ലണ്ടൻ: ലണ്ടനിലെ ഹാക്കനിയിൽ വെടിവെപ്പിൽ പരിക്കേറ്റത് മലയാളിയായ പത്തുവയസ്സുകാരിയടക്കം നാലുപേർക്കാണ്. പറവൂർ ഗോതുരുത്ത് സ്വദേശികളായ ആനത്താഴത്ത് അജീഷ്- വിനയ ദമ്പതികളുടെ മകൾ ലിസേൽ മരിയക്ക് വെടിവെപ്പിൽ ഗുരുതര പരിക്കേറ്റിരുന്നു. പത്തുവയസ്സുകാരിയുടെ തലയ്ക്കാണ് വെടിയേറ്റയത്. കുട്ടിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയെങ്കിലും വെടിയുണ്ട പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ല. റസ്റ്റോറന്റിലുണ്ടായ വെടിവെപ്പിൽ ലക്ഷ്യം തെറ്റിയാണ് കുട്ടിക്ക് വെടിയേറ്റതെന്നാണ് വിവരം.

ഡൽസ്റ്റണിലെ കിങ്സ്ലൻഡ് ഹൈസ്ട്രീറ്റിലെ റസ്റ്റോറന്റിൽ കുടുംബത്തോടൊപ്പം ഭക്ഷണംകഴിക്കുകയായിരുന്നു കുട്ടി. 26, 37, 42 വയസ്സുള്ള യുവാക്കളാണ് പരിക്കേറ്റ മറ്റുള്ളവർ. കുട്ടിക്ക് പുറമേ, പരിക്കേറ്റ മറ്റൊരാളുടേയും നില ഗുരുതരമാണ്. വെടിയേറ്റവർക്കും വെടിവെച്ചയാൾക്കും പരസ്പരം പരിചയമില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സംഭവസമയത്ത് പരിസരത്ത് ഉണ്ടായിരുന്നവരോട് തങ്ങൾക്കറിയാവുന്ന വിവരങ്ങൾ പങ്കുവെക്കാനും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.

മോഷ്ടിച്ച ബൈക്കിലെത്തിയ ഒരു അക്രമി, ഡാൾസ്റ്റണിലെ ഒരു ടർക്കിഷ് റെസ്റ്റോറന്റിന് നേരെ വെടിയുതിർക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നു. കിങ്‌സ്ലാൻഡ് ഹൈ സ്ട്രീറ്റിലുള്ള എവിൻസിന് സമീപത്തേക്ക് അക്രമി വരുന്ന ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ദൃശ്യം മെയിൽ ഓൺലൈൻ ആണ് പുറത്തു വിട്ടിരിക്കുന്നത്. റെസ്റ്റോറന്റിന് അടുത്തെത്തിയ അക്രമി, നിറത്തോക്ക് പുറത്തെടുത്ത്, അകത്ത് ഭക്ഷണം കഴിച്ചിരിക്കുന്നവരെ ലക്ഷ്യമാക്കി ആറു തവണ വെടിയുതിർക്കുന്നതും ദൃശ്യത്തിൽ കാണാം. അടുത്തു കൂടി പോകുന്ന ഒരു സൈക്കിൾ യാത്രക്കാരൻ അക്രമിയെ ഞെട്ടലോടെ നോക്കുന്നതും ദൃശ്യത്തിലുണ്ട്.

വെടിയുതിർത്തതിനു ശേഷം അക്രമി അതിവേഗം രക്ഷപ്പെടുകയായിരുന്നു. മൂന്ന് തുർക്കി വംശജർക്ക് ഈ ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇവരായിരുന്നു അക്രമിയുടെ ലക്ഷ്യം എന്നാണ് കരുതുന്നത്. ഇതിനിടയിൽ പെട്ട് വെടി കൊണ്ട ഒരു പെൺകുട്ടിയുടെ നില അതീവ ഗുരുതരമാണെന്നും റിപ്പോർട്ടിൽ പറയുന്നു. തന്റെ കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കാൻ എത്തിയ ഈ പെൺകുട്ടി ഇരുന്ന മേശയുടെ മുന്നിലായിരുന്നു അക്രമി ഉന്നം വെച്ച മൂന്നു പേരും ഇരുന്നിരുന്നത്. ഈ വെടികൊണ്ട പെൺകുട്ടി മലയാളിയാണ്. അതീവ ഗുരുതരാവസ്ഥയിലാണ് ഈ കുട്ടി.

സംഭവത്തെ കടുത്ത ഭാഷയിൽ അപലപിച്ച ലണ്ടൻ മേയർ സാദിഖ് ഖാൻ, ഇതിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് താൻ പൊലീസുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും പറഞ്ഞു. ഉത്തരവാദികളെ നിയമത്തിന് മുൻപിൽ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. പെൺകുട്ടി വെടിയേറ്റ് ഗുരുതര നിലയിൽ ആശുപത്രിയിലാണെന്ന് പറഞ്ഞ പൊലീസ്, മറ്റു മൂന്ന് പേരിൽ രണ്ടു പേരുടെ നില ഗുരുതരമല്ലെന്നും അറിയിച്ചു. മൂന്നാമൻ ഗുരുതര നിലയിലാണ്. പെൺകുട്ടി ഈ മൂന്ന് പേർക്ക് ഒപ്പമായിരുന്നില്ല എന്നും, അവർ ഇരുന്ന മേശയുടെ പുറകിലെ മേശയിൽ ഇരിക്കുകയായിരുന്നു എന്നാണ് ഹോട്ടൽ ഉടമ പറയുന്നത്.

മാതാപിതാക്കൾക്കും മറ്റ് രണ്ട് കുട്ടികൾക്കുമൊപ്പമായിരുന്നു വെടിയേറ്റ പെൺകുട്ടി റെസ്റ്റോറന്റിൽ എത്തിയത്. കുട്ടിക്ക് വെടിയേറ്റയുടൻ സ്തംബദയായ അമ്മയുടെ ബോധം അല്പനേരത്തേക്ക് നാഷ്ടപ്പെടുകയും ചെയ്തു. പ്രാഥമിക ശുശ്രൂഷ നൽകി രക്തമോഴുക്ക് തടയാൻ ശ്രമിച്ച റെസ്റ്റോറന്റ് ഉടമ തന്നെയായിരുന്നു ആംബുലൻസ് വിളിച്ചതും. കൂടെയുണ്ടായിരുന്ന കുട്ടികളും ഭയന്ന് നിലവിളിച്ചു. മനസാന്നിദ്ധ്യം കൈവിടാതെ കുട്ടിയുടെ പിതാവ് എല്ലാവരേയും ശാന്തരാക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു എന്നും റെസ്റ്റോറന്റ് ഉടമ പറഞ്ഞു.

വെടിയേറ്റവർ തുർക്കി ഭാഷയിലായിരുന്നു സംസാരിച്ചതെന്നും ഉടമ പറഞ്ഞു. വലിയ തിരക്കുള്ള സമയത്തായിരുന്നു സംഭവം നടന്നത്. വെടിയൊച്ച കേട്ട് ഭക്ഷണം കഴിക്കാനെത്തിയവരിൽ ഏറെയും പേർ മേശകൾക്ക് അടിയിലേക്ക് കയറി. തീർത്തും ഭയപ്പെടുത്തുന്ന അനുഭവം എന്നാണ് അവരിൽ ഒരാൾ മാധ്യമങ്ങളോട് പറഞ്ഞത്. മയക്കു മരുന്ന് സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയായിരിക്കാം വെടിവെയ്പിന് കാരണം എന്നാണ് പേരുവെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു പരിസരവാസി പറഞ്ഞത്.