ലണ്ടൻ: ലണ്ടനിലെ ഹാക്‌നി റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാൻ എത്തിയ മലയാളി കുടുംബം പ്രദേശത്തെ കുപ്രസിദ്ധ ഗുണ്ടാ സംഘത്തിന്റെ കുടിപ്പകയ്ക്ക് ഇരയായ ഞെട്ടൽ യുകെ മലയാളികൾക്ക് ഇനിയും മാറിയിട്ടില്ല. എറണാകുളം ജില്ലയിലെ വടക്കൻ പറവൂർ സ്വദേശികളായ കുടുംബം യുകെയിൽ എത്തിയിട്ട് അധികം കാലം ആയിട്ടില്ല എന്ന് കുടുംബ സുഹൃത്തുക്കൾ സ്ഥിരീകരിച്ചു. തുടക്കത്തിൽ കുഞ്ഞിന്റെ മാതാപിതാക്കൾക്കും അക്രമത്തിൽ പരുക്കേറ്റു എന്ന മട്ടിൽ പ്രചാരം ഉണ്ടായെങ്കിലും പതിവ് പോലെ അതെല്ലാം കിംവദന്തികൾ ആണെന്ന സ്ഥിരീകരണം പിന്നീട് ഉണ്ടായി.

പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ മണ്ഡലം ആയതിനാൽ അദ്ദേഹവും ഇന്നലെ വിവരം ലഭ്യമാകാൻ സാധ്യതയുള്ള ഇടങ്ങളിൽ ബന്ധപ്പെട്ടിരുന്നു. എന്നാൽ യുകെയിലെ രീതി അനുസരിച്ച് ഔദ്യോഗിക കാര്യങ്ങൾ കുടുംബത്തെ പൊലീസും ബന്ധപ്പെട്ടവരും നേരിട്ട് അറിയിക്കും എന്നതിനാൽ ആശങ്ക വേണ്ടെന്ന മറുപടിയാണ് പ്രതിപക്ഷ നേതാവിന് അടക്കം ബന്ധപ്പെട്ടവർക്ക് നൽകിയിട്ടുള്ളത്.

കുഞ്ഞിന് ലഭിക്കുന്നത് മികച്ച സുരക്ഷയും സംരക്ഷണവും

കുഞ്ഞിന്റെ ആരോഗ്യ സ്ഥിതി വീണ്ടെടുക്കാൻ വിദഗ്ധ ഡോക്ടർമാർ രാപ്പകൽ അധ്വാനിക്കുക ആണെന്നാണ് ലഭ്യമാകുന്ന വിവരം. ലണ്ടനിലെ കുഞ്ഞുങ്ങൾക്ക് വേണ്ട പ്രസിദ്ധമായ ആശുപത്രിയിലാണ് കുട്ടിക്ക് വിദഗ്ധ ചികിത്സ നൽകുന്നത്. കുട്ടിയുടെ മാതാപിതാക്കളുടെ സുഹൃത്തുക്കളും മറ്റും ചികിത്സാ പുരോഗതി അറിയാനും മാതാപിതാക്കളെ സമാശ്വസിപ്പിക്കാനും ഉള്ള ശ്രമത്തിലാണ്. അനേകം മലയാളി ആരോഗ്യ പ്രവർത്തകർ ഉള്ള ആശുപത്രി ആയതിനാൽ കുഞ്ഞിന്റെ രോഗനിലയെ കുറിച്ച് ഉത്കണ്ഠാകുലരായ ആളുകൾ ബന്ധപ്പെടുന്നത് നിരുത്സാഹപ്പെടുത്താൻ ആണ് ആശുപത്രിയുടെ പേര് പോലും വാർത്തയിൽ നിന്നും ഒഴിവാക്കുന്നത്. കുഞ്ഞിനെ പ്രവേശിപ്പിച്ച ആശുപത്രിയിലും പൊലീസ് കാവലുണ്ട്.

ബിർമിൻഹാമിൽ ഐ ടി രംഗത്ത് ജോലി ചെയ്യുന്ന കുടുംബത്തിന് സാധ്യമായ സഹായങ്ങൾ ചെയ്യാനാകുമോ എന്ന ശ്രമമാണ് യുകെയിലെയും നാട്ടിലെയും സുഹൃത്തുക്കൾ മുൻകൈ എടുത്തു ചെയ്യുന്നത്. ഇതിനായി വാട്സാപ്പ് ഗ്രൂപ് രൂപീകരിച്ചാണ് കൂട്ടായ ശ്രമം ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. ആഴ്ചകൾക്ക് മുൻപ് പിറന്നാൾ ആഘോഷിച്ച മിടുക്കി കുട്ടിക്ക് ഒരാഴ്ചത്തെ സ്‌കൂൾ അവധിക്കാലത്തു വന്നു പെട്ട ദുരവസ്ഥയിൽ വേദനയോടെ പ്രാർത്ഥനയുമായി കഴിയുകയാണ് നാട്ടിൽ മുത്തശ്ശിയും മറ്റു ബന്ധുക്കളും. യുകെയിൽ നിന്നും ഒരു വിവരവും അറിയാൻ കഴിയുന്നില്ലല്ലോ എന്ന സങ്കടമാണ് ഇന്നലെ അവർ പങ്കിട്ടതും. ലച്ചൂസ് എന്ന് സ്നേഹത്തോടെ വീട്ടുകാർ വിളിക്കുന്ന കുട്ടി എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന പ്രാർത്ഥനയിലാണ് നാടെങ്ങും.

