കൊച്ചി: സംസ്ഥാനത്ത് പരക്കെ കനത്ത മഴ. പെരുമഴയിൽ കൊച്ചിയിലും തിരുവനന്തപുരത്തും കൊല്ലത്തുമടക്കം വീണ്ടും കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ഗതാഗതത്തിന് തടസ്സമായി. ആലപ്പുഴയിൽ തെങ്ങ് വീണ് യുവാവ് മരിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ രാത്രി മുതൽ പെയ്ത കനത്ത മഴ ദുരിതം വിതക്കുകയാണ്. ആലപ്പുഴ മാവേലിക്കര കൊയ്‌പ്പള്ളിക്കാരാഴ്മ ചിറയിൽ കുളങ്ങര സ്വദേശി അരവിന്ദാണ് തെങ്ങ് വീണ് മരിച്ചത്. രാവിലെ വീട്ടുമുറ്റത്ത് നിൽക്കുമ്പോൾ ശക്തമായ കാറ്റിലും മഴയിലും തെങ്ങ് കടപുഴകി വീഴുകയായിരുന്നു.

കളമശേരിയിൽ മേഘവിസ്‌ഫോടനം ഉണ്ടായതായി കുസാറ്റ് അധികൃതർ അറിയിച്ചു. ഒന്നര മണിക്കൂറിൽ 100 എംഎം മഴ പെയ്തു. കുസാറ്റിന്റെ മഴമാപിനിയിലാണ് ഇതു രേഖപ്പെടുത്തിയത്. കനത്ത മഴയ്ക്കു പിന്നിൽ മേഘവിസ്‌ഫോടനമെന്ന് കുസാറ്റ് അധികൃതർ വ്യക്തമാക്കി. ഒന്നര മണിക്കൂറിൽ 100 എംഎം മഴ പെയ്തുവെന്ന് കുസാറ്റിലെ അസോഷ്യേറ്റ് പ്രഫസർ എസ്. അഭിലാഷ് അറിയിച്ചു. കാക്കനാട് ഇൻഫോപാർക്കിൽ വെള്ളക്കെട്ട് രൂക്ഷമാണ്. നഗരത്തിൽ പലയിടത്തും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. വാഹനങ്ങൾ കുടുങ്ങിക്കിടക്കുകയാണ്.

കൊച്ചി നഗരസഭാ മേഖലയിലും തൃക്കാക്കര, കളമശേരി, തൃപ്പൂണിത്തുറ മുൻസിപ്പാലിറ്റികളിലുള്ളവരേയുമാണ് ഏറെ ബാധിച്ചത്. എറണാകുളം ബൈപ്പാസിലടക്കം ഗതാഗതക്കുരുക്ക് രൂക്ഷമായി. കൊച്ചി ഇൻഫോപാർക്കിൽ വെള്ളക്കെട്ടിനെത്തുടർന്ന് ഐ ടി സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് സമയത്ത് എത്താനായില്ല. നഗരത്തോട് ചേർന്ന താഴ്ന്ന മേഖലകളിലെ വീടുകളിലും വെള്ളം കയറി. ഫോർട്ടുകൊച്ചിയിൽ കെ എസ് ആർ ടി സി ബസിന് മുകളിലേക്ക് മരം വീണെങ്കിലും ആർക്കും പരിക്കില്ല. കളമശേരിയിൽ വെള്ളം ഉയർന്നതോടെ ഒറ്റപ്പെട്ടുപോയവരെ ഫയർ ഫോഴ്‌സ് എത്തി രക്ഷപെടുത്തി.

കൊല്ലത്ത് അർദ്ധരാത്രി മുതൽ ഇടവിട്ട് ശക്തമായ മഴയുണ്ട്. കാവനാട്, പറക്കുളം ഭാഗങ്ങളിൽ വീടുകളിൽ വെള്ളം കയറി. ദേശീയപാതയിൽ ചാത്തന്നൂർ മുതൽ പരിപ്പള്ളി വരെ വെള്ളക്കെട്ടിൽ ഗതാഗതം തടസപ്പെട്ടു. കുണ്ടറ ചീരങ്കാവിന് സമീപം രാത്രി മരം വീണ് വൈദ്യുതി ലൈനുകൾ തകർന്നു. സൂപ്പർമാർക്കറ്റിന് മുന്നിൽ നിർത്തിയിട്ടിരുന്ന രണ്ടു വാഹനങ്ങളുടെ ചില്ലുകൾ മരത്തിന്റെ ചില്ലകൾ വീണു തകർന്നു. വാളകത്ത് എംസി റോഡിൽ വെള്ളക്കെട്ടുണ്ടായി. തിരുവനന്തപുരത്ത് നഗരമേഖലയിലും ഉൾപ്രദേശങ്ങളിലും മഴ കനത്തു. വർക്കല പാപനാശത്ത് കുന്നിടിഞ്ഞു.

