തിരുവനന്തപുരം: ബാർ അസോസിയേഷൻ ഭാരവാഹിയുടെ ശബ്ദസന്ദേശം പുറത്തുവന്ന സാഹചര്യത്തിൽ മദ്യ നയം തയ്യാറാക്കുക കരുതോടെ. സിപിഐയും ഈ വിഷയത്തിൽ നിലപാട് കടുപ്പിക്കും. മദ്യ നയം ഇടതു മുന്നണിക്കുള്ളിൽ ചർച്ച ചെയ്യണമെന്ന് സിപിഐ ആവശ്യപ്പെടും. ഐടി പാർക്കുകളിലെ ബാർ ലൈസൻസിൽ അടക്കം ഇനി ഇടതു മുന്നണിയാകും തീരുമാനം എടുക്കുക. മദ്യനയത്തിലെ ഇളവിനുവേണ്ടി പണപ്പിരിവ് നിർദ്ദേശിച്ചെന്ന ആരോപണം ഫെഡറേഷൻ ഒഫ് കേരള ഹോട്ടൽസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി സുനിൽ കുമാർ തള്ളിയിരുന്നു. ഫെഡറേഷൻ ഒഫ് കേരള ഹോട്ടൽസ് അസോസിയേഷൻ വൈസ് പ്രസിഡന്റ് അനിമോൻ വാട്‌സാപ്പിലൂടെ നൽകിയ ശബ്ദ സന്ദേശം ഗൂഢാലോചനയുടെ ഭാഗമാണെന്നും പ്രതികരിച്ചു. സിപിഎമ്മുമായി അടുത്തു നിൽക്കുന്ന വ്യക്തികൂടിയാണ് സുനിൽകുമാർ.

മദ്യനയത്തിന്റെ ആലോചനകളിലേക്ക് സർക്കാർ കടന്നിട്ടില്ല. പ്രാരംഭ ചർച്ചകൾപോലും ആയിട്ടില്ല. അത്തരമൊരു സാഹചര്യത്തിൽ മദ്യനയത്തിൽ ഇങ്ങനെ ചില കാര്യങ്ങൾ നടപ്പിലാക്കാം എന്ന് പറഞ്ഞുകൊണ്ട് പണപ്പിരിവിന് ശ്രമിക്കുന്നു എന്നുള്ളത് ഗൗരവമായാണ് കാണുന്നത്. അതിശക്തമായിട്ടുള്ള നടപടി അത്തരക്കാർക്കെതിരായി ഉണ്ടാകുമെന്ന് സർക്കാർ പറയുന്നു. വിവാദ പശ്ചാത്തലത്തി്ൽ ഡ്രൈ ഡേ തുടരും. ഡ്രൈ ഡേ പിൻവലിക്കാനോ ബാറുകളുടെ സമയം കൂട്ടാനോ സർക്കാർ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി എംബി രാജേഷും വ്യക്തമാക്കിയിട്ടുണ്ട്. ആലോചിച്ചിട്ടുപോലുമില്ല. ഈ വർഷത്തെ മദ്യനയം സംബന്ധിച്ച പ്രാഥമിക ആലോചന പോലും ആരംഭിച്ചിട്ടില്ല. തെറ്റായ വാർത്തകൾ വിശ്വസിച്ച് അവസരം മുതലെടുക്കാൻ ചില കുബുദ്ധികൾ ഇറങ്ങിത്തിരിച്ചു എന്നുവേണം അനുമാനിക്കാനെന്നാണ് മന്ത്രി പറയുന്നത്. ഇതിൽ നിന്ന് തന്നെ ഡ്രൈഡേ മാറ്റില്ലെന്ന വിലയിരുത്തൽ സജീവമാണ്.

ഇക്കാര്യത്തിൽ അന്വേഷണവും ശക്തമായ നടപടിയുമുണ്ടാകുമെന്നും എക്സൈസ് മന്ത്രി വിശദീകരിച്ചിട്ടുണ്ട്. ബാറുകാരെ സർക്കാരിന് ഏറ്റവുമധികം സഹായിക്കാനാവുക ലൈസൻസ് ഫീസിന്റെ കാര്യത്തിലാണ്. 2016ൽ 23 ലക്ഷം ആയിരുന്നു ലൈസൻസ് ഫീസ്. 2011-16ലെ യു.ഡി.എഫ്. സർക്കാർ കാലത്ത് ലൈസൻസ് ഫീസ് ഒരു ലക്ഷം മാത്രമാണ് കൂട്ടിയത്. ഇപ്പോൾ ലൈസൻസ് ഫീസ് 35 ലക്ഷമാണ്. 8 വർഷത്തിനിടെ 12 ലക്ഷത്തിന്റെ, അതായത് 50 ശതമാനത്തിലേറെ വർധന. കഴിഞ്ഞ മദ്യനയത്തിൽ മാത്രം 5 ലക്ഷം രൂപയാണ് വർധിപ്പിച്ചത്. അടുത്ത മദ്യനയത്തിലും ഫീസ് വീണ്ടും ഉയർത്തും.

