- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോടതിയിൽ പ്രതിഭാഗം വാദത്തിനിടെ പൊട്ടിക്കരഞ്ഞ് സ്വാതി മലിവാൾ എംപി
ന്യൂഡൽഹി: രാജ്യസഭാ എംപി സ്വാതി മാലിവാളിനെ മർദിച്ച കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ പിഎ ബിഭവ് കുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ കോടതിയിൽ നാടകീയരംഗങ്ങൾ. ഡൽഹി തീസ് ഹസാരി കോടതിയിൽ പ്രതിഭാഗം വാദത്തിനിടെ സ്വാതി മലിവാൾ പൊട്ടിക്കരഞ്ഞു. സ്വാതി പരുക്കുകൾ സ്വയം ഉണ്ടാക്കിയതാണെന്ന് പ്രതിഭാഗം അഭിഭാഷകൻ എൻ. ഹരിഹരൻ വാദിച്ച സമയത്താണ് സ്വാതി വികാരാധീനയായത്.
സ്വാതിയെ അപകീർത്തിപ്പെടുത്താനല്ല ഇക്കാര്യങ്ങൾ പറഞ്ഞതെന്ന് അഭിഭാഷകൻ അറിയിച്ചതെങ്കിലും അവർ പൊട്ടിക്കരയുകയായിരുന്നു. ആരോപണങ്ങൾ ഉന്നയിക്കാനായി മുഖ്യമന്ത്രിയുടെ വീട്ടിൽ സിസിടിവി ഇല്ലാത്ത ഡ്രോയിങ് റൂം മനഃപൂർവം സ്വാതി തിരഞ്ഞെടുക്കുകയായിരുന്നെന്നും ആസൂത്രിതമായ ആരോപണങ്ങളാണ് സ്വാതി ഉന്നയിച്ചതെന്നും ബിഭവിന്റെ അഭിഭാഷകൻ പറഞ്ഞു. ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ബിഭവ് കുമാറിന്റെ ജാമ്യാപേക്ഷ നേരത്തെ കോടതി തള്ളിയിരുന്നു. രണ്ടാമത്തെ അപേക്ഷയാണ് ഇന്നു പരിഗണിക്കുന്നത്. അതിനിടെ കനത്തചൂടിൽ കോടതിക്കുള്ളിൽ പൊലീസ് ഉദ്യോഗസ്ഥ കുഴഞ്ഞുവീണതും ആശങ്കയ്ക്കിടയാക്കി.
മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് വേണ്ടി തന്നെ വിളിച്ചുവെന്ന് സ്വാതി മാലിവാൾ പറഞ്ഞിട്ടില്ല. അവര് ചെയ്തത് കടന്നുകയറ്റമാണ്. ഇത്തരത്തിൽ എല്ലാവർക്കും ആരുടേയെങ്കിലും വീടുകളിലേക്ക് കയറിച്ചെല്ലാൻ സാധിക്കുമോ? ഇത് മുഖ്യമന്ത്രിയുടെ വീടാണ്. ഒരു എംപിക്ക് എന്തും ചെയ്യാനുള്ള ലൈസൻസ് കൊടുക്കാൻ സാധിക്കുമോ? അവര് മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് വന്നത് ചില കാര്യങ്ങൾ നേരത്തെ തന്നെ ചിന്തിച്ചുറപ്പിച്ചിട്ടായിരുന്നു- പ്രതിഭാഗം വക്കീൽ കോടതിയിൽ വാദിച്ചു.
മെയ് 13-നാണ് സംഭവം നടന്നുവെന്ന് ആരോപിക്കുന്നത്. എന്നാൽ പുറത്തുപറയുന്നത് മെയ് 16-നും. അവരുടെ ശരീരത്തിൽ ഉണ്ടായ മുറിവ് എത്തരത്തിലുള്ളതാണെന്ന് അറിയില്ല. അതിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടോ അതോ അടുത്ത് തന്നെ ഉണ്ടായതാണോ എന്ന സംശയവും പ്രതിഭാഗം വക്കീൽ മുന്നോട്ട് വെച്ചു. സ്വാതി സ്വയം പരിക്കേൽപിച്ചതാണെന്നും സംഭവം നടന്നപ്പോൾ വിഭവ് കുമാർ മുഖ്യമന്ത്രിയുടെ വസതിയിൽ ഇല്ലായിരുന്നെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദങ്ങൾ.
മുൻ വനിതാ കമ്മിഷൻ അധ്യക്ഷ ആയ സ്വാതി മാലിവാൾ തന്റെ അവകാശം ലംഘിക്കപ്പെട്ടുവെങ്കിൽ എന്തുകൊണ്ടാണ് ആ സമയത്ത് തന്നെ പരാതി നൽകിയില്ലെന്നും സുരക്ഷാ നമ്പറുകളായ 100 അല്ലെങ്കിൽ 112 -ൽ എന്തുകൊണ്ടാണ് വിളിച്ച് പരാതിപ്പെട്ടില്ലെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. നിലവിൽ ബിഭവ് കുമാറിനെ പേഴ്‌സണൽ സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കം ചെയ്തിട്ടുണ്ട്. ഇപ്പോൾ അദ്ദേഹത്തിന് മുഖ്യമന്ത്രിയുടെ വസതിയിൽ യാതൊരു അധികാരവുമില്ലെന്നും അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി.
ബിഭവ് ഹീറോയായി ചിത്രീകരിക്കുകയും തന്നെ ബിജെപി. ഏജന്റ് എന്ന് വിളിക്കുകയും ചെയ്തുവെന്ന് സ്വാതി മാലിവാൾ കോടതിയിൽ പറഞ്ഞു. പ്രധാനപ്പെട്ട യൂട്ഊബർ എ.എ.പി. വൊളന്റിയറെപ്പോലെ ഒരു ഭാഗം മാത്രം അടങ്ങിയ വീഡിയോ തനിക്കെതിരേ നിർമ്മിച്ചുവെന്നും ഇതിനു പിന്നാലെ നിരവധി ഭീഷണി സന്ദേശങ്ങൾ ലഭിച്ചതായും സ്വാതി മാലിവാൾ കോടതിയിൽ വ്യക്തമാക്കി.