തിരുവനന്തപുരം നഗരത്തിൽ കോട്ടൺഹിൽ സ്‌കൂളിൽ ബസിന് മുകളിലേക്ക് മരം കടപുഴകി വീണു. നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രമതിൽ തകർന്ന് ആറ്റിൽ പതിച്ചു. കാട്ടാക്കട കൈതക്കോണത്ത് തോടുകൾ കര കവിഞ്ഞൊഴുകുകയാണ്. കാട്ടാക്കട നെടുമങ്ങാട് റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ശക്തമായ മഴ കണക്കിലെടുത്ത് പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം വീണ്ടും അടച്ചു. കാലവർഷപ്പെയ്ത്ത് തുടങ്ങിയത് കണക്കിലെടുത്ത് അടിയന്തര നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകിയതായി റവന്യൂ മന്ത്രി അറിയിച്ചു.

എറണാകുളത്ത് വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ഇടപ്പള്ളി അരൂർ ദേശീയ പാതയിൽ വൻ ഗതാഗതകുരുക്കാണ് അനുഭവപ്പെടുന്നത്. ഇടറോഡുകളിലുൾപ്പെടെ വെള്ളം കയറിയിട്ടുണ്ട്. ഫോർട്ട് കൊച്ചിയിൽ കെഎസ്ആർടിസി ബസിന് മുകളിൽ മരം വീണ് ഒരാൾക്ക് പരിക്കേറ്റു. കണ്ണമാലി സൗദി പള്ളിക്ക് സമീപം വള്ളം മുങ്ങി ഒരാളെ കാണതായി. തിരച്ചിൽ തുടരുകയാണ്. മൂന്ന് പേരെ അപകടത്തിൽ നിന്ന് രക്ഷപ്പെടുത്തി. പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ ഒഴുകി പോകുകയും ചെയ്തു.

തലസ്ഥാനത്ത് രാവിലെ മുതൽ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. വെഞ്ഞാറമൂട് തേമ്പാമൂട് പുല്ലമ്പാറയിൽ വ്യാപക നാശനഷ്ടം പല വീടുകളിലും വെള്ളം കയറി. നാവായിക്കുളം മമ്മൂല്ലി പാലത്തിനു സമീപം ഒറ്റപ്പെട്ടുപോയ കുടുംബത്തെ ഫയർഫോഴ്സിന്റെ സഹായത്തോടെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. ചിറയിൻകീഴ് പാലവിള ഗവൺമെന്റ് യുപി സ്‌കൂളിന്റെ മതിൽ ഇടിഞ്ഞ് വീണു. സ്‌കൂൾ തുറന്നിട്ടാല്ലാത്തതിനാൽ വലിയ അപകടമാണ് ഒഴിവായത്.

മഴ ശക്തമായതിനാൽ പാപനാശം ബലിമണ്ഡപത്തിൽ ബലിതർപ്പണം തുടരുന്നതിനെതിരെ പ്രദേശവാസികൾ രംഗത്തെത്തി. അപകടാവസ്ഥ കണക്കിലെടുത്ത് താത്ക്കാലികമായി തർപ്പണം നിർത്തണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടിട്ടും തർപ്പണം തുടരുകയാണ്. ദേവസ്വം ബോർഡ് എക്സിക്യൂട്ടിവ് ഓഫീസറുടെ നിർദ്ദേശമുണ്ടായാൽ മാത്രമേ ബലിതർപ്പണ ചടങ്ങുകൾ നിർത്തിവെയ്ക്കാൻ കഴിയുള്ളൂ എന്നാണ് അധികൃതരുടെ നിലപാട്.

പൂവച്ചൽ പഞ്ചായത്തിലെ ആനാകോട് ഏലയിലും വെള്ളം കയറി. നെയ്യാർ കനാലും നിറഞ്ഞെഴുകുകയാണ്. ആനകോട് ഏലയിൽ നിന്നും പൂവച്ചൽ വരെ മൂന്നര കിലോമീറ്ററിനുള്ളിൽ ഏക്കറുകണക്കിന് കൃഷയിടങ്ങളിൽ വെള്ളം കയറി. ഉദിയന്നൂർ തോട്, പച്ചക്കാട് എന്നിവിടങ്ങളിൽ തോട് കരവിഞ്ഞു. അരുവിക്കര സർക്കാർ ആശുത്രിയുടെ മതിൽ തകർന്നു. ശക്തമായ മഴ കാരണം ജില്ലാ ദുരന്ത നിവാരണ സമിതിയുടെ നിർദേശ പ്രകാരം പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചിട്ടുണ്ട്. പുതിയ അറിയിപ്പ് വരുന്നതുവരെ നിരോധനം തുടരും.