ഹാക്‌നിയിൽ ഗുണ്ടകൾ അഴിഞ്ഞാടുന്നത് നിത്യസംഭവം, തോക്കിന് ഇരയായത് കുഞ്ഞുങ്ങൾ അടക്കം അനേകം പേർ, മലയാളി യുവാവിന് വെടിയേറ്റത് മൂന്നു വർഷം മുൻപ്

മലയാളി കുഞ്ഞിനെ ഗുരുതരാവസ്ഥയിൽ എത്തിച്ച ഹാക്‌നി വെടിവയ്‌പ്പ് ആ നഗര പ്രദേശത്തിന് പുതുമയുള്ള സംഭവമല്ല. മലയാളികളും മറ്റും കഴിവതും ആ പ്രദേശത്തു വൈകുന്നേരമായാൽ ഷോപ്പിങ്ങും മറ്റും ഒഴിവാക്കുകയാണ് പതിവെന്ന് തൊട്ടടുത്ത മലയാളി സാന്നിധ്യം ഏറെയുള്ള ഈസ്റ്റ് ഹാമിൽ താമസിക്കുന്നവർ പറയുന്നു. പതിമൂന്നു വർഷം മുൻപ് ഇപ്പോൾ പരുക്കേറ്റ കുട്ടിയുടെ സമാന പ്രായമുള്ള മറ്റൊരു കുഞ്ഞു ഗുണ്ടാ സംഘങ്ങളുടെ വെടിയേറ്റ് കൊലപ്പെട്ടതോടെയാണ് ഹാക്‌നിക്ക് കുപ്രസിദ്ധി കൈവന്നത്. കഴിഞ്ഞ ഏതാനും വർഷത്തിനിടയിൽ മാത്രം അരഡസനോളം ആളുകൾ ഇവിടെ തോക്കിന് ഇരയായിട്ടുണ്ട്

നേരത്തെ സാധാരണക്കാരായ ആളുകൾ താമസിച്ചിരുന്ന ഇവിടെ അടുത്തകാലത്തായി ഒട്ടേറെ ധനികർ എത്തിയിട്ടുണ്ട്. ഇതോടെ വീട് വിലയും ഉയർന്നു. എന്നാൽ ഇതുമൂലം കുറ്റകൃത്യങ്ങൾ കുറഞ്ഞേക്കും എന്ന ധാരണ അട്ടിമറിച്ചു ഗുണ്ടാ സംഘങ്ങൾ കൂടുതൽ സജീവമായിരിക്കുകയാണ്. ഇന്നലെ ഉണ്ടായ വെടിവയ്‌പ്പിൽ നിസ്സഹായയായ ഒരു കുട്ടിക്ക് ജീവന്മരണ പോരാട്ടം നടത്തുന്ന വിധത്തിൽ ആശുപത്രിയിൽ കഴിയുന്ന അവസ്ഥ ഉണ്ടായതിനെ അതിരൂക്ഷമായാണ് ബ്രിട്ടീഷ് മാധ്യമങ്ങൾ വിമർശിക്കുന്നത്.

ടെലിഗ്രാഫ് കോളമിസ്റ്റായ ജൂഡിത് വൂഡിനെ പോലെയുള്ള മുതിർന്ന എഴുത്തുകാർ ഹാക്നിയുടെ സാമ്പത്തിക സാമൂഹ്യ അവസ്ഥകൾ വിശകലനം ചെയ്തു കുറ്റകൃത്യങ്ങൾ തടയുന്നതിൽ പ്രാദേശിക കൗൺസിലും മെട്രോപൊളിറ്റൻ പൊലീസും പരാജയപ്പെടുകയാണ് എന്ന വിമർശം ഉയർത്തിയിരിക്കുകയാണ. പൊലീസിൽ സംഭവിച്ച വെട്ടിക്കുറവ് ഹാക്‌നി പോലെയുള്ള സ്ഥലങ്ങളെ ഗുണ്ടാവിഹാര കേന്ദ്രമാക്കിയിരിക്കുകയാണ് എന്നാണ് പൊതു വിമർശം.

