ഴിഞ്ഞയാഴ്ച ഇറ്റാലിയൻ ബിഷപ്പുമാരുമായി നടത്തിയ ഒരു സ്വകാര്യ കൂടിക്കാഴ്ചയിൽ സ്വവർഗ്ഗാനുരാഗികൾക്കെതിരെ മാർപ്പാപ്പ അധിക്ഷേപകരമായ പരാമർശം നടത്തി എന്ന റിപ്പോർട്ട് വന്നതിനു പുറകെ അതിൽ ഖേദം രേഖപ്പെടുത്തിക്കൊണ്ട് പോപ്പ് രംഗത്ത് വന്നു. സ്വവർഗ്ഗാനുരാഗികളായ പുരുഷന്മാരെ സെമിനാരികളിൽ പ്രവേശിപ്പിക്കുന്നതിന് എതിരായ അഭിപ്രായം രേഖപ്പെടുത്തുന്നതിനിടയിലായിരുന്നു ഈ പരാമർശം ഉണ്ടായത്. 250 ഓളം ബിഷപ്പുമാർ പങ്കെടുത്ത യോഗത്തിൽ നടത്തിയ പരാമർശത്തിൽ പോപ്പ് ഖേദം രേഖപ്പെടുത്തിയതായി വത്തിക്കാൻ അറിയിച്ചു.

ബിഷപ്പുമാരുടെ വാർഷിക സമ്മേളന വേദിയിൽ ആയിരുന്നു വിവാദമായ പരാമർശം ഉണ്ടായത്. പരസ്യമായി തന്നെ സ്വവർഗ്ഗാനുരാഗികളാണെന്ന് പറയുന്നവരെ സെമിനാരികളിലോ പൗരോഹിത്യ കോളേജുകളിലോ പ്രവേശിപ്പിക്കണമോ എന്ന ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു പോപ്പ്. അത്തരക്കാർക്ക് പ്രവേശനം നൽകരുതെന്ന് മാർപ്പാപ്പ ഉറപ്പിച്ചു പറഞ്ഞു എന്നാണ് അവിടെ സന്നിഹിതരായിരുന്ന ചിലരെ ഉദ്ധരിച്ചുകൊണ്ട് ഇറ്റാലിയൻ മാധ്യംങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഇപ്പോൾ തന്നെ സെമിനാരികളും പൗരോഹിത്യ കോളേജുകളും സ്വവർഗാനുരാഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നും പോപ്പ് പറഞ്ഞുവത്രെ. ഈ സന്ദർഭത്തിലാാണ് സ്വവർഗ്ഗാനുരാഗികളെ ആക്ഷേപകരമായി പരാമർശിക്കുന്ന ഒരു ഇറ്റാലിയൻ വാക്ക് അദ്ദേഹം ഉപയോഗിച്ചത്. മറ്റാർക്കും പ്രവേശനമില്ലാതിരുന്ന, അടച്ചിട്ട ഹോളിൽ നടത്തിയ പരാമർശം മാധ്യമങ്ങളിലൂടെ പരസ്യമായതായി മാർപാപ്പ അറിഞ്ഞിരുന്നു.

ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചല്ല അത്തരമൊരു പരാമർശം നടത്തിയതെന്നും, അത് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമാപണം നടത്തുന്നു എന്നുമാണ് മാർപ്പാപ്പ അറിയിച്ചതെന്ന് വത്തിക്കാൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഗോസിപ്പ് വെബ്‌സൈറ്റ് ആയ ഡാഗോസ്പിയ ആണ് ഇക്കാര്യം ആദ്യം പുറത്ത് വിട്ടത്.

പിന്നീട് മുഖ്യധാരാ മാധ്യമങ്ങൾ അത് ഏറ്റെടുക്കുകയായിരുന്നു. നേരത്തെ സ്വവർഗ്ഗാനുരാഗികളായ ദമ്പതിമാർ അനുഗ്രഹം തേടിയെത്തിയാൽ ആശിർവാദം നൽകാമെന്ന് നേരത്തേ പോപ്പ് അനുവാദം നൽകിയിരുന്നു.