കോട്ടയത്ത് തിങ്കളാഴ്ച രാത്രി മുതൽ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. മീനച്ചിലാറ്റിലും, മണിമലയാറ്റിലും, മൂവാറ്റുപുഴയാറ്റിലും ജലനിരപ്പ് ഉയരുന്നുണ്ട്. ഓട വൃത്തിയാക്കാതിരുന്നതിനെ തുടർന്ന് വൈക്കത്തെ കടകളിൽ വെള്ളം കയറി. മഴ ശക്തായതോടെ വൈക്കം തവണക്കാവ് ജങ്കാർ സർവ്വീസ് നിർത്തി. വൈക്കം ജെട്ടിയിൽ തവണ കടവിലേക്ക് പോകാൻ പുറപ്പെട്ട ബോട്ട് കാറ്റിൽപ്പെട്ട് തിരിക്കാനാവതിരുന്നതിനെ തുടർന്ന് ജീവനക്കാർ തിരിച്ചടിപ്പിച്ചു. ബോട്ട് സർവ്വീസുകൾക്ക് മുടക്കമില്ല.

മേഘവിസ്‌ഫോടനം

കുറഞ്ഞ സമയത്തിനകം ഒരു പ്രദേശത്തുണ്ടാകുന്ന അതിശക്തമായ പേമാരിയാണ് മേഘവിസ്‌ഫോടനം. മേഘ വിസ്‌ഫോടനമുണ്ടാകുന്ന സ്ഥലത്ത് നിമിഷങ്ങൾ കൊണ്ടു വെള്ളപ്പൊക്കവും ഉരുൾപൊട്ടലുകളും മണ്ണിടിച്ചിലുമുണ്ടാകും. ഇടിയും മിന്നലുമുണ്ടാകും. മേഖല പ്രളയത്തിലാകും. മണിക്കൂറിൽ 100 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിച്ചാൽ അതിനെ മേഘവിസ്‌ഫോടനമെന്നു പറയാം. മേഘങ്ങളുടെ കൂട്ടത്തിൽ ഏറ്റവും വലുപ്പമേറിയ കുമുലോ നിംബസ് മഴമേഘങ്ങളാണ് മേഘവിസ്‌ഫോടനമുണ്ടാക്കുന്നത്. അത്തരം മേഘങ്ങൾക്കു ചില പ്രത്യേകതകൾ ഉണ്ടായിരിക്കും. ഈർപ്പം നിറഞ്ഞ വായുപ്രവാഹം ഭൗമോപരിതലത്തിൽനിന്ന് അന്തരീക്ഷത്തിന്റെ മുകൾത്തട്ടിലേക്ക് ഉയരുകയും ഘനീഭവിക്കുകയും ചെയ്യുമ്പോഴാണ് മേഘങ്ങൾ രൂപപ്പെടുന്നത്. എന്നാൽ കുമുലോ നിംബസ് മേഘങ്ങൾ അന്തരീക്ഷത്തിന്റെ താഴെത്തട്ടിൽ രൂപപ്പെട്ട് 15 കിലോമീറ്റർ ഉയരത്തിൽ വരെയെത്താം. തുലാമഴയുടെ സമയത്തും കാലാവർഷത്തിലും വലിയ കാറ്റോടുകൂടി മഴയുണ്ടാകുമ്പോഴും ഇത്തരം മേഘങ്ങളുണ്ടാകും.

ഇത്തരത്തിൽ ഉണ്ടാകുന്ന കൂറ്റൻ കുമുലോ നിംബസ് മേഘങ്ങളാണ് മേഘസ്‌ഫോടനമുണ്ടാക്കുന്നത്. ഇത്തരം മേഘത്തിനുള്ളിൽ, ശക്തിയേറിയ വായുപ്രവാഹം വലിയ ചാംക്രമണരീതിയിൽ രൂപപ്പെടുന്നു. ഇത് മേഘത്തിന്റെ നടുഭാഗത്തുകൂടി മുകളിലേക്കുയരുന്നു. ഈ മേഘങ്ങളുടെ താഴെത്തട്ടിൽ ജലകണങ്ങളും മുകളറ്റത്ത് ഐസ് ക്രിസ്റ്റലുകളും ഉണ്ടാകും. അന്തരീക്ഷത്തിന്റെ മുകൾത്തട്ടിലേക്ക് വേഗത്തിൽ എത്തുന്ന കുമുലോ നിംബസ് മേഘങ്ങൾ ഇവ രൂപപ്പെടുന്ന സ്ഥലത്തെ പ്രത്യേകതകൾ കാരണം പതിവിലും ഉയർന്ന അളവിൽ അന്തരീക്ഷ ഈർപ്പം വഹിച്ചേക്കാം. ഭൗമാന്തരീക്ഷത്തിന്റെ പത്തുകിലോമീറ്ററിലും മുകളിലത്തെ താപനില -40 മുതൽ -60 വരെ ഡിഗ്രി സെൽഷ്യസ് ആണ്. ഇതു കാരണം ഈർപ്പം മഞ്ഞുകണങ്ങളായി മാറുന്നു.