മൂന്നു വർഷം മുൻപ് സമാന സാഹചര്യത്തിൽ ഹാക്നിയിൽ നിന്നും അഞ്ചു മൈൽ ദൂരെയുള്ള സമീപ പ്രദേശമായ ഫോറസ്റ്റ് ഗേറ്റിൽ മലയാളി യുവാവിന് ആളുമാറി വെടിയേറ്റിരുന്നു. സന്ധ്യയോടെ മുടി വെട്ടാൻ ബാർബർ ഷോപ്പിൽ എത്തിയ യുവാവിന് ആണ് ഗാങ് വാർ എന്ന കുപ്രസിദ്ധമായ ഗുണ്ടാ വിളയാട്ടത്തിൽ വെടിയേറ്റത്. അന്ന് ഏതാനും ദിവസം ആശുപത്രിയിൽ കഴിയേണ്ടി വന്നെങ്കിലും യുവാവ് അത്ഭുതകരമായി ജീവിതത്തിലേക്ക് മടങ്ങി എത്തുക ആയിരുന്നു.

ഹോട്ടൽ വെടിവയ്‌പ്പിൽ ജീവൻ രക്ഷിച്ചത് കസേരയ്ക്കടിയിൽ ഒളിച്ചതിനെ തുടർന്ന്, അക്രമി ഇരുളിൽ തന്നെ

ഹാക്‌നി റസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാൻ എത്തിയവർക്ക് നേരെ തീവ്രവാദ ശൈലിയിൽ ബൈക്കിൽ പാഞ്ഞെത്തിയവർ വെടി ഉതിർത്തപ്പോൾ പലരും ജീവൻ രക്ഷിച്ചത് കസേരകളും മേശകളും തീർത്ത സംരക്ഷണ വലയത്തിൽ. വെടി ശബ്ദം കേട്ടതോടെ മിക്കവരും മേശക്കടിയിലേക്ക് ഊളിയിടുക ആയിരുന്നു. എന്നാൽ എന്താണ് സംഭവിക്കുന്നത് എന്ന് പോലും മനസിലാകും മുൻപേ മലയാളി കുഞ്ഞിന് തലക്ക് വെടി ഏൽക്കുക ആയിരുന്നു.

ഉടൻ ആശുപത്രിയിൽ എത്തിച്ച കുഞ്ഞിന് രക്തസമ്മർദം അടക്കമുള്ള ഘടകങ്ങൾ നിയന്ത്രണ വിധേയമാക്കുമ്പോൾ തുടർ ശസ്ത്രക്രിയ നടക്കും എന്നാണ് ലഭ്യമാകുന്ന വിവരം. അതേസമയം പൊലീസിനോട് പോലും ഹോട്ടലിൽ ദൃക്‌സാക്ഷികൾ ആയിരുന്നവർ വിവരം വെളിപ്പെടുത്താൻ മടിക്കുകയാണ്. മാധ്യമങ്ങൾക്ക് വിവരം കൈമാറിയ ആരും തന്നെ പേര് വെളിപ്പെടുത്താൻ തയ്യാറായിട്ടില്ല.

ഗുണ്ടാ സംഘങ്ങളെ പ്രദേശ വാസികൾ അത്രമേൽ ഭയപ്പെടുന്നു എന്നതാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. നൊടിയിടയിൽ ആറു വെടിയുണ്ടകളാണ് അക്രമികൾ ഉപയോഗിച്ചത്. രാത്രി ഒമ്പതേകാലോടെയാണ് സംഭവം നടന്നത്. അതിവേഗം പൊലീസ് എത്തിയെങ്കിലും അക്രമി അതിനകം രക്ഷപ്പെട്ടിരുന്നു. ഇന്നലെ പകൽ മുഴുവൻ നഗര റോഡുകൾ അടച്ചു പൊലീസ് ഫോറൻസിക് പരിശോധനകൾ നടത്തിയെങ്കിലും വൈകിട്ടു വരെ അക്രമിയെ കണ്ടെത്തിയതായി പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.

റെസ്റ്റോറന്റ് സ്ഥിതി ചെയ്യുന്ന വഴിയിലെ കടകളെല്ലാം ഇന്നലെ അടഞ്ഞു കിടക്കുക ആയിരുന്നു. വെടിവെപ്പിനെ തുടർന്ന് റെസ്റ്റോറന്റിൽ എത്തിയവർ കഴിച്ച ഭക്ഷണവും ഒഴിഞ്ഞ മദ്യക്കുപ്പികളും ഒക്കെ ചിതറികിടക്കുന്ന കാഴ്ച ഭയാനകം ആയിരുന്നു എന്നാണ് ദൃക്‌സാക്ഷികളെ ഉദ്ധരിച്ചു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.