തിരുവനന്തപുരം: വിവേകാനന്ദപ്പാറയിൽ ധ്യാനമിരിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കന്യാകുമാരിയിൽ എത്തി. ഗസ്റ്റ് ഹൗസിൽ വിശ്രമത്തിന് ശേഷം ദേവീ ക്ഷേത്രത്തിൽ ദർശനം നടത്തുന്ന പ്രധാനമന്ത്രി ബോട്ട് മാർഗം വിവേകാനന്ദ പാറയിലേക്ക് പോകും. തുടർന്ന് അദ്ദേഹം ഇവിടെ ധ്യാനമിരിക്കും.

നിശ്ചയിച്ചതിനേക്കാൾ ഒരു മണിക്കൂർ വൈകിയാണ് പ്രധാമന്ത്രി തിരുവനന്തപുരത്ത് വ്യോമസേനയുടെ ടെക്‌നിക്കൽ ഏരിയയിൽ വിമാനമിറങ്ങിയത്. അനുകൂല കാലാവസ്ഥയായതിനാൽ വ്യോമസേന ഹെലികോപ്പ്റ്ററിൽ അദ്ദേഹം കന്യാകുമാരിയിലേക്ക് പുറപ്പെടുകയായിരുന്നു.

മറ്റ് രണ്ട് ഹെലികോപ്റ്ററുകൾ അദ്ദേഹത്തെ അനുഗമിച്ചു. പ്രതികൂല കാലാവസ്ഥയാണെങ്കിൽ റോഡ് മാർഗം പോകാനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിരുന്നു. മൂന്ന് ദിവസം പ്രധാനമന്ത്രി കന്യാകുമാരിയിൽ തുടരും.

മൂന്നരയോടെ പ്രധാനമന്ത്രിയുമായി തിരുവനന്തപുരത്ത് എത്തേണ്ടിയിരുന്ന വ്യോമസേനയുടെ വിമാനം മോശം കാലാവസ്ഥയെ തുടർന്ന് വൈകിയാണ് വന്നത്. പ്രധാനമന്ത്രി തിരുവള്ളൂർ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് വിവേകാനന്ദപ്പാറയിലേക്ക് എത്തുക.

ലോക്‌സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് രണ്ടുമാസത്തിലേറെ നീണ്ടുനിന്ന പ്രചാരണ റാലികളിൽ പങ്കെടുത്ത ശേഷമാണ് പ്രധാനമന്ത്രി കന്യാകുമാരിയിൽ എത്തുന്നത്. ഇവിടെ ദീർഘനേരം അദ്ദേഹം ധ്യാനമിരിക്കുമെന്നാണ് വിവരം.

പൊതുതെരഞ്ഞെടുപ്പ് അതിന്റെ അവസാന ഘട്ടത്തിൽ എത്തിനിൽക്കുകയാണ്. ജൂൺ ഒന്നിന് ഏഴാം ഘട്ട വോട്ടെടുപ്പ് നടക്കും. ഇന്നത്തോടെ പരസ്യപ്രചാരണം അവസാനിച്ചിരുന്നു. ഈയവസരത്തിലാണ് പ്രധാനമന്ത്രി കന്യാകുമാരിയിലേക്ക് എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. ജൂൺ നാലിന് വോട്ടെണ്ണൽ നടക്കും. മൂന്നാം തവണയും എൻഡിഎ സർക്കാർ അധികാരത്തിൽ വരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

ലോക്‌സഭാ വോട്ടെടുപ്പിന്റെ അവസാനഘട്ടം മറ്റന്നാൾ നടക്കാനിരിക്കെയാണ്, പ്രചാരണം പൂർത്തിയാകുന്ന ഇന്നു വൈകിട്ട് വിവേകാനന്ദ സ്മാരകത്തിൽ മോദി ധ്യാനത്തിൽ പ്രവേശിക്കുക.

ആദ്യം തൊട്ടടുത്തുള്ള ഭഗവതി അമ്മൻ ക്ഷേത്രത്തിൽ ദർശനം. പിന്നീട് ബോട്ടിൽ വിവേകാനന്ദപ്പാറയിലെ സ്മാരകത്തിലേക്ക്. സ്വാമി വിവേകാനന്ദൻ ധ്യാനിച്ച അതേയിടത്ത് വൈകിട്ടു മുതൽ മറ്റന്നാൾ ഉച്ചകഴിഞ്ഞു വരെ മോദി ധ്യാനം തുടരും. പിന്നീട് 3.25ന് കന്യാകുമാരിയിൽനിന്നു തിരിച്ച് 4.05ന് തിരുവനന്തപുരത്തത്തി 4.10ന് ഡൽഹിക്കു മടങ്ങും. 8 ജില്ലാ പൊലീസ് മേധാവികളടക്കം നാലായിരത്തോളം പൊലീസുകാരെയാണ് കന്യാകുമാരി തീരത്തും കടലിലുമായി വിന്യസിച്ചിട്ടുള്ളത്.

എതിർപ്പുമായി കോൺഗ്രസ്

മോദി കന്യാകുമാരിയിൽ നടത്തുന്ന ധ്യാനം 'പരോക്ഷ പ്രചാരണ'മാണെന്നും തടയണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് തിരഞ്ഞെടുപ്പു കമ്മിഷനു പരാതി നൽകിയെങ്കിലും, വിലക്കാനാകില്ലെന്നാണ് അവരുടെ നിലപാട്. ധ്യാനം പ്രചാരണമായി കാണാനാകില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ചൂണ്ടിക്കാട്ടി. മൗനവ്രതം നടത്തുന്നതു പ്രശ്‌നമല്ലെന്നും പക്ഷേ, ഏഴാം ഘട്ടം തിരഞ്ഞെടുപ്പിന്റെ നിശ്ശബ്ദ പ്രചാരണ സമയത്ത് വാർത്തകളിൽ നിറഞ്ഞുനിൽക്കാനുള്ള തന്ത്രമാണിതെന്നുമാണ് കോൺഗ്രസ് പ്രതിനിധിസംഘത്തെ നയിച്ച അഭിഷേക് മനു സിങ്വിയുടെ വാദം. മോദിയുടെ ധ്യാനം തടയുന്നില്ലെങ്കിൽ തമിഴ്‌നാട്ടിലെ കോൺഗ്രസ് എംപിമാരും എംഎൽഎമാരും കന്യാകുമാരിയിൽ അതേ സമയം ധ്യാനം നടത്തുമെന്ന് തമിഴ്‌നാട് കോൺഗ്രസ് കമ്മിറ്റി പ്രഖ്യാപിച്ചു.