- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജൂൺ 10ന് നിയമസഭാ സമ്മേളനം തുടങ്ങും
തിരുവനന്തപുരം: തദ്ദേശ വാർഡ് വിഭജനത്തിനുള്ള ഓർഡിനൻസിന് പകരം ബില്ല് കൊണ്ടുവരാൻ സംസ്ഥാന മന്ത്രിസഭാ യോഗ തീരുമാനം. ജൂൺ 10 മുതൽ നിയമസഭാ സമ്മേളനം വിളിച്ചുചേർക്കും. സഭാ സമ്മേളനം വിളിക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാനും മന്ത്രിസഭ തീരുമാനിച്ചു.
ഈ സമ്മേളനത്തിൽ തന്നെ തദ്ദേശ വാർഡ് വിഭജന ബിൽ കൊണ്ടുവരും. ഓരോ തദ്ദേശ വാർഡിലും ഒരു സീറ്റ് വീതം അധികം വരുന്ന നിലയിൽ വാർഡ് വിഭജനത്തിനാണ് സർക്കാർ ആലോചിക്കുന്നത്. ഇത് ഓർഡിനൻസായി കൊണ്ടു വരാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഈ ഓർഡിനൻസ് ഗവർണർ മടക്കി. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിക്കായി കാത്തു നിൽക്കുകയാണ്. അതിനിടെയാണ് ബിൽ നിയമസഭയിൽ കൊണ്ടു വരാനുള്ള തീരുമാനം.
തദ്ദേശവാർഡ് വിഭജനത്തിനായി കമ്മീഷൻ രൂപീകരിക്കാൻ മന്ത്രിസഭാ യോഗ തീരുമാനം നേരത്തെ എടുത്തിരുന്നു. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഒരു വാർഡ് വീതം കൂടും. ഇതിനുള്ള ഓർഡിനൻസ് ഇറക്കാനായിരുന്നു തീരുമാനം. ഇതാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരിഗണനയിലേക്ക് പോകുന്നത്. ഓരോ തദ്ദേശ സ്ഥാപനത്തിലും ജനസംഖ്യാനുപാതികമായി ഒരു വാർഡ് വീതം ഉയർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ഗ്രാമപഞ്ചായത്തുകളിൽ 1000 പേർക്ക് ഒരു വാർഡ് എന്നാണ് കണക്ക്. എന്നാൽ, ജനസംഖ്യ വർദ്ധിച്ച സാഹചര്യത്തിലാണ് വാർഡ് പുനർ നിർണയം കൊണ്ടുവരുന്നത്. ചെറിയ ഗ്രാമപഞ്ചായത്തുകളിൽ ചുരുങ്ങിയത് 13 വാർഡും വലിയ പഞ്ചായത്തുകളിൽ പരമാവധി 23 വാർഡുമാണ് അനുവദിച്ചിട്ടുള്ളത്. പുനർനിർണയം വരുന്നതോടെ ഇത് 14 മുതൽ 24 വരെയാകും.
സംസ്ഥാനത്തെ 1200 തദ്ദേശ സ്ഥാപനങ്ങളിലായി 21,865 ജനപ്രതിനിധികളാണുള്ളത്. വാർഡ് പുനർവിഭജനം പൂർത്തിയായശേഷം 2025 ഒക്ടോബറിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ 1200 ജനപ്രതിനിധികൾ അധികമായി വരും. സംസ്ഥാനത്തെ 941 ഗ്രാമപ്പഞ്ചായത്തുകളിൽ നിലവിൽ 15,962 വാർഡുകൾ ഉണ്ട്. പുനർവിഭജനത്തിലൂടെ 941 വാർഡുകൾ കൂടും. 87 മുനിസിപ്പാലിറ്റികളിൽ മട്ടന്നൂർ ഒഴികെയുള്ളവയിലായി 3078 വാർഡും 6 കോർപറേഷനുകളിൽ 414 വാർഡുമുണ്ട്.
ഇവയിലും ഓരോ വാർഡ് വീതം കൂടും. മട്ടന്നൂരിലെ വാർഡ് വിഭജനം നേരത്തേ നടന്നിരുന്നു. 152 ബ്ലോക്ക് പഞ്ചായത്തുകളിൽ 2080 വാർഡും 14 ജില്ലാ പഞ്ചായത്തുകളിൽ 331 ഡിവിഷനുകളുമാണുള്ളത്.