- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കാലവർഷം എത്തുംമുമ്പെ പേമാരിയിൽ മുങ്ങി കേരളം
തിരുവനന്തപുരം: കാലവർഷം എത്തുന്നതിന് മുമ്പെ കനത്ത മഴയിൽ വിറങ്ങലിച്ച് കേരളം. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വെള്ളമുയർന്നതോടെ ജനങ്ങൾ തീരാദുരിതത്തിലായി. വെള്ളക്കെട്ടും ഗതാഗത തടസ്സവും ജനജീവിതം സ്തംഭിപ്പിച്ചു. തിരുവനന്തപുരത്തും കൊച്ചിയിലും കനത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. കടകളിലും വീടുകളിലും വെള്ളം കയറി. കൊച്ചി കളമശ്ശേരിയിൽ വീണ്ടും വെള്ളക്കെട്ട് രൂക്ഷമായി. ഇവിടെ നിന്ന് ഫയർഫോഴ്‌സിന്റെ ഡിങ്കി ബോട്ടുകളിൽ ആളുകളെ ഒഴുപ്പിക്കുകയാണ്. ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്കാണ് മാറ്റുന്നത്.
തിരുവനന്തപുരം ജില്ലയിൽ എട്ട് ദുരിതാശ്വാസ ക്യാമ്പകൾ തുറന്നു. 17 കുടുംബങ്ങളിലെ 66 പേരാണ് ക്യാമ്പുകളിലുള്ളത്. തിരുവനന്തപുരം, വർക്കല, കാട്ടാക്കട താലൂക്കുകളിൽ രണ്ട് ക്യാമ്പുകൾ വീതവും നെയ്യാറ്റിൻകര, നെടുമങ്ങാട് താലൂക്കുകളിൽ ഓരോ ക്യാമ്പുകൾ വീതവും പ്രവർത്തിക്കുന്നുണ്ട്. തിരുവനന്തപുരം താലൂക്കിൽ ജി.എച്ച്.എസ്. കാലടി, നെടുമങ്ങാട് താലൂക്കിൽ തേമ്പാമൂട് അങ്കണവാടി, വർക്കല താലൂക്കിൽ മുട്ടള ജി.എൽ.പി.എസ്, കുളമുട്ടം ജി.എൽ.പി.എസ്, കാട്ടാക്കട താലൂക്കിൽ കാപ്പിക്കോട് പ്രാഥമിക ആരോഗ്യ കേന്ദ്രം, ഉഴമലയ്ക്കൽ പഞ്ചായത്ത് ബഡ്‌സ് സ്‌കൂൾ എന്നിവിടങ്ങളിലാണ് പുതിയ ക്യാമ്പുകൾ തുറന്നത്.
കൊച്ചിയിലും കനത്ത വെള്ളക്കെട്ടാണ്. ചൊവ്വാഴ്ചയുണ്ടായ മേഘവിസ്ഫോടനത്തെ തുടർന്ന് വലിയ വെള്ളപ്പൊക്കമുണ്ടായ ഇടങ്ങളിൽ ബുധനാഴ്ച വെള്ളം ഇറങ്ങിത്തുടങ്ങിയെങ്കിലും ഉച്ചയോടെ വീണ്ടും മഴ തുടങ്ങിയിട്ടുണ്ട്. കാക്കനാട് പടമുകളിൽ വീടിന്റെ മതിലിടിഞ്ഞ് വീണ് കാർ ചിറയിലേക്ക് വീണു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 83.7 മില്ലി മീറ്റർ ആണ് കൊച്ചിയിൽ കിട്ടിയ മഴയുടെ കണക്ക്. നിലവിൽ ജില്ലയിൽ ഓറഞ്ച് അലർട്ടാണ്. ഒരു ദുരിതാശ്വാസ ക്യാമ്പും തുറന്നിട്ടുണ്ട്.
അതേസമയം, കഴിഞ്ഞ ദിവസത്തെ മഴയിൽ ഇൻഫോപാർക്കും പരിസരപ്രദേശങ്ങളും വെള്ളക്കെട്ടിലായ സാഹചര്യത്തിൽ വെള്ളം ഒഴുകിപ്പോകുന്നതിനായി നിലവിലെ കലുങ്ക് പുനർനിർമ്മിക്കുന്നതിന് പ്രൊപ്പോസൽ സമർപ്പിക്കാൻ ജില്ലാ കളക്ടർ നിർദേശിച്ചു. കിൻഫ്ര, ഇൻഫോപാർക്ക് അധികൃതർ ഇതുസംബന്ധിച്ച പ്രൊപ്പോസൽ ഇറിഗേഷൻ, പൊതുമരാമത്ത് വകുപ്പുകൾക്ക് നൽകാനാണ് കളക്ടർ നിർദേശിച്ചത്. ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ അതിതീവ്രമഴയെത്തുടർന്നുണ്ടായ വെള്ളക്കെട്ടിനു പരിഹാരം കാണുന്നതിനു ചേർന്ന യോഗത്തിലാണു നിർദ്ദേശം.
