കൊൽക്കത്ത: ബംഗ്ലാദേശ് എംപി അൻവർ അസിം അനാറിന്റെ കൊലപാതകത്തിൽ നിർണായക തെളിവുകൾ കണ്ടെടുത്ത് അന്വേഷണ സംഘം. ശരീരഭാഗങ്ങൾക്കായി ആറ് ദിവസത്തോളം നീണ്ട തിരച്ചിലിനൊടുവിൽ ന്യൂ ടൗൺ ഹൗസിങ് കോംപ്ലക്‌സിലെ സെപ്റ്റിക് ടാങ്കിൽ നിന്ന് നാല് കിലോ മാംസം കണ്ടെത്തി. കണ്ടെടുത്ത അവശിഷ്ടം പൊലീസ് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. ചൊവ്വാഴ്ച കണ്ടെത്തിയ അവശിഷ്ടം മനുഷ്യന്റെ മാംസമാണെന്ന് കരുതുന്നതായും അസിമിന്റേതാണെന്ന് തെളിയിക്കാൻ ഫോറൻസിക് പരിശോധന വേണമെന്നും പൊലീസ് അറിയിച്ചു. കൊലപ്പെടുത്തിയ ശേഷം തൊലിയുരിച്ച് മാംസം വേർപ്പെടുത്തി ഉപേക്ഷിച്ചെന്നാണ് പൊലീസ് നിഗമനം.

കൊല്ലപ്പെട്ട എംപി.യുടെ മൃതദേഹാവശിഷ്ടമാണ് കണ്ടെടുത്തതെന്നാണ് പൊലീസിന്റെ നിഗമനം. അസീം അനാറിനെ കൊലപ്പെടുത്തിശേഷം ശരീരത്തിൽനിന്ന് തൊലിനീക്കുകയും തുടർന്ന് മൃതദേഹം വെട്ടിനുറുക്കുകയും ചെയ്തെന്നായിരുന്നു പ്രതികളുടെ മൊഴി. കൃത്യം നടത്തിയശേഷം പ്രതികൾ ഫ്ളാറ്റിലെ ശൗചാലയത്തിലൂടെ ഒഴുക്കിക്കളഞ്ഞ മൃതദേഹാവശിഷ്ടങ്ങളാണ് സെപ്റ്റിക് ടാങ്കിൽനിന്ന് കണ്ടെടുത്തതെന്നാണ് പൊലീസ് കരുതുന്നത്. അതേസമയം, ഫ്ളാറ്റിന് സമീപത്തെ കനാലിൽ പൊലീസ് സംഘം തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.

ബാഗ്ജോല കനാലിൽ ശരീരഭാഗങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങൾ ഫലം കാണാത്തതിനെ തുടർന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ ഫ്‌ളാറ്റ് സമുച്ചയത്തിൽ തിരച്ചിൽ നടത്തിയത്. സിഐഡി അറസ്റ്റ് ചെയ്ത ബംഗ്ലാദേശി പൗരൻ ജിഹാദ് ഹൗലാദറിനെ നാല് മണിക്കൂറിലേറെ ചോദ്യം ചെയ്തതിന് ശേഷം സെപ്റ്റിക് ടാങ്ക് പരിശോധിക്കാൻ സിഐഡി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടത്. അസിമിന്റെ മൃതദേഹം സംസ്‌കരിക്കാനാണ് ജിഹാദിനെ കൊലപാതകികൾ മുംബൈയിൽ നിന്ന് കൊൽക്കത്തയിൽ എത്തിച്ചത്. കോംപ്ലക്സിന് സമീപമുള്ള ജലാശയത്തിലും കനാലിലും തിരയാനാണ് ആദ്യം ബംഗ്ലാദേശ് അന്വേഷണ സംഘം ആവശ്യപ്പെട്ടത്.