കുറ്റകരമായ ക്രമക്കേടുകൾ കണ്ടെത്തിയാൽ യു.ഡി.എഫ്. കാലത്ത് പിഴ മാത്രമാണ് ഈടാക്കിയിരുന്നത്. എൽ.ഡി.എഫ്. സർക്കാർ അത് ലൈസൻസ് റദ്ദാക്കലും പിഴയുമായി മാറ്റി. പിഴ യു.ഡി.എഫ് കാലത്ത് ഉണ്ടായിരുന്നതിനേക്കാൾ കൂട്ടി. ഈ സർക്കാർ അത് വീണ്ടും ഇരട്ടിയാക്കി വർധിപ്പിച്ചു. ആദ്യം സസ്പെൻഷൻ, അതുകഴിഞ്ഞ് പിഴ. സസ്പെൻഷൻ ഇല്ലാതെ വാങ്ങിയ പിഴയുടെ ഇരട്ടിയാണ് സസ്പെൻഷന് ശേഷമുള്ള പിഴ. നിയമലംഘനങ്ങളിൽ കഴിഞ്ഞ ആറുമാസത്തിനുള്ളിൽ 52 കേസുകളാണ് ഇങ്ങനെ എടുത്തത്. തൽകാലം ഈ കേസുകളും റെയ്ഡുകളും ഇനിയും തുടരും.

ബാർ കോഴ വിവാദത്തിൽ പണപ്പിരിവ് ആരോപണത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കമെന്ന എക്‌സൈസ് മന്ത്രി എംബി രാജേഷിന്റെ പരാതി ക്രൈംബ്രാഞ്ച് അന്വേഷിക്കും. മന്ത്രിയുടെ പരാതി ക്രൈംബ്രാഞ്ച് എഡിജിപിക്ക് കൈമാറി. ഇതുസംബന്ധിച്ച് മന്ത്രി എംബി രാജേഷ് ഡിജിപിക്കാണ് പരാതി നൽകിയത്. ഈ പരാതിയാണ് ക്രൈംബ്രാഞ്ച് എഡിജിപിക്ക് കൈമാറിയത്. അന്വേഷണ രീതി ക്രൈംബ്രാഞ്ച് മേധാവി തീരുമാനിക്കും. വസ്തുത വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നുവെന്നും പണപ്പിരിവ് ആരോപണത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നുമാണ് ഡിജിപി ഷെയ്ഖ് ദർവേശ് സാഹിബിന് നൽകിയ കത്തിൽ സംസ്ഥാന എക്‌സൈസ് മന്ത്രി എംബി രാജേഷ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രചരിക്കുന്ന ഓഡിയോ സന്ദേശത്തെ കുറിച്ചും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

പുതിയ മദ്യനയം നടപ്പാക്കുന്നതിന് സംസ്ഥാനത്തെ ഓരോ ബാറുടമയും രണ്ടര ലക്ഷം വീതം ആകെ 25 കോടി കോഴ വാങ്ങാൻ നീക്കമുണ്ടെന്ന വെളിപ്പെടുത്തൽ കേട്ടിരുന്നുവെന്നും ശബ്ദരേഖ സർക്കാർ വളരെ ഗൗരവത്തോടെ കാണുന്നുവെന്നുമാണ് നേരത്തെ എക്‌സൈസ് മന്ത്രി എം.ബിരാജേഷ് പ്രതികരിച്ചത്. മദ്യ നയത്തിന്റെ പ്രാരംഭ ചർച്ചകൾ പോലും ആയിട്ടില്ലെന്നും ഗൂഢാലോചന ഉണ്ടോയെന്ന് പരിശോധിക്കട്ടെയെന്നുമാണ് മന്ത്രി പറഞ്ഞത്. സർക്കാർ ഏർപ്പെടുത്തിയ കർശന നടപടികളിൽ പലർക്കും അസ്വസ്ഥത ഉണ്ടാകുമെന്നും അദ്ദേഹം പരിഹസിച്ചിരുന്നു.