ന്യൂഡൽഹി: ലൈംഗികപീഡനക്കേസിൽ പ്രതിയായ ഹാസൻ എംപി. പ്രജ്ജ്വൽ രേവണ്ണ ബെംഗളൂരുവിലെത്തി കീഴടങ്ങുമെന്ന് റിപ്പോർട്ട്. മെയ് 31-ന് ബെംഗളുരുവിലെത്തി കീഴടങ്ങാനാണ് നീക്കം. ഡിപ്ലോമാറ്റിക് പാസ്പോർട്ട് റദ്ദാക്കാനുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ നീക്കത്തിന് പിന്നാലെയാണ് തീരുമാനം. പ്രജ്ജ്വൽ നാട്ടിലേക്ക് തിരികെ ടിക്കറ്റ് ബുക്ക് ചെയ്തതായാണ് സൂചന.

കഴിഞ്ഞ ഏപ്രിൽ 27 മുതൽ പ്രജ്വൽ ഒളിവിലാണ്. പ്രജ്വലിന്റെ ഡിപ്ലോമാറ്റിക് പാസ്‌പോർട്ട് റദ്ദാക്കാനുള്ള നീക്കത്തിലാണ് വിദേശകാര്യമന്ത്രാലയം. ഇത് ഒഴിവാക്കാനാണ് പ്രജ്വലിന്റെ നീക്കം. പറയാതെ വിദേശത്ത് പോയതിന് കുടുംബത്തോട് മാപ്പ് ചോദിക്കുന്നെന്ന് പ്രജ്വൽ വീഡിയോ സന്ദേശത്തിൽ പറഞ്ഞു. ജർമനിയിലെത്തി യൂട്യൂബ് നോക്കിയപ്പോഴാണ് തനിക്കെതിരെ കേസെടുത്തെന്ന് അറിയുന്നത്. അതോടെയാണ് ഏഴ് ദിവസം ഹാജരാകാൻ സമയം ചോദിച്ചത്.

താൻ മെയ്‌ 31-ന് പ്രത്യേക അന്വേഷണ വിഭാഗത്തിന് മുന്നിൽ ഹാജരാകുമെന്ന് വീഡിയോയിൽ പ്രജ്വൽ പറഞ്ഞു. മാതാപിതാക്കളോട് മാപ്പ് പറയുന്നു. തനിക്ക് വിഷാദരോഗം ബാധിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ തനിക്കെതിരെ കേസില്ല. വിദേശയാത്ര മുൻകൂട്ടി തീരുമാനിച്ചിരുന്നു. യാത്രയ്ക്കിടെയാണ് ആരോപണങ്ങൾ അറിഞ്ഞത്. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളാണ് ഗൂഢാലോചനയ്ക്ക് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.

രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കൾ ഈ വിഷയം ഉയർത്തിക്കാട്ടി എൻഡിഎയ്ക്ക് എതിരെ പ്രചാരണം കടുപ്പിക്കുന്നത് കണ്ടു. കടുത്ത വിഷാദത്തിലേക്ക് വഴുതി വീണ താൻ അതിനാലാണ് നിശബ്ദത പാലിച്ചത്. ഹാസനിൽ ചില ദുഷ്ടശക്തികൾ തനിക്കെതിരെ പ്രവർത്തിച്ചു. തന്നെ രാഷ്ട്രീയത്തിൽ നിന്ന് പുറത്താക്കാൻ ഗൂഢാലോചന നടത്തിയെന്നും പ്രജ്വൽ ആരോപിച്ചു. മെയ് 31-ന് രാവിലെ 10 മണിക്ക് എസ്‌ഐടിക്ക് മുമ്പാകെ ഹാജരാകുമെന്ന് പ്രജ്വൽ വ്യക്തമാക്കി. വിചാരണ നേരിടും. നിയമപോരാട്ടം നടത്തി സത്യം തെളിയിക്കും. ജുഡീഷ്യറിയിൽ തനിക്ക് വിശ്വാസമുണ്ടെന്നും സത്യം ജയിക്കുമെന്നും പ്രജ്വൽ പറഞ്ഞു.

കർണാടക സർക്കാരിന്റെ ആവശ്യപ്രകാരം പ്രജ്ജ്വലിന്റെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കാനുള്ള നടപടികൾ വിദേശകാര്യമന്ത്രാലയം വ്യാഴാഴ്ച ആരംഭിച്ചിരുന്നു. പാസ്പോർട്ട് റദ്ദാക്കാതിരിക്കാൻ എന്തെങ്കിലും കാരണമുണ്ടെങ്കിൽ അറിയിക്കണമെന്നാവശ്യപ്പെട്ട് എം.ഇ.എ. വെള്ളിയാഴ്ച പ്രജ്ജ്വലിന് നോട്ടീസും അയച്ചിരുന്നു. 1967-ലെ പാസ്പോർട്ട് ആക്ട് പ്രകാരമാണ് എം.ഇ.എ. നടപടി. പാസ്പോർട്ട് റദ്ദാക്കപ്പെട്ടാൽ പിന്നെ പ്രജ്ജ്വലിന് വിദേശത്ത് തുടരുന്നത് പ്രയാസമാകും. പാസ്പോർട്ടില്ലാതെ തങ്ങുന്നതിന് പ്രജ്ജ്വലിന് അയാൾ ഏതു രാജ്യത്താണോ ഉള്ളത് ആ രാജ്യത്തെ നിയമ നടപടികൾ നേരിടേണ്ടിവരും.

കർണാടകയിലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സമയത്താണ് പ്രജ്ജ്വൽ രേവണ്ണയ്ക്കെതിരെ ലൈംഗികാരോപണം ഉയർന്നത്. പീഡനത്തിനിരയാക്കപ്പെട്ട സ്ത്രീകളുടെ വീഡിയോകൾ കർണാടകയിൽ വലിയ തോതിൽ പ്രചരിച്ചിരുന്നു. വീഡിയോയിൽ ഉൾപ്പെട്ടതായി പറയുന്ന ഒരു സ്ത്രീ വനിതാ കമ്മീഷന് പരാതി നൽകിയതോടെയാണ് കേസ് മുറുകിയത്.

പരാതിയുടെ അടിസ്ഥാനത്തിൽ വനിതാ കമ്മിഷൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തയച്ചു. ഇതിനുപിന്നാലെ മുഖ്യമന്ത്രി കേസ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി. ഈ ദിവസം, ഏപ്രിൽ 26-ന് അർധരാത്രിയോടെയാണ് പ്രജ്ജ്വൽ രാജ്യം വിട്ടത്. നൂറുകണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്തു എന്നാണ് 33-കാരനായ പ്രജ്ജ്വലിനെതിരെ ഉയർന്ന ആരോപണം. പ്രജ്ജ്വലിന്റെ പിതാവ് രേവണ്ണയ്ക്കെതിരെയും ആരോപണങ്ങളുയർന്നിരുന്നു.