ഫ്ളാറ്റിൽ നിന്ന് കണ്ടെത്തിയ രക്തത്തിന്റെ ഡിഎൻഎ പരിശോധന നടത്തി ബംഗ്ലാദേശ് എംപിയുടെ ബന്ധുക്കളുടെ ഫലവുമായി പൊരുത്തപ്പെടുന്ന കാര്യം ബംഗ്ലാദേശ് പൊലീസ് പരിഗണിക്കുന്നുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. കത്തികളും വെട്ടുകത്തികളും വീണ്ടെടുക്കാനും അവ എവിടെ നിന്നാണ് വാങ്ങിയതെന്ന് തെളിയിക്കാനും ശ്രമം തുടരുകയാണ്. ഇതിന്റെ ഭാഗമായി ധാക്ക മെട്രോപൊളിറ്റൻ പൊലീസ് ചൊവ്വാഴ്ച ന്യൂ ടൗണിലെ ഒരു ഷോപ്പിങ് മാളിൽ പരിശോധന നടത്തി. പ്രതിയായ അമാനുല്ല അമൻ എന്ന ഷിമുൽ ഭുയാനാണ് ആയുധം വാങ്ങിയത്.

അസിമിനെതിരെ നേരത്തെ രണ്ട് തവണ ശ്രമങ്ങൾ നടന്നിട്ടുണ്ടെന്നും കൊലയാളികൾ എംപിയെ ഏറെ നാളായി പിന്തുടരുന്നുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായി. ജനുവരി മുതൽ മെയ് വരെയുള്ള കാലയളവിൽ അസിം മൂന്ന് തവണ കൊൽക്കത്ത സന്ദർശിച്ചു. ഓരോ തവണയും കൊലയാളികൾ കൊൽക്കത്തയിലേക്ക് എത്തിയതായി പൊലീസ് പറഞ്ഞു. പ്രധാന സൂത്രധാരൻ അക്തറുസ്സമാൻ എന്ന ഷഹീനും കൊൽക്കത്തയിലെത്തിയിരുന്നു.

അസീം അനാർ കൊലക്കേസുമായി ബന്ധപ്പെട്ട് കശാപ്പുകാരനും ബംഗ്ലാദേശ് സ്വദേശിയുമായ ജിഹാദ് ഹവൽദാറിനെ കൊൽക്കത്ത പൊലീസിന്റെ സിഐ.ഡി. സംഘം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞദിവസം ബംഗ്ലാദേശിലെ ധാക്കയിൽനിന്നെത്തിയ പൊലീസ് ഡിറ്റക്ടീവ് ബ്രാഞ്ച് മേധാവി മുഹമ്മദ് ഹാറൂൺ റഷീദ് പ്രതിയെ കൊൽക്കത്തയിൽവെച്ച് വിശദമായി ചോദ്യംചെയ്തു. മണിക്കൂറുകൾനീണ്ട ഈ ചോദ്യംചെയ്യലിന് ശേഷം ന്യൂടൗണിലെ ഫ്ളാറ്റ് സമുച്ചയത്തിലും സമീപത്തെ കനാലിലും പരിശോധന നടത്താനായി ധാക്ക പൊലീസ് മേധാവി നിർദ്ദേശം നൽകുകയായിരുന്നു.

ഫോറൻസിക് പരിശോധന നിർണായകം

ഫ്ളാറ്റിൽനിന്ന് ശേഖരിച്ച രക്തസാംപിളും അസീം അനാറിന്റെ കുടുംബാംഗങ്ങളുടെ രക്തസാംപിളും ശേഖരിച്ച് ഡി.എൻ.എ. പരിശോധന നടത്താനാണ് ധാക്ക പൊലീസിന്റെ നീക്കം. ഇതിനൊപ്പം കൊലപാതകത്തിനായി ഉപയോഗിച്ച ആയുധങ്ങൾ കണ്ടെടുക്കാനും അന്വേഷണസംഘം ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ന്യൂടൗണിലെ ഒരു ഷോപ്പിങ് മാളിൽ ധാക്ക പൊലീസ് പരിശോധന നടത്തി. കൃത്യം നടത്താനായി പ്രതികൾ ഉപയോഗിച്ച കത്തിയും മറ്റു ആയുധങ്ങളും ഇവിടെനിന്നാണ് വാങ്ങിയതെന്ന സംശയത്തിലാണ് മാളിൽ പരിശോധന നടത്തിയത്.