തൃശ്ശൂരിലും അതിശക്തമായ മഴയാണ്. കഴിഞ്ഞ ദിവസത്തെ മഴയിൽ വെള്ളം കയറിയ അശ്വനി ആശുപത്രിയിലേക്ക് ബുധനാഴ്ച വീണ്ടും വെള്ളം കയറി. ഐ.സി.യുവിലേക്കടക്കം വെള്ളം കയറുന്ന സാഹചര്യമുണ്ടായി. ആശുപത്രിയുടെ മുൻവശത്തെ കാന നിറഞ്ഞതാണ് ആശുപത്രിയിലേക്ക് വെള്ളം കയറുന്നതിന് കാരണമായത്. വെള്ളക്കെട്ടിനെ തുടർന്ന് രോഗികളെ മാറ്റിയെങ്കിലും അഗ്‌നിരക്ഷാസേന ഉൾപ്പെടെ സ്ഥലത്തുണ്ട്.
അക്വാട്ടിക് ലൈനിലും വെള്ളം കയറി. കഴിഞ്ഞ ബുധനാഴ്ച പെയ്ത കനത്ത മഴയിൽ അശ്വിനി ആശുപത്രിയുടെ കാഷ്വാലിറ്റിയിൽ വെള്ളം കയറിയിരുന്നു. ഒരാഴ്ചയ്ക്കു ശേഷമാണ് വീണ്ടും ആശുപത്രിയിൽ വെള്ളം കയറിയത്. ആശുപത്രിയുടെ മുൻ ഭാഗവും റിസപ്ഷനും വെള്ളത്തിലായി. അരമണിക്കൂർ മഴ തോർന്നു നിന്നതോടെയാണ് വെള്ളം ഇറങ്ങിയത്. അക്വാട്ടിക് ലൈനിലെ പതിനഞ്ചോളം വീടുകളിലാണ് വെള്ളം കയറിയത്.
വെള്ളപൊക്കഭീതിയെ തുടർന്ന് പത്തനംതിട്ട തിരുവല്ല താലൂക്കിലെ തിരുമൂലപുരം, കവിയൂർ എന്നിവിടങ്ങളിൽ ഓരോ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. ആലപ്പുഴ ഹരിപ്പാട് മുട്ടത്ത് വെള്ളക്കെട്ടിൽ വീണ് വയോധികൻ മരിച്ചു. ചേപ്പാട് പറത്തറയിൽ ദിവാകരനാണ് മരിച്ചത്. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും കനത്ത മഴയിൽ വ്യാപക നാശമാണുണ്ടായത്. പലയിടത്തും വെള്ളക്കെട്ടും മണ്ണിടിച്ചിലുമുണ്ടായി.
നിർത്താതെ പെയ്ത മഴയിലാണ് തിരുവനന്തപുരവും കൊച്ചിയും വെള്ളക്കെട്ടിൽ മുങ്ങിയത്. കൊച്ചി കളമശ്ശേരിയിൽ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് അഗ്‌നിരക്ഷ സേന ആളുകളെ ഡിങ്കി ബോട്ടുകളിൽ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. തിരുവനന്തപുരത്ത് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ആമയിഴഞ്ചാൻ തോടും കിള്ളിയാറും കരകവിഞ്ഞൊഴുകുകയാണ്. പവർഹൗസ് റോഡിലും പഴവങ്ങാടിയിലും ചാലയിലെ കടകളിലും വെള്ളം കയറി.
കനത്ത മഴയെത്തുടർന്ന് അതിരപ്പിള്ളി ആനമല പാതയിൽ കൂറ്റൻ മുളങ്കാട് റോടിലേക്ക മറിഞ്ഞു വീണ് ഗതാഗത തടസ്സമുണ്ടായി. വിനോദ സഞ്ചാരികളടക്കം വഴിയിൽ കുടുങ്ങി. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലേ നീരൊഴുക്കും വർധിച്ചു.തൃശൂരിൽ കനത്ത മഴയ്ക്കിടെ ആംബുലൻസ് മറിഞ്ഞു. നടത്തറ ജങ്ഷനിൽ കാറിലിടിച്ചാണ് ആംബുലൻസ് മറിഞ്ഞത്. രോഗിയെ കയറ്റാൻ പോയ ആംബുലൻസാണ് മറിഞ്ഞത്. സംഭവത്തിൽ ആർക്കും പരിക്കില്ല.
പട്ടം, തേക്കും മൂട് , ഗൗരീശപട്ടം മേഖലയിൽ നൂറോളം വീടുകളിൽ വെള്ളം കയറി. വട്ടിയൂർക്കാവ്, തേക്കുംമൂട് തുടങ്ങിയ വിവിധയിടങ്ങളിൽ വെള്ളം കയറി. വെള്ളം കയറിയതിനെ തുടർന്ന് ആളുകൾ വീടൊഴിയുകയാണ്.കനത്തമഴയിൽ കൊച്ചി മൂലേപ്പാടത്ത് അമ്പതോളം വീടുകളിൽ വെള്ളം കയറി. കളമശ്ശേരി ഭാഗത്ത വീണ്ടും വെള്ളക്കെട്ടുണ്ടായി. ഇൻഫോ പാർക്കിൽ ഇന്നും വെള്ളം കയറി.