ലണ്ടൻ: ലണ്ടനിലെ ഹാക്ക്‌നിയിൽ അജ്ഞാതനായ അക്രമിയുടെ വെടിവെപ്പിൽ ഗുരുതരമായി പരിക്കേറ്റ മലയാളി പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുന്നു. അക്രമികൾ ലക്ഷ്യമിട്ടത് പെൺകുട്ടിക്ക് ഒപ്പം വെടിയേറ്റ മൂന്ന് പുരുഷന്മാരെയെന്ന് ലണ്ടൻ പൊലീസ് അറിയിച്ചു. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്. മലയാളി പെൺകുട്ടിയുടെ നിലയും ഗുരുതരമാണ്. വെന്റിലേറ്ററിൽ കഴിയുന്ന പെൺകുട്ടിക്ക് ശസ്ത്രക്രിയ വേണമെന്നാണ് വിവരം.

അക്രമികളുടെ ലക്ഷ്യം പെൺകുട്ടിക്ക് ഒപ്പം വെടിയേറ്റ മറ്റ് മൂന്ന് പുരുഷന്മാരായിരുന്നുവെന്നാണ് വിവരം. പെൺകുട്ട ഇരയായെന്ന് ലണ്ടൻ പൊലീസ് പറയുന്നു. പെൺകുട്ടിയും വെടിയേറ്റ മറ്റുള്ളവരുമായി ഒരു പരിചയവും ഇല്ലെന്നും അക്രമികൾ എത്തിയത് മോഷ്ടിച്ച ബൈക്കിലാണെന്നും പൊലീസ് വ്യക്തമാക്കി. ഈ ബൈക്ക് വെടിവയ്‌പ്പ് നടന്നതിന് തൊട്ടടുത്ത് നിന്ന് തന്നെ കണ്ടെത്തി. അക്രമികളെപ്പറ്റി എന്തെങ്കിലും വിവരം അറിയുന്നവർ പൊലീസുമായി ബന്ധപ്പെടണം എന്ന് അറിയിപ്പ് പുറപ്പെുവിച്ചിട്ടുണ്ട്.

എറണാകുളം വടക്കൻ പറവൂർ ഗോതുരുത്ത് സ്വദേശി ലിസൽ മരിയക്ക് നേരെയാണ് അജ്ഞാതൻ വെടിയുതിർത്തത്. എറണാകുളം ഗോതുരുത്ത് ആനത്താഴത്ത് വീട്ടിൽ വിനയ, അജീഷ് പോൾ ദമ്പതികളുടെ മകളാണ് ലിസൽ മരിയ. ഈ കുടുംബം വർഷങ്ങളായി ഇംഗ്ലണ്ടിലെ ബർമിങ്ഹാമിലാണ് താമസം. ഇന്നലെ രാത്രി അച്ഛനും അമ്മയ്ക്കുമൊപ്പം ലണ്ടനിലെ ഹക്‌നിയിലെ ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കുമ്പോഴായിരുന്നു ബൈക്കിലെത്തിയ അജ്ഞാതൻ വെടിയുതിർത്തത്.

ലിസ്സൽ അടക്കം നാല് പേർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഇവരിൽ ലിസ്സലിന്റെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്. ആക്രമണത്തിന് ശേഷം പ്രതി രക്ഷപ്പെട്ടു. പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പരിക്കേറ്റ മറ്റുള്ളവരും ആശുപത്രിയിൽ ചികിത്സയിലാണ്.

കഴിഞ്ഞ ദിവസം പ്രാദേശിക സമയം രാത്രി 9.30ന് ആണ് ലണ്ടൻ മഹാനഗരത്തെയും മലയാളികളേയും ഞെട്ടിക്കുന്ന സംഭവമുണ്ടായത്. പെൺകുട്ടിയുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണെന്നാണ് ലണ്ടൻ പൊലീസും ആശുപത്രി അധികൃതരും അറിയിച്ചത്.വടക്ക് കിഴക്കൻ ലണ്ടനിലെ ഡാൾട്ടൺ കിങ്സ്ലാൻഡ് ഹൈ സ്ട്രീറ്റിലെ റസ്റ്റാറന്റിൽ ഭക്ഷണം കഴിക്കുമ്പോഴാണ് ആക്രമണമുണ്ടായത്.

ബൈക്കിൽ എത്തിയ സംഘം ഹോട്ടലിനോട് ചേർന്ന ജനലിന് നേരേ വെടിയുതിർക്കുകയായിരുന്നു. കുട്ടിയുടെ തലയിൽ നെറ്റിയോട് ചേർന്ന് ആഴത്തിൽ മുറിവുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ ശസ്ത്രക്രിയക്ക് വിധേയമാക്കിയെങ്കിലും വെടിയുണ്ട പുറത്തെടുക്കാനായിട്ടില്ല.

ഒരു ബൈക്കിൽ എത്തിയ അക്രമി ഭക്ഷണം കഴിക്കുന്നവരുടെ നേർക്ക് വെടിയുതിർക്കുകയായിരുന്നു. തുടർന്ന് ഇയാൾ വാഹനം അതിവേഗത്തിൽ ഓടിച്ച് കടന്ന് കളയുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റവരെ ഈസ്റ്റ് ലണ്ടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കിങ്സ്ലാൻഡ് ഹൈ സ്ട്രീറ്റിൽ പൊലീസ് ശക്തമായ കാവൽ ഏർപ്പെടുത്തിയിരിക്കുകയാണ്.

ഫോറൻസിക് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്ത് എത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.അക്രമിയെ ഇനിയും പിടികൂടിയിട്ടില്ല. ഇയാൾക്കായി പൊലീസ് വ്യാപകമായി തിരച്ചിൽ നടത്തുന്നുണ്ട്. അക്രമിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ബന്ധപ്പെടേണ്ട നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ പൊലീസ് ഒരുക്കിയിട്ടുണ്ട്.

സംഭവ സ്ഥലത്ത് ഉടനടി പൊലീസ് എത്തി തിരച്ചിൽ നടത്തിയെങ്കിലും പ്രതിയെ പിടിക്കാനായിട്ടില്ല. തോക്ക് വിദഗ്ദ്ധർ ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥരും ലണ്ടൻ ആംബുലൻസ് സർവീസുകാരും സംഭവസ്ഥലത്ത് പരിശോധന നടത്തിയെന്ന് മെട്രോപൊളിറ്റൻ പൊലീസ് അറിയിച്ചു