അസീം അനാർ കൊലക്കേസിൽ ഷിലാസ്തി റഹ്‌മാൻ, അമാനുള്ള അമാൻ, ഫൈസൽ അലി എന്നിവരാണ് ബംഗ്ലാദേശിൽ പിടിയിലായിട്ടുള്ളത്. അസീം അനാറിന്റെ സുഹൃത്തായ അഖ്തറുസ്സമാൻ ആണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇതിനായി അഖ്തറുസ്സമാന്റെ കാമുകിയായ ഷിലാസ്തി റഹ്‌മാനെ ഉപയോഗിച്ച് അസീം അനാറിനെ ഹണിട്രാപ്പിൽ കുരുക്കുകയും തുടർന്ന് ഇദ്ദേഹത്തെ കൊൽക്കത്തയിലേക്ക് വിളിച്ചുവരുത്തുകയുമായിരുന്നു. പിന്നാലെ പ്രതികൾ ആസൂത്രണംചെയ്തതനുസരിച്ച് അസീമിനെ ന്യൂടൗണിലെ ഫ്ളാറ്റിലെത്തിച്ച് കൊലപ്പെടുത്തി. ശേഷം കശാപ്പുകാരനായ ജിഹാദിന്റെ സഹായത്തോടെ മൃതദേഹം വെട്ടിനുറുക്കി പലസ്ഥലങ്ങളിലായി ഉപേക്ഷിക്കുകയായിരുന്നു.

അതിനിടെ, ഇതിന് മുമ്പ് രണ്ടുതവണ പ്രതികൾ അസീമിനെ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഈ വർഷം ജനുവരി-മെയ്‌ കാലയളവിൽ മൂന്നുതവണയാണ് അസീം അനാർ ബംഗ്ലാദേശിൽനിന്ന് കൊൽക്കത്തയിലെത്തിയിരുന്നത്. ഈ മൂന്നുതവണയും പ്രതികൾ എംപി.യെ പിന്തുടർന്നിരുന്നതായാണ് പൊലീസിന്റെ കണ്ടെത്തൽ. ഇതിൽ മൂന്നാംതവണയാണ് പ്രതികൾ കൃത്യം നടപ്പാക്കിയത്.

ജനുവരി 19-ന് അസീം കൊൽക്കത്തയിൽ എത്തിയപ്പോൾ ഇതിന്റെ തലേദിവസം തന്നെ കേസിലെ മുഖ്യസൂത്രധാരനായ അഖ്തറുസ്സമാനും നഗരത്തിലുണ്ടായിരുന്നു. കേസിലെ പ്രതികളിലൊരാളായ അമാനും ഇതേദിവസം കൊൽക്കത്തയിലെത്തി. തുടർന്ന് ഇരുവരും ചേർന്ന് കൊലപാതകം ആസൂത്രണംചെയ്തു. രണ്ടുദിവസത്തിന് ശേഷം അഖ്തറുസ്സമാന്റെ കാമുകിയായ ഷിലാസ്തി റഹ്‌മാനും നഗരത്തിലെത്തി. എന്നാൽ, പ്രതികൾക്ക് അന്ന് കൃത്യം നടത്താനായില്ല. ജനുവരി 24-ന് അസീം അനാർ തിരികെ ബംഗ്ലാദേശിലേക്ക് മടങ്ങി. ഇതോടെ അഖ്തറുസ്സമാനും കാമുകിയും ജനുവരി 30-നും നാട്ടിലേക്ക് തിരിച്ചു. പിന്നീട് മാർച്ച് 18-നും അസീം അനാർ കൊൽക്കത്തയിൽ വന്നിരുന്നു. ഈ സമയത്തും പ്രതികൾ കൊലപാതകത്തിനുള്ള പദ്ധതി ആസൂത്രണംചെയ്തെങ്കിലും നടപ്പിലാക്കാനായില്ല.

കേസിലെ മുഖ്യപ്രതികളിലൊരാളായ ഷിലാസ്തി റഹ്‌മാനോടൊപ്പം മറ്റൊരു സ്ത്രീയും ബംഗ്ലാദേശിൽനിന്ന് കൊൽക്കത്തയിലേക്ക് യാത്രചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഷിലാസ്തി റഹ്‌മാൻ തിരികെ മടങ്ങിയപ്പോളും ഇവർ കൂടെയുണ്ടായിരുന്നതായും ബംഗ്ലാദേശ് പൊലീസ് പറയുന്നു. എന്നാൽ, ഇതുസംബന്ധിച്ച കൂടുതൽവിവരങ്ങൾ അന്വേഷണസംഘം വെളിപ്പെടുത്തിയിട്ടില്ല.