കന്യാകുമാരി: കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിൽ 45 മണിക്കൂർ നീണ്ട ഏകാന്ത ധ്യാനം ആരംഭിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാമി വിവേകാനന്ദൻ ധ്യാനിച്ച അതേയിടത്ത് വൈകിട്ടു മുതൽ മറ്റന്നാൾ ഉച്ചകഴിഞ്ഞു വരെ മോദി ധ്യാനം തുടരും. പൊതു തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്ന മറ്റന്നാൾ ഉച്ചകഴിഞ്ഞ് അദ്ദേഹം മടങ്ങും.

പ്രധാനമന്ത്രിയുടെ വരവോടെ കന്യാകുമാരിയിൽ കനത്ത സുരക്ഷയും നിയന്ത്രണങ്ങളുമുണ്ട്. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് രണ്ട് ഹെലികോപ്റ്ററുകളുടെ അകമ്പടിയോടെയാണ് പ്രധാനമന്ത്രി കന്യാകുമാരിയിൽ എത്തിയത്.

വ്യോമസേനാ വിമാനത്തിൽ തിരുവനന്തപുരത്ത് ഇറങ്ങിയ പ്രധാനമന്ത്രി അവിടെനിന്നാണു ധ്യാനത്തിനായി കന്യാകുമാരിയിലേക്ക് തിരിച്ചത്. വിമാനത്താവളത്തിൽനിന്ന് ഹെലികോപ്റ്ററിലായിരുന്നു യാത്ര. ലോക്‌സഭാ വോട്ടെടുപ്പിന്റെ അവസാനഘട്ടം ജൂൺ ഒന്നിനു നടക്കാനിരിക്കെയാണ്, പ്രചാരണം പൂർത്തിയായ വ്യാഴാഴ്ച വൈകിട്ട് വിവേകാനന്ദ സ്മാരകത്തിൽ മോദി ധ്യാനം തുടങ്ങിയത്.

നിശ്ചയിച്ചതിലും അരമണിക്കൂറിലധികം വൈകിയായിരുന്നു യാത്ര. സർക്കാർ ഗസ്റ്റ് ഹൗസിൽ വിശ്രമിച്ച ശേഷം, ആറുമണിയോടെ കന്യാകുമാരി ദേവി ക്ഷേത്രത്തിൽ ദർശനം നടത്തി. ക്ഷേത്രം ഭാരവാഹികൾ ദേവിയുടെ ചിത്രം പ്രധാനമന്ത്രിക്ക് സമ്മാനിച്ചു. അവിടെ നിന്ന് നേരെ ബോട്ടുജെട്ടിയിൽ എത്തിയ അദ്ദേഹം സുരക്ഷാ വലയത്തിൽ വിവേകാനന്ദപ്പാറയിലേക്ക് യാത്ര തിരിച്ചു. വെള്ള വസ്ത്രം ധരിച്ചാണ് മണ്ഡപത്തിലേക്ക് പ്രധാനമന്ത്രി എത്തിയത്. വിവേകാനന്ദ പ്രതിമയിൽ ആദരം അർപ്പിച്ചു.

രണ്ടു ദിവസമായി ആകെ 45 മണിക്കൂർ നേരമാണ് വിവേകാനന്ദപ്പാറയിൽ പ്രധാനമന്ത്രി ധ്യാനത്തിലിരിക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് ഇന്നലെ മുതൽ കന്യാകുമാരിയിൽ കനത്ത സുരക്ഷയുണ്ട്. വിവേകാനന്ദപ്പാറയിലേക്ക് മറ്റന്നാൾ വരെ സഞ്ചാരികൾക്ക് പ്രവേശനമില്ല. ദേവീക്ഷേത്രത്തിലും ഇന്ന് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു. രാജ്യത്തിന്റെ തെക്കേയറ്റത്ത്, മഹാസമുദ്രങ്ങളുടെ സംഗമ കേന്ദ്രത്തിൽ പ്രധാനമന്ത്രിയുടെ ധ്യാനം കേവലം ആത്മീയ സമർപ്പണം മാത്രമല്ല, രാഷ്ട്രീയ ലക്ഷ്യം കൂടിയുള്ളതെന്ന് വ്യക്തമാണ്.

ഉച്ചകഴിഞ്ഞ് 4.20ന് തിരുവനന്തപുരം വിമാനത്താവളത്തിൽ വ്യോമസേനയുടെ വിമാനത്തിലെത്തിയ പ്രധാനമന്ത്രി, ഹെലികോപ്റ്ററിൽ 4.55ന് കന്യാകുമാരിയിലെ തമിഴ്‌നാട് സർക്കാർ ഗെസ്റ്റ് ഹൗസിലെ ഹെലിപാഡിൽ ഇറങ്ങി. ആദ്യം തൊട്ടടുത്തുള്ള ഭഗവതി അമ്മൻ ക്ഷേത്രത്തിൽ ദർശനം. പിന്നീട് ബോട്ടിൽ വിവേകാനന്ദപ്പാറയിലെ സ്മാരകത്തിലേക്ക് എത്തിയത്.

പിന്നീട് 3.25ന് കന്യാകുമാരിയിൽനിന്നു തിരിച്ച് 4.05ന് തിരുവനന്തപുരത്തത്തി 4.10ന് ഡൽഹിക്കു മടങ്ങും. 8 ജില്ലാ പൊലീസ് മേധാവികളടക്കം നാലായിരത്തോളം പൊലീസുകാരെയാണ് കന്യാകുമാരി തീരത്തും കടലിലുമായി വിന്യസിച്ചിട്ടുള്ളത്.

മോദി കന്യാകുമാരിയിൽ നടത്തുന്ന ധ്യാനം 'പരോക്ഷ പ്രചാരണം' ആണെന്നും തടയണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് തിരഞ്ഞെടുപ്പു കമ്മിഷനു പരാതി നൽകിയെങ്കിലും, വിലക്കാനാകില്ലെന്നാണ് അവരുടെ നിലപാട്. ധ്യാനം പ്രചാരണമായി കാണാനാകില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ചൂണ്ടിക്കാട്ടി. മൗനവ്രതം നടത്തുന്നതു പ്രശ്‌നമല്ലെന്നും പക്ഷേ, ഏഴാം ഘട്ടം തിരഞ്ഞെടുപ്പിന്റെ നിശ്ശബ്ദ പ്രചാരണ സമയത്ത് വാർത്തകളിൽ നിറഞ്ഞുനിൽക്കാനുള്ള തന്ത്രമാണിതെന്നുമാണ് കോൺഗ്രസിന്റെ അഭിപ്രായം.