ബംഗ്ലൂരു: ഇന്ത്യൻ സ്വകാര്യ ബഹിരാകാശ സ്റ്റാർട്ട്അപ്പായ അഗ്‌നികുൽ കോസ്മോസിന്റെ ആദ്യ റോക്കറ്റ് വിക്ഷേപണം വിജയകരം. അഗ്‌നികുൽ വികസിപ്പിച്ച അഗ്‌നിബാൻ സോർട്ടെഡ് എന്ന റോക്കറ്റാണ് വിജയകരമായി വിക്ഷേപിച്ചത്. സെമിക്രയോജനിക് എഞ്ചിനാണ് റോക്കറ്റിന്. ഐഎസ്ആർഒ ഇതുവരെ സെമി-ക്രയോജനിക് എഞ്ചിൻ റോക്കറ്റ് പരീക്ഷിച്ചിട്ടില്ല.

സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് നേരത്തെ നാല് തവണ അഗ്‌നിബാൻ സോർട്ടഡ് റോക്കറ്റിന്റെ വിക്ഷേപണം മാറ്റിവെച്ചിരുന്നു. അഞ്ചാം വിക്ഷേപണ ശ്രമം പൂർണ്ണ വിജയമായി. 2017 ൽ എയറോസ്‌പേസ് എഞ്ചിനീയർമാരായ ശ്രീനാഥ് രവിചന്ദ്രനും. എസ്‌പിഎം മോയിനും ചേർന്നാണ് അഗ്നികുൽ കോസ്‌മോസിന് തുടക്കമിട്ടത്. ചെറിയ ചെലവിൽ ഉപഗ്രഹവിക്ഷേപണമാണ് അഗ്നികൂലിന്റെ ലക്ഷ്യം.

ഇന്ത്യയിലെ ഒരു സ്വകാര്യ കമ്പനി റോക്കറ്റ് വിക്ഷേപണം നടത്തുന്നത് ഇത് രണ്ടാം തവണയാണ്. ചെന്നൈ ആസ്ഥാനമായുള്ള ബഹിരാകാശ സ്റ്റാർട്ടപ്പാണ് അഗ്‌നികുൽ കോസ്‌മോസ്. വിക്ഷേപണ വിജയത്തിന് പിന്നാലെ ഐഎസ്ആർഒ ദൗത്യത്തെ അഭിനന്ദിച്ചു. വിക്ഷേപണത്തെ പ്രധാന നാഴികക്കല്ല് എന്നാണ് ഇസ്രോ വിശേഷിപ്പിച്ചത്.

രാവിലെ 7.15 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ നിലയത്തിലെ വിക്ഷേപണത്തറയിൽ നിന്നായിരുന്നു വിക്ഷേപണം. പൂർണമായും തദ്ദേശീയമായി വികസിപ്പിച്ച അഗ്‌നിബാൻ സബ് ഓർബിറ്റൽ ടെക്ക് ഡെമോൺസ്ട്രേറ്റർ ഒരു സ്റ്റേജ് മാത്രമുള്ള പരീക്ഷണ റോക്കറ്റാണ്. 575 കിലോഗ്രാം ഭാരവും 6.2 മീറ്റർ നീളവുമുള്ള റോക്കറ്റ് വിക്ഷേപണ ശേഷം ബംഗാൾ ഉൾക്കടലിൽ പതിച്ചു.

ലോകത്തിലെ ആദ്യത്തെ സിംഗിൾ പീസ് ത്രിഡി പ്രിന്റ്ഡ് സെമി ക്രയോജനിക് റോക്കറ്റ് എഞ്ചിനായിരുന്നു അഗ്‌നിലെറ്റ്. തദ്ദേശീയമായി വികസിപ്പിച്ച സബ്-കൂൾഡ് ലിക്വിഡ് ഒക്സിജൻ അടിസ്ഥാനമാക്കിയുള്ള പ്രൊപ്പൽഷൻ സിസ്റ്റമാണ് ഇതിലുള്ളത്. കെറോസിനും മെഡിക്കൽ ഗ്രേഡ് ലിക്വിഡ് ഓക്സിജനും അടങ്ങുന്ന ഏവിയേഷൻ ടർബൈൻ ഇന്ധനമാണ് റോക്കറ്റിൽ ഉപയോഗിച്ചത്.

ഐഎസ്ആർഒ ഇതുവരെ സെമിക്രയോജനിക് എഞ്ചിൻ റോക്കറ്റ് പരീക്ഷിച്ചിട്ടില്ലെങ്കിലും. ഒരു 2000 കിലോന്യൂട്ടൺസ് ത്രസ്റ്റ് സെമി-ക്രയോജനിക് എഞ്ചിൻ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ആദ്യ ഇഗ്‌നിഷൻ ടെസ്റ്റ് മെയ്‌ 2 ന് നടത്തിയിരുന്നു. 2017 ൽ എയറോസ്പേസ് എഞ്ചിനീയർമാരായ ശ്രീനാഥ് രവിചന്ദ്രനും. എസ്‌പിഎം മോയിനും ചേർന്നാണ് അഗ്‌നികുൽ കോസ്മോസിന് തുടക്കമിട്ടത്.

6.2 മീറ്റർ ഉയരമാണ് റോക്കറ്റിന്. ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ എഥർനെറ്റ് അധിഷ്ഠിത ഏവിയോമിക് ആർകിടെക്ചറും പൂർണമായും തദ്ദേശീയമായി വികസിപ്പിച്ച ഓട്ടോപൈലറ്റ് സോഫ്റ്റ് വെയറും ഉപയോഗിച്ചാണ് ഇതിന്റെ നിർമ്മിതി. സബ് കൂൾഡ് ലിക്വിഡ് ഓക്‌സിജനും ഏവിയേഷൻ ടർബൈൻ ഫ്യൂവലും ഇന്ധനമായി ഉപയോഗിക്കുന്ന റോക്കറ്റിൽ നാല് കാർബൺ കോമ്പോസിറ്റ് ഫിനുകൾ സ്ഥാപിച്ചിരുന്നു.

ചെറു ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്ന റോക്കറ്റുകൾ വികസിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ആഗോളതലത്തിൽ അത്തരം റോക്കറ്റുകൾക്ക് ആവശ്യക്കാരുണ്ട്. വിക്ഷേപണ വിജയം അഗ്‌നിബാൻ റോക്കറ്റ് സാങ്കേതിക വിദ്യ പരിഷ്‌കരിക്കുന്നതിന് സഹായകമായ വിവരങ്ങൾ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.