തി കൂട്ടിക്കൊണ്ടു പോയി. വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം കാമുകനെയും കാമുകിയെയും അവരവരുടെ വീട്ടുകാർക്കൊപ്പം വിട്ടു.
ഇന്നലെ രാവിലെ പതിനൊന്നു മണിയോടെ പത്തനംതിട്ട കെഎസ്ആർടിസി ബസ് സ്റ്റേഷനിലാണ് സംഭവം. ഒരു യുവതി തനിയെ നിന്നു കരയുന്നത് കണ്ട് സംശയം തോന്നിയ ബസ് സ്റ്റേഷൻ അധികൃതർ വിവരങ്ങൾ ചോദിച്ചപ്പോഴാണ് തനിക്കൊപ്പം വന്നയാൾ മൊബൈൽഫോണും തന്നെ ഏൽപ്പിച്ച് പോയെന്നും ഇപ്പോൾ വരാമെന്ന് പറഞ്ഞ് പോയ ആളെ കാണുന്നില്ലെന്നും യുവതി പറഞ്ഞത്. തുടർന്ന് വനിതാ സ്റ്റേഷനിൽ നിന്ന് പൊലീസ് എത്തി യുവതിയെ കൂട്ടിക്കൊണ്ടു പോയി.
തിരുവല്ലയിൽ പഠിക്കുന്ന തുമ്പമൺ സ്വദേശിയായ യുവതി (22) മലയാലപ്പുഴ സ്വദേശിയായ യുവാവുമായി ദീർഘനാളായി പ്രണയത്തിലാണ്. ഇവരുടെ വിവാഹത്തിന് വീട്ടുകാർ എതിർപ്പ് പ്രകടിപ്പിച്ചതോടെയാണ് നാടുവിടാൻ തീരുമാനിച്ചത്. ഇതിനായി ഇന്നലെ രണ്ടു പേരും പത്തനംതിട്ട കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ എത്തി. ഒളിച്ചോടുന്നതിന് മുൻപ് അമ്മയെ വിളിച്ച് അനുഗ്രഹം തേടാൻ യുവാവ് തീരുമാനിച്ചു.
വിവരം അറിഞ്ഞ അമ്മ വിരട്ടിയതോടെ യുവാവ് ആശങ്കയിലായി. തുടർന്ന് തന്റെ മൊബൈൽഫോൺ യുവതിയുടെ കൈയിൽ കൊടുത്ത ശേഷം ഇയാൾ സ്ഥലം വിടുകയായിരുന്നു. വനിതാ പൊലീസ് സ്റ്റേഷനിൽ എത്തിച്ച യുവതിയുടെ മൊഴി പ്രകാരം രണ്ടു വീട്ടുകാരെയും സ്റ്റേഷനിൽ വിളിച്ചു വരുത്തി. ഇതിനിടെ മുങ്ങിയ യുവാവുമെത്തി. തുടർന്ന് രണ്ടു പേരെയും അതാത് വീട്ടുകാർക്കൊപ്പം പൊലീസ് വിട്ടയച്ചു.