കൊച്ചി: സർക്കാർ ഭൂമി കൈയേറി നിർമ്മിച്ച ആരാധനാലയങ്ങൾ പൊളിച്ച് നീക്കണമെന്ന് ഹൈക്കോടതി. പൊതുസ്ഥലങ്ങളിൽ ഉൾപ്പെടെ അനുമതിയില്ലാതെ നിർമ്മിച്ച ആരാധനാലങ്ങൾ പൊളിച്ച് മാറ്റാനാണ് നിർദ്ദേശം. പ്ലാന്റേഷൻ കോർപറേഷൻ സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്. ജസ്റ്റീസ് പി.വി.കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. അനധികൃത ആരാധനാലയങ്ങൾ പൊളിച്ചു നീക്കിയാൽ ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്ന സർക്കാർ നിലപാട് അംഗീകരിക്കാനാകില്ലെന്ന് കോടതി വിശദീകരിച്ചു.

ചന്ദപ്പള്ളിയിലെ എസ്റ്റേറ്റിനുള്ളിൽ ക്ഷേത്രങ്ങൾ പോലെ ചില നിർമ്മിതികൾ ഉണ്ടെന്ന് കാട്ടിയാണ് പ്ലാന്റേഷൻ കോർപറേഷൻ കോടതിയെ സമീപിച്ചത്. ഇത് നീക്കം ചെയ്യാൻ പൊലീസിനോടും വനംവകുപ്പിനോടും ആവശ്യപ്പെട്ടിട്ടും ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്ന് പറഞ്ഞ് അവർ ഇടപെട്ടില്ലെന്ന് കാട്ടിയായിരുന്നു ഹർജി. സർക്കാർ ഭൂമി കൈയേറി നിർമ്മിച്ചത് ഏത് മതത്തിന്റെ ആരാധനാലയമാണെങ്കിലും നിയമവിരുദ്ധമാണ്. ഇത്തരം നിർമ്മിതികൾ കണ്ടെത്താൻ ചീഫ് സെക്രട്ടറി ഉത്തരവിറക്കണമെന്നും കോടതി നിർദ്ദേശിച്ചു.

അടുത്ത ആറ് മാസത്തിനുള്ളിൽ ഇത്തരം നിർമ്മിതികളുടെ പട്ടിക തയാറാക്കണം. ഒരു വർഷത്തിനുള്ളിൽ ഇവ പൊളിച്ച് നീക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കണമെന്നും കോടതി ഉത്തരവിട്ടു. സർക്കാർ സ്വീകരിച്ച നടപടികൾ ചീഫ് സെക്രട്ടറി കോടതിയെ അറിയിക്കണം. ഒരു മതത്തിനും സർക്കാർ ഭൂമി കൈയേറി ആരാധന നടത്താൻ അനുമതി നൽകേണ്ടതില്ല. ഈശ്വരൻ തൂണിലും തുരുമ്പിലും ഉണ്ടെന്നാണ് വിശ്വാസമെന്നും കോടതി പറഞ്